കരിമണ്ണൂര്‍ ടൗണില്‍ കടത്തിണ്ണകളില്‍ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കള്‍.
കരിമണ്ണൂര്‍: ടൗണില്‍ തെരുവുനായശല്യം രൂക്ഷമായി. പഞ്ചായത്തില്‍ പരാതി പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ഭരണസമിതി ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. തെരുവുനായശല്യം മൂലം ഇരുചക്ര വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
ഇരുപതോളം തെരുവുനായ്ക്കള്‍ ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. കഴിഞ്ഞ ദിവസം ടൗണില്‍ കൂടി നടന്നുപോയ വീട്ടമ്മയെയും കുട്ടിയെയും നായ്ക്കള്‍ ഓടിച്ചതോടെ ഇവര്‍ വീണു പരിക്കേറ്റ സംഭവമുണ്ടായി. നിരവധി സ്കൂള്‍ കുട്ടികളാണ് ടൗണിലൂടെ സഞ്ചരിക്കുന്നത്. കുട്ടികളുടെ നേരേ നായ്ക്കള്‍ കൂട്ടമായി കുരച്ചുകൊണ്ട് ചാടുന്നത് നിത്യസംഭവമാണ്.
കടത്തിണ്ണകളിലാണ് ഇവ കൂട്ടമായി കിടക്കുന്നത്. കട തുറക്കാന്‍ ചെല്ലുമ്പോള്‍ വ്യാപാരികളെയും ഇവ ആക്രമിക്കാന്‍ ശ്രമിക്കുന്നു. നായ്ക്കളുടെ എണ്ണം വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിസംഗതയ്ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.
Tags : Nattuvishesham Local News Street dogs Karimannur Children scared