പ്രതീകാത്മക ചിത്രം
കൊല്ലം : സ്കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചിയും സാങ്കേതിക നൈപുണ്യവും സര്‍ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കൊല്ലം ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും പഠനോത്സവവുമായ എക്സോ ഫെസ്റ്റ് വ്യാഴാഴ്ച കോളജ് കാമ്പസില്‍ നടക്കും. എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെയും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെയും വിദ്യര്ഥികള്ക്കായാണ് മേള ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ എന്‍ജിനിയറിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂതന സാങ്കേതിക പ്രദര്‍ശനങ്ങള്‍. വിദ്യാര്‍ഥികളുടെ പ്രോജക്ട് അവതരണങ്ങള്‍, പ്രായോഗിക പരിശീലന ശില്പശാലകള് എന്നിവ സംഘടിപ്പിക്കും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗം ആധുനിക സാങ്കേതിക വിദ്യകളും വിദ്യാര്‍ഥികളുടെ പ്രോജക്ടുകളും അവതരിപ്പിക്കും. സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം നിര്‍മാണ സാങ്കേതിക വിദ്യകളും എന്‍ജിനിയറിംഗ് മാതൃകകളും പ്രദര്‍ശിപ്പിക്കും. ആര്‍ക്കിടെക്ചര്‍ വിഭാഗം കെട്ടിട മാതൃകകളും നൂതന വാസ്തുവിദ്യാ രൂപകല്പനകളും പരിചയപ്പെടുത്തും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം മൈക്രോ കണ്ട്രോളര് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ശില്പശാല സംഘടിപ്പിക്കും.
കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് വിഭാഗങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ അടിസ്ഥാന ഇന്റലിജന്‍സ് ടൂളുകളുടെയും നൂതന സാങ്കേതിക പ്രോജക്ടുകളുടെയും പ്രദര്‍ശനം ഒരുക്കും. അടിസ്ഥാന ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്ര ലോകത്തെ കൗതുകകരമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പരിചയപ്പെടുത്തുന്ന ബിയോണ്ട് ദ ഹൊറൈസണ്‍ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇന്‍ഫോസിസ് സ്പ്രിംഗ് ബോര്‍ഡ് മൂവിംഗ് ലാബിന്റെ സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പരിപാടിയും മേളയുടെ പ്രധാന ആകര്‍ഷണമാണ്.
സാങ്കേതിക മാതൃകകള്‍ നേരില്‍ കാണുന്നതിനൊപ്പം അധ്യാപകരുമായും എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുമായും സംവദിക്കാനും സാധിക്കും. ശാസ്ത്രീയ ചിന്ത, ഗവേഷണ താത്പര്യം, പ്രശ്നപരിഹാരശേഷി, നൂതന ആശയങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഭാവിയിലെ ഉന്നത വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതും ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കോളജ് മാനേജര്‍ ഫാ. ബെഞ്ചമിന്‍ പള്ളിയാടിയില്‍, പ്രിന്‍സിപ്പല്‍ ഡോ.എ.ആര്. അനില്‍, ഡീന്‍ പ്രഫ. എസ്. റോയി, പ്രഫ. ആര്. രാഹുല്‍, പിആര്‍ഒ ബിബി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോൺ : 9496328009, 8606719808.
Tags :