കൂരാച്ചുണ്ട് ടൗണിലെ ഹൈസ്കൂൾ റോഡിന് സമീപം വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗം.
കൂരാച്ചുണ്ട്: റോഡ് നവീകരണ പ്രവർത്തി നടക്കുന്ന കൂരാച്ചുണ്ട് - ബാലുശേരി റോഡിലെ കൂരാച്ചുണ്ട് ടൗൺ ഹൈസ്ക്കൂൾ റോഡിന് സമീപം വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗത്ത് ഓവുചാലും കലുങ്കും പ്രവർത്തിയിൽ ഉൾപ്പെടുത്താത്തതിൽ വ്യാപക പ്രതിഷേധം.
കോഴിക്കോടിനുള്ള പ്രധാന റോഡാണിത്. ഒരു മഴ പെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. ഈ വിഷയം സംബന്ധിച്ച് പിഡബ്ല്യുഡി അധികൃതർക്ക് വിവരം നൽകിയിട്ടും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഈ ഭാഗത്ത് മുമ്പുണ്ടായിരുന്ന കലുങ്ക് മണ്ണിടിഞ്ഞ് നശിച്ചുപോയ നിലയിലാണ്.ഈ സാഹചര്യത്തിൽ ഹൈസ്കൂൾ റോഡ് മുതൽ കോൺവെന്റ് വരെയുള്ള ഭാഗത്ത്
ഓവുചാൽ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കയറ്റമുള്ള ഭാഗമായതിനാൽ മഴക്കാലത്ത് വെള്ളം ടൗണിന്റെ പ്രധാന ഭാഗത്തു തന്നെയാണ് കെട്ടിക്കിടക്കുന്നത്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
റോഡിന് ആവശ്യമായ ഓവുചാൽ നിർമിച്ച് വെള്ളക്കെട്ട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് വി.എസ്. സോണറ്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി. അരുൺ, മേഖല സെക്രട്ടറി ജസ്റ്റിൻ ജോൺ, സി.പി. നന്ദകിഷോർ എന്നിവർ പ്രസംഗിച്ചു.
Tags : Road Renovation drainage NattuVishesham DistrictNews