ജില്ലാ സ്കൂള്‍ കലോത്സവം ലോഗോ.
കല്‍പ്പറ്റ: 45-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവം 23 മുതല്‍ 26 വരെ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഇതിന്റെ ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികളായ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി. അബ്ദുള്‍ ജലീല്‍, എം. നാസര്‍, സഫ്വാന് വെള്ളമുണ്ട, ഇ. മുസ്തഫ, അന്‍വര്‍ ഗൗസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലോത്സവത്തില്‍ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകള്‍ എട്ട് വേദികളില്‍ 94 സ്റ്റേജ് ഇതരം ഉള്‍പ്പടെ 317 ഇനങ്ങളില്‍ മാറ്റുരയ്ക്കും. വിധികര്‍ത്താക്കളായി ജില്ലയ്ക്ക് പുറത്തുള്ള 150 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പൂക്കോട്, കാന്തന്‍പാറ, എടക്കല്‍, ബാണാസുര, കാരാപ്പുഴ, കുറുവ, ചെമ്പ്ര, സൂചിപ്പാറ എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കുന്നത്. ആറ് വേദികള്‍ ഡബ്ല്യുഎംഒ കാമ്പസിലും രണ്ട് വേദികള്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലുമാണ് സജ്ജമാക്കിയത്.
23ന് രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് പതാക ഉയര്‍ത്തുന്നത്തോടെ മേളയ്ക്ക് തുടക്കമാകും. സ്റ്റേജ് ഇതര വിഭാഗത്തില്‍ മത്സരം അന്ന് പൂര്‍ത്തിയാകും. 24ന് വൈകുന്നേരം നാലിന് മേള ഉദ്ഘാടനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിക്കും.സിനിമാതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയാകും. 26ന് വൈകുന്നേരം സമാപനസമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘധാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി മുഖ്യാതിഥിയാകും. കലോത്സവ നടത്തിപ്പിന് 13 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. മുന്നൂറോളം വോളന്റിയര്‍മാര്‍ നഗരിയില്‍ ഉണ്ടാകും. ഒരേസമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഭോജനശാലയാണ് സജ്ജമാക്കുന്നത്.
ശുചിത്വ മിഷന്റെയും മുട്ടില്‍ പഞ്ചായത്ത് ഹരിതകര്‍മസേനയുടെയും സേവനം നഗരിയില്‍ ഉണ്ടാകും. ഹരിതചട്ടം പാലിച്ചാണ് കലോത്സവ നടത്തിപ്പ്. മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുന്നവര്‍ക്ക് വ്യക്തിഗത ട്രോഫി നല്‍കും. ഒപ്പന മത്സര വിജയികള്‍ക്ക് നിസാര്‍ വയനാട്, ഹിപ്സ് റഹ്മാന് എന്നിവരുടെ സ്മരണാര്‍ഥമുള്ള ട്രോഫികള്‍ സമ്മാനിക്കും. ഇതിനുമുമ്പ് 2008ലാണ് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വേദിയായത്. കലോത്സവം വിളംബരം ചെയ്ത് ഇന്നലെ വൈകുന്നേരം മുട്ടില്‍ ടൗണില്‍നിന്ന് കലോത്സവ നഗരിയിലേക്ക് വിളംബര ജാഥ നടന്നു. വെള്ളമുണ്ടയിലെ കലാകാരന് നിസാറാണ് കലോത്സവ ലോഗോ രൂപകല്പന ചെയ്തത്.
Tags : Revenue District School Arts Festival Nattuvishesham DistrictNews begin on the 23rd