ജനറൽ ആശുപത്രിക്ക് പുതുതായി അനുവദിച്ച 108 അത്യാധുനിക ആംബുലൻസ് കെ.സി. വേണുഗോപാൽ എംപി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ആലപ്പുഴ: ജനറൽ ആശുപത്രിക്ക് പുതുതായി അനുവദിച്ച 108 അത്യാധുനിക ആംബുലൻസ് കെ.സി. വേണുഗോപാൽ എംപി ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത ചികിത്സാ സംവിധാനങ്ങളും അടിയന്തര ആരോഗ്യ സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ആംബുലൻസ് അനുവദിച്ചത്.
നിലവിൽ ആലപ്പുഴ ജില്ലയിൽ 18 ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്) ആംബുലൻസുകളാണ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. ഇതിനു പുറമേ അധികമായി ഒരു എ.എൽ.എസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്) ഐസിയു ആംബുലൻസും ഒരു നിയോനേറ്റൽ ആംബുലൻസും കൂടി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ജില്ലാ പ്രോഗ്രാം മാനേജരുടെ പ്രത്യേക നിർദേശപ്രകാരമാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐസിയു ആംബുലൻസ് ആലപ്പുഴ ജനറൽ ആശുപത്രിക്ക് ലഭ്യമാക്കിയത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും അപകടങ്ങളിൽപ്പെടുന്നവർക്കും സമയബന്ധിതമായി വിദഗ്ധ ചികിത്സയും അടിയന്തര വൈദ്യസഹായവും ഉറപ്പാക്കുന്നതിൽ പുതിയ ആംബുലൻസിന്റെ സേവനം ഏറെ പ്രയോജനകരമാകും. പൂർണമായും സൗജന്യമായ 108 അത്യാഹിത ആംബുലൻസ് സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ഈ നടപടി സഹായകമാകും.
ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, കൗൺസിലർമാരായ ജോഷി രാജ്, എം.കെ. നിസാർ, 108 ആംബുലൻസ് ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : 108 ambulance for Alappuzha General Hospital Nattuvishesham DistrictNews