തകർന്നുകിടക്കുന്ന ചെന്നടുക്കം-മുള്ളങ്കല്ല് റോഡ്.
ഭീമനടി: ചെന്നടുക്കം ഭാഗത്തുനിന്ന് പഞ്ചായത്ത് ആസ്ഥാനമായ ഭീമനടിയിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗമായ ചെന്നടുക്കം-മുള്ളങ്കല്ല് റോഡിന്റെ നവീകരണം നീളുന്നു. ആറു കോടി രൂപ ചെലവഴിച്ച് കാലിക്കടവിൽ ചൈത്രവാഹിനി പുഴയ്ക്കു കുറുകെ പുതിയ പാലവും മുള്ളങ്കല്ല് മുതൽ കാലിക്കടവ് വരെ അനുബന്ധ റോഡും നിർമിച്ചിട്ടും ചെന്നടുക്കം ഭാഗത്തുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്.
15 വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡ് ഇപ്പോൾ പൂർണമായും തകർന്നുകിടക്കുകയാണ്. ടാറിട്ടതിന്റെ അവശേഷിച്ച ഭാഗങ്ങളും ഇളകിയ കരിങ്കല്ലുകളും കുഴികളുമൊക്കെയായി കിടക്കുന്ന വഴിയിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും അഞ്ചു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് മാങ്ങോട് വഴിയാണ് ഈ ഭാഗത്തുള്ളവർ ഭീമനടിയിലെത്തുന്നത്.
റോഡിന്റെ അറ്റകുറ്റപണികൾക്കായി 10 ലക്ഷം രൂപയുടെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെന്നും മഴ മാറിയാൽ ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും വെസ്റ്റ് എളേരി പഞ്ചായത്ത് അധികൃതർ പറയുന്നു.
Tags :