കോട്ടപ്പുറം കിഡ്സ് സംഘടിപ്പിച്ച സ്നേഹസ്പർശം-2026 സായംപ്രഭ സംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പറവൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) സംഘടിപ്പിച്ച സ്നേഹസ്പർശം 2026 സായംപ്രഭ സംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷനായി. മുതിർന്ന പൗരന്മാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായി സംഗമം മാറി.കോട്ടപ്പുറം രൂപതയിലെ 41 സായംപ്രഭ യൂണിറ്റുകളിലെ 1300ഓളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. സാബാസ് ഇഗ്നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ നഗരസഭാധ്യക്ഷ ഹണി പീതാംബരൻ മുഖ്യാതിഥിയായി. പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ജനങ്ങളുടെ പരിചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കക്കമാടൻ തുരുത്തിലെ ശ്രീകുരുംബ സനാതന ധർമ സേവാ കേന്ദ്രത്തിനും, മേത്തലയിലെ പോളിയോ ബാധിച്ച് തളർന്ന ജിജോയ്ക്കും മുഖ്യമന്ത്രി വീൽചെയറുകൾ കൈമാറി.
കിഡ്സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി, ഫാ. ജോയ് പീറ്റർ തട്ടകത്ത്, സെന്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. ഡോ. ഡൊമിനിക് പിൻഹീറോ, കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ വി.എം. ജോണി, ഷൈബി ജോസഫ്, പ്രിൻസി മാർട്ടിൻ, കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ പടമാട്ടുമ്മൽ,അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിവിൻ കളരിത്തറ എന്നിവർ സംസാരിച്ചു.
Tags : Sayamprabha Gathering Nattuvishesham DistrictNews