സ്വർണമാല ഇന്ദുവിന് കൈമാറുന്നു.
കോഴിക്കോട്: വഴിയിൽ നിന്ന് കിട്ടിയ ആറ് പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ദമ്പതികൾ. പുതിയങ്ങാടി പടിഞ്ഞാറെ വട്ടക്കണ്ടി വികാസ് ഭവനിൽ സന്ദീപ് കുമാറും ഭാര്യ വിനീതയുമാണ് സത്യസന്ധതയിലൂടെ നാടിന്റെ പ്രശംസ പിടിച്ചുപറ്റിയത്.
ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് വെസ്റ്റ് ഹിൽ ചുങ്കത്ത് റോഡിൽ സ്വർണമാല വീണുകിടക്കുന്നത് സന്ദീപിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഭാര്യ വിനീതയെയും കൂട്ടി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. റോഡിൽനിന്ന് ലഭിച്ച സ്വർണമാലയാണെന്ന് അറിയിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറി.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സ്വർണമാല വെസ്റ്റ് ഹിൽ ചുങ്കത്തുള്ള കെഎസ്എഫ്ഇ ജീവനക്കാരിയും എടക്കാട് സ്വദേശിനിയുമായ ഇന്ദുവിന്റേതാണെന്ന സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ദുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സന്ദീപും ഭാര്യ വിനീതയും മക്കളായ കൃഷ്ണനന്ദ, വിഷ്ണു എന്നിവരും ചേർന്നാണ് സ്വർണമാല ഇന്ദുവിന് കൈമാറിയത്.