സിവിൽ സ്റ്റേഷനിൽ നടത്തിയ മോക്ഡ്രിൽ.
പാലക്കാട്: ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, കേരള പൊലിസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ ഫയർ മോക്ഡ്രിൽ സംഘടിപ്പിച്ചു. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്.
തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ, കെട്ടിടത്തിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ വിലയിരുത്തുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽനിന്നുള്ള റോപ്പ് റെസ്ക്യൂ, സ്ട്രെച്ചർ റെസ്ക്യൂ, എമർജൻസി മെഡിക്കൽ ട്രയാജ്, പ്രഥമശുശ്രൂഷ എന്നിവയുൾപ്പെടെയുള്ള രക്ഷാപ്രവർത്തന രീതികളും പരിശീലനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
പരിശീലനത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ കെ. സുധീർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുന്ന രീതി നേരിട്ട് പ്രദർശിപ്പിച്ചു.
തീപിടിത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഫയർ എക്സ്റ്റിംഗ്വിഷർ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക സുരക്ഷാ നടപടികൾ എന്തൊക്കെയാണെന്നും ഇതിലൂടെ പരിചയപ്പെടുത്തി.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുൾ ലത്തീഫ്, ഡെപ്യൂട്ടി ഇൻസിഡന്റ് കമാൻഡർ ആൻഡ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം. രാമൻകുട്ടി, ഡിവൈഎസ്പി സന്തോഷ്കുമാർ, ഹുസൂർ ശിരസ്തദാർ പി. ഷാജി, ജൂനിയർ സൂപ്രണ്ട് വി. ഹരിപ്രസാദ്, ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, എൽഎസ്ജി ഡിഎം പ്ലാൻ കോ-ഓർഡിനേറ്റർ ആഷാ വി.കെ. മേനോൻ, ജില്ലാ ഫയർ ഓഫീസർ സി. ജ്യോതിഷ്കുമാർ, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ ഓഫീസർ ആർ. ഹിദേഷ് എന്നിവർ നേതൃത്വം നൽകിയ ഫയർ ആൻഡ് റെസ്ക്യൂ ആൻഡ് സിവിൽ ഡിഫൻസ് സംഘം എന്നിവർക്കൊപ്പം വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.