ഡിവൈൻ കെയർ സെന്റർ രജത ജൂബിലിയാഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമീപം.
ചാലക്കുടി: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കും സമൂഹത്തിന്റെ കരുതലും സ്നേഹവും ആവശ്യമുള്ളവർക്കുമായി കഴിഞ്ഞ 25 വർഷമായി നിശബ്ദമായി സേവനമനുഷ്ഠിക്കുന്ന ഡിവൈൻ കെയർ സെന്റർ സാഹോദര്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിശബ്ദ സാക്ഷ്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അഭിപ്രായപ്പെട്ടു. മേലൂർ ശാന്തിപുരത്ത് പ്രവർത്തിക്കുന്ന ഡിവൈൻ കെയർ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാൽനൂറ്റാണ്ടിന്റെ സേവനപാത പിന്നിടുന്ന മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തുപിടിച്ചും അവർക്ക് സ്നേഹവും പരിചരണവും പുനരധിവാസവും ഉറപ്പാക്കിയും സ്ഥാപനം നടത്തുന്ന സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് അധ്യക്ഷത വഹിച്ച സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർച്ച്ബിഷപ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.
പൊതുസമ്മേളനത്തിൽ ബെന്നി ബഹനാൻ എംപി, വിൻസെൻഷ്യൻ സഭയുടെ അസി. സുപ്പീരിയർ ജനറൽ ഫാ. മാത്യു പോത്താലിൽ, മേരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. അലക്സ് ചാലങ്ങാടി, ഫാ. മാത്യു നായ്ക്കാംപറമ്പിൽ, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ഗ്രാമപഞ്ചായത്ത് അംഗം എം.എസ്. ബിജു, ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. ഡോ. വർഗീസ് പാറപ്പുറം, ഫാ. മാത്യു തടത്തിൽ, ഫാ. ഡോ. ആന്റണി വടക്കേക്കര, സോഷ്യൽ ജസ്റ്റിസ് ജില്ലാ ഓഫീസർ കെ.ആർ. പ്രദീപ്, ഫാ. മാർട്ടിൻ പാലാട്ടി എന്നിവർ പ്രസംഗിച്ചു.
Tags : Divine Care Center: A Silent Testimony of Compassion NattuVishesham DistrictNews