ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ.
തിരുവമ്പാടി : കല്ലുരുട്ടി പൂവത്തേരിച്ചാലിൽ അരുൺ–ഷാൽമി ദമ്പതികളുടെ ഒരേ പ്രസവത്തിൽ ജനിച്ച ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നീ മൂന്ന് കുരുന്നുകളുടെ ജീവൻ നിലനിർത്താൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്.
ചലനശേഷിയെയും ദൈനംദിന പ്രവർത്തനങ്ങളെയും ജീവനെത്തന്നെയും ഗുരുതരമായി ബാധിക്കുന്ന അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ്പ്-2 ആണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്.
രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിനും അത്യാധുനിക ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാ നടപടികൾ അനിവാര്യമാണ്. അത്യന്തം ചെലവേറിയ ജീൻ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്കായി 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്.കുട്ടികളുടെ ചികിത്സയ്ക്കായി നാട് കൈകോർത്തതിന്റെ ഫലമായി ഇതുവരെ ഏകദേശം 12 കോടി സമാഹരിക്കാനായിട്ടുണ്ട്.
നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെ ഇത്രയും തുക കണ്ടെത്താനായെങ്കിലും ചികിത്സയ്ക്കാവശ്യമായ മുഴുവൻ തുകയും സമാഹരിക്കാനായിട്ടില്ലെന്നത് ആശങ്കയുണർത്തുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയും പരിഗണനയും കുട്ടികളുടെ ചികിത്സാ കാര്യത്തിൽ ഉണ്ടാകേണ്ടതുണ്ട്. എം.എ. യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടങ്ങിയ ഉദാരമതികളായ മനുഷ്യസ്നേഹികളുടെ സഹായം ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണം. സർക്കാരിന്റെയും സുമനസുകളുടെയും പിന്തുണയോടെ കുട്ടികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്.
Tags :