ചവറ: ബേബി ജോൺ മെമ്മോറിയൽ ടെക്നോളജി ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പുതിയതായി ആരംഭിക്കുന്ന എഐ ആൻഡ് റോബോട്ടിക്സ് കോഴ്സുകളുടെ ഉദ്ഘാടനം ചവറ എൻഎസ്എൻഎസ്എം ഐടിഐയിൽ സിനിമാതാരം മോഹൻലാൽ വിർച്വലായി നിർവഹിച്ചു.
നിർമിതബുദ്ധിയെന്ന് കേൾക്കുമ്പോൾ സാധാരണക്കാരനെ ആശങ്കപ്പെടുത്തുന്ന പല വാർത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേൾക്കുന്നുണ്ട്. എന്നാൽ, എഐയെ ഗുണകരമായി ഉപയോഗിച്ചാൽ മനുഷ്യരാശിയുടെ പുരോഗതിക്ക് അതുകൊണ്ടുണ്ടാകുന്ന നേട്ടം പ്രവചനാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. എഐ, റോബോട്ടിക്സ് മേഖലകളിൽ ലോകം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഗർഭസ്ഥ ശിശുവിനെ പോലും ശസ്ത്രക്രിയ ചെയ്ത് ഭേദപ്പെടുത്തുന്ന നിലയിലേക്ക് ആ മേഖല വളർന്നു കഴിഞ്ഞു. പാരമ്പരാഗത വിദ്യാഭ്യാസത്തിലുപരി, കാലാനുസൃതമായ നവ സാങ്കേതികതയുടെ പിൻബലത്തോടെയുള്ള നൈപുണ്യ വികസനത്തിൽ, തൊഴിൽ മന്ത്രിയായിരിക്കെ തന്നെ ഇടപെട്ട മന്ത്രിയാണ് ഷിബു ബേബി ജോണെന്ന് മോഹൻലാൽ ഓർമിച്ചു. അറിവ് നേടലല്ല, അത് പ്രയോഗിക്കാനുള്ള കഴിവ് നേടലാണ് പ്രധാനം. നമ്മുടെ യുവാക്കൾ പ്രതിസന്ധികളെ സധൈര്യം തരണം ചെയ്ത് എഐയുടെ വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നേറണമെന്നും, അതിനുള്ള പരിശീലനമാണ് ആധുനിക കാലത്തെ വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
വനം-വന്യജീവി, നൈപുണ്യ വികസന മന്ത്രി ഷിബു ബേബി ജോൺ അധ്യക്ഷനായി. ബിജെഎം ടെക്കിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് അനുയോജ്യമാകുന്ന രീതിയിൽ നവ കൗശൽ കേന്ദ്ര ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി അവയ്ക്കനുസൃതമായി അവരെ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : Mohanlal Nattuvishesham Districtnews