മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒലിവേലിച്ചിറയുടെ തെക്കേ ബണ്ട് തകര്‍ന്ന നിലയില്‍.
അങ്കമാലി: കഴിഞ്ഞ ദിവസം രാത്രിപെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഒലിവേലിച്ചിറയുടെ ബണ്ട് തകര്‍ന്നു. ഒലിവേലി വനപ്രദേശത്തുനിന്ന് കുതിച്ചെത്തിയ പെയ്ത്തുവെള്ളത്തിൽ ചിറയുടെ തെക്കേ ബണ്ടിന്റെ മധ്യഭാഗം തകരുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന പൂതംകുറ്റിപ്പാടം - എടലക്കാട് റോഡിന്റെ പുതുതായി നിര്‍മിച്ച കരിങ്കല്‍ക്കെട്ടുകളും മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു.
50 ഹെക്ടറോളം വരുന്ന വനപ്രദേശത്തെ മഴവെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തിയപ്പോള്‍ സമീപ പ്രദേശങ്ങളിലെ നിരവധി തോടുകളുടെ ബണ്ടുകളും ഒലിച്ചു പോയിട്ടുണ്ട്. വ്യാപകമായ കൃഷി നാശം മൂലം ഭീമമായ നഷ്ടമുണ്ടായെന്നും റിപ്പോർട്ടുണ്ട്.
Tags :