കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർ മേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലൂമിനാര ’26’ വിദ്യാഭ്യാസ കോൺക്ലേവ് ഉന്നതവ
കൊരട്ടി: സാങ്കേതികവിദ്യയിലും തൊഴിൽമേഖലയിലും സംഭവിക്കുന്ന അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിലും കാലോചിതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച ‘ലൂമിനാര ’26’ വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യ ത്തിൽ അക്കാദമിക മികവ് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരമുള്ള അന്തരീക്ഷം ഉണ്ടാകണം. ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നിർണായക പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാർ ആന്റണി പടിയറ സ്മാരക പ്രഭാഷണ പരമ്പരയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി ‘ഭാവി സജ്ജമായ കേരളത്തിനായി വിദ്യാഭ്യാസത്തെ പുനർനിർമിക്കുക’ എന്ന പ്രമേയത്തിലായിരുന്നു കോൺക്ലേവ്. എറണാകുളം - അങ്കമാലി അതിരൂപത സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ അംബാസഡറും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ പ്രഫ. ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ പരിഷ്കരണത്തിൽ തൊഴിൽക്ഷമതയ്ക്ക് മുൻഗണന നൽകണമെന്നും അക്കാദമിക പഠനത്തെ മാറുന്ന തൊഴിൽ മേഖലയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഇടപെടലുകളിലെ പുതിയ പ്രവണതകളും നിലവിലെ വിദ്യാഭ്യാസ സമീപനങ്ങൾ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ നയങ്ങൾ, അധ്യാപനരീതികൾ, അധ്യാപക പരിശീലനം, നിർമിതബുദ്ധിയുടെ സാധ്യതകൾ, ഗവേഷണം, സ്ഥാപനങ്ങളുടെ സ്വയംഭരണവും ഉത്തരവാദിത്തവും, തൊഴിൽക്ഷമത, വ്യവസായ - അക്കാദമിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ചകൾ നയിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു.
കാലിക്കട്ട് സർവകലാശാല രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ, ഡോ. പ്രവീണ കൊടോത്ത്, മദ്രാസ് ഐഐടി മുൻ പ്രഫ. ഡോ. എൽ.എസ്. ഗണേഷ്, ഡോ. സാം തോമസ്, ഡോ. ബിനോയ് ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്കു നേതൃത്വം നൽകുകയും ചെയ്തു. നൈപുണ്യ പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ കോൺക്ലേവ് കൺവീനറായും വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ഡിസ്റ്റോ കുഞ്ഞച്ചൻ, സെന്റർ ഫോർ റിസർച്ച് ഡയറക്ടർ ഫാ. ഡോ. ആന്റണി ജോസ് എന്നിവർ കോ - കൺവീനർമാരായും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Tags : The education system must also change NattuVishesham DistrictNews