പുന്നമടയിൽ നിരനിരയായി കിടക്കുന്ന ഹൗസ്ബോട്ടുകൾ.
ആലപ്പുഴ: പാചകവാതക ക്ഷാമവും മാലിന്യസംസ്കരണ പ്രശ്നങ്ങളും മൂലം ആടിയുലയുകയാണ് ജില്ലയുടെ കായൽ ടൂറിസം മേഖല. ഭക്ഷണം ഉൾപ്പെടെയാണ് ഹൗസ്ബോട്ട് വിനോദസഞ്ചാരത്തിൽ നൽകുന്നത്. പാചകവാതക പ്രതിസന്ധി മൂലം ഹൗസ് ബോട്ടുകളിലെ പാചകം പ്രതിസന്ധിയിലായി. മാലിന്യസംസ്കരണ നിയമങ്ങൾ കർശനമാക്കിയതോടെ കായൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഉയർന്ന അന്തരീക്ഷ താപനില സഞ്ചാരികളുടെ വരവിനെയും ബാധിച്ചു.
സ്കൂൾ അവധിക്കാലമായ ഏപ്രിൽ-മേയ് മാസങ്ങൾ പൊതുവേ ഹൗസ് ബോട്ട് യാത്രകൾക്ക് കൂടുതൽ ബുക്കിംഗ് ലഭിക്കുന്ന സമയമാണ്. എന്നാൽ, ഇത്തവണ സീസൺ ഉണർന്നിട്ടേയില്ലെന്നാണ് ഹൗസ് ബോട്ട് മേഖലയിലുള്ളവർ പറയുന്നത്. തമിഴ്നാട്ടിൽനിന്നുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ സംഘങ്ങൾ ഏപ്രിൽ ആദ്യവാരം ജില്ലയിലെത്തിയിരുന്നു.
പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് കടന്നതോടെ തമിഴ്നാട്ടുകാരും എത്താതെയായി. താപനില ഉയർന്നതോടെ സഞ്ചാരികളിൽ കൂടുതലും കുട്ടനാടിനെ ഉപേക്ഷിച്ച് ഹൈറേഞ്ച് പ്രദേശങ്ങളിലേക്കുള്ള യാത്രകളാണ് തെരഞ്ഞെടുക്കുന്നത്.
അതിനിടെ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റുമില്ലാത്ത ഹൗസ്ബോട്ടുകൾക്കെതിരേ നടപടി കടുപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കായലിലെ മലിനീകരണം നിയന്ത്രിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തുറമുഖവകുപ്പ് പോലീസിന്റെ സഹായത്തോടെ പരിശോധന കർശനമാക്കുന്നത്.
അടുക്കളയിൽനിന്ന് പുറന്തള്ളുന്ന വെള്ളംപോലും കായലിൽ വീഴാൻ പാടില്ല. ഈ വെള്ളം ടാങ്കിൽ ശേഖരിച്ച് ശുദ്ധീകരിച്ചു വേണം കായലിലേക്ക് ഒഴുക്കാൻ. നിലവിൽ ഒരു ബോട്ടിൽപോലും ഈ സംവിധാനമില്ല. ഇത് സജ്ജീകരിക്കാൻ ചുരുങ്ങിയത് 1,75,000 രൂപ ചെലവുവരും.
ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർ ബ്ലോക്കിൽ വാങ്ങി നൽകിയ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കക്കൂസ് മാലിന്യസംസ്കരണ പ്ലാന്റ് പ്രളയത്തിൽ കേടായിയിട്ട് ഇതുവരെ നന്നാക്കിയിട്ടില്ല. ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ആനത്തറവെളിയിൽ ആരംഭിച്ച കക്കൂസ് മാലിന്യസംസ്കരണ പ്ലാന്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഹൗസ്ബോട്ടുകളിൽനിന്നുള്ള മാലിന്യം ലോറികളിൽ ശേഖരിച്ച് എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെത്തിച്ചാണ് ഇപ്പോൾ സംസ്കരിക്കുന്നത്.
ട്രിപ്പ് കായലിൽ,
പാചകം കരയിൽ
ഹൗസ് ബോട്ടുകളിലെ യാത്രക്കാർക്കുള്ള ഭക്ഷണം ബോട്ടിനുള്ളിൽ തന്നെ തയാറാക്കുന്നതായിരുന്നു പതിവ്. എന്നാൽ, ഗ്യാസ് സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ബോട്ടിനുള്ളിൽ പാചകം നടത്താനാകാത്ത അവസ്ഥയായി. ഇതോടെ യാത്രക്കാർ കായലിൽ ട്രിപ്പ് നടത്തുന്ന സമയം ജീവനക്കാർ കരയിൽ വിറകടുപ്പിൽ പാചകം നടത്തും.
ആകെയുള്ള നാല് ജീവനക്കാരിൽ രണ്ടു പേർ സഞ്ചാരികൾക്കൊപ്പം ബോട്ടിൽ തുടരും. മറ്റ് രണ്ടു പേരാണ് പാചകം ചെയ്യുക. 1800 രൂപയ്ക്ക് ഒരു കുറ്റി ഗ്യാസ് സിലിണ്ടർ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഒരു കുറ്റിക്ക് മൂവായിരം രൂപ വരെ മുടക്കേണ്ടിവരുന്നുണ്ട്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് തന്നിട്ടുള്ളത്. മാലിന്യ സംസ്കരണത്തിന് അടിസ്ഥാനസൗകര്യമില്ലാതെ എങ്ങനെ ഈ ഉത്തരവ് പാലിക്കാനാകുമെന്നാണ് ബോട്ട് ഉടമകൾ ചോദിക്കുന്നത്