ടാറിംഗ് നടക്കുന്ന റോഡ്.
കൊല്ലം: ശബരിമല തീര്‍ഥാടനകാലത്തിനു മുമ്പേ കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ടാറിംഗ് പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ കുഴികള്‍ നിറഞ്ഞ ദേശീയപാതയിലൂടെ തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യേണ്ടിവരും. റോഡ് പരിചയമില്ലാതെ കടന്നെത്തുന്ന ഇതരസംസ്ഥാന തീര്‍ഥാടകര്‍ മുമ്പേ പോകുന്ന വാഹനങ്ങള്‍ ബ്രേക്കിടുന്നതോടെ അപകടത്തില്‍ പെടാനുളള സാധ്യത കൂടുകയും ചെയ്യും. ശബരിമല തീര്‍ഥാടനം ഇന്നു മുതല്‍ ആരംഭിക്കുന്നതിനാല്‍ രണ്ടാംഘട്ട ടാറിംഗ് മണ്ഡലകാലത്തിനുശേഷം മതിയെന്ന് തീരുമാനിച്ചു.
കഴിഞ്ഞവര്‍ഷത്തെ മണ്ഡല കാലത്തിനു പിന്നാലെയാണ് ശബരിമലയിലേക്കുള്ള പ്രധാനപാതകളില്‍ റീ ടാംഗിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഷെഡ്യൂള്‍ നിശ്ചയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷത്തിനിടയില്‍ ജൂണ്‍ മുതല്‍ ഏറ്റവും കുറച്ച് മഴ ലഭിച്ച മാസങ്ങളാണ് കടന്നുപോയത്. ജൂണില്‍ ആരംഭിച്ച മണ്‍സൂണ്‍ അവസാനിക്കുകകയും വടക്കു കിഴക്കന്‍ മഴയായ തുലാവര്‍ഷം ആരംഭിക്കുകയും ചെയ്തു.
തുലാവര്‍ഷവും ഇതേവരെ നിന്നു പെയ്തില്ല. എന്നിട്ടും ശബരിമലയിലേക്ക് വന്‍തോതില്‍ തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പടെ തീര്‍ഥാടകര്‍ കടന്നുവരുന്ന കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ടാറിംഗ് പൂര്‍ത്തീകരിക്കാനായില്ല. ഇന്നുമുതല്‍ ആരംഭിക്കുന്ന ശബരിമല തീര്‍ഥാടനം ജനുവരി 20നാണ് അവസാനിക്കുന്നത്. മണ്ഡപൂജയ്ക്കുശേഷം രണ്ടുനാള്‍ നട അടയ്ക്കും. മകരവിളക്കിനായി വീണ്ടും നട തുറക്കും. ജനുവരി 20 ന് നട അടയ്ക്കും.
ടാറിംഗ് തുടങ്ങിയാല്‍ ഭാഗിക ഗതാഗത നിയന്ത്രണം വരും
ഏതെങ്കിലും സാഹചര്യത്തില്‍ ടാറിംഗ് പുനഃരാരംഭിച്ചാല്‍ റോഡിലെ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും. ടാറിംഗ് നടക്കുന്ന ഭാഗങ്ങളില്‍ ഒരുവരിയില്‍ ഗതാഗതം അനുവദിക്കും. പാതയിലെ ഏറ്റവും വീതികുറഞ്ഞ, പുനലൂരിലെ വാളക്കോട് റെയില്‍വേ മേല്പാലത്തില് ടാറിംഗ് നടക്കുമ്പോള്‍ പുനലൂര്‍ മുതല്‍ ഇടമണ്‍വരെ പൂര്‍ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. അന്നേദിവസം, ആദ്യഘട്ടത്തിലേതുപോലെ വാഹനങ്ങള്‍ ദേശീയപാതയുടെ സമാന്തരപാതയായ ഇടമണ്‍ സത്രംമുക്ക്, പാപ്പന്നൂര്‍, പുനലൂര്‍ ടിബി ജംഗ്ഷന് റോഡ് വഴി ഗതാഗതം തിരിച്ചുവിടാനാണ് തീരുമാനം.
കുഴിയടച്ചത് 36 കിലോമീറ്റര്‍ ദൂരത്തില്‍
സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍ മുതല്‍ പുനലൂര്‍ ടിബി ജംഗ്ഷന്‍വരെ സെപ്റ്റംബറില്‍ നടന്ന കുഴിയടയ്ക്കലിന്റെ തുടര്‍ച്ചയായാണ് ഈ ഭാഗങ്ങളില്‍ രണ്ടാംഘട്ട ടാറിംഗ് നടത്തുന്നത്. പാതയിലെ കുഴികള്‍ ഇക്കഴിഞ്ഞ ആറ്, ഏഴ് തീയതികളിലായി ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
പുനലൂര്‍ മുതല്‍ സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍വരെ അറ്റകുറ്റപ്പണിക്കായി 5.27 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. മാസങ്ങള്‍ക്കുമുന്‍പ് സമര്‍പ്പിച്ച അടങ്കലിന് അനുമതി ലഭിച്ചത് വൈകിയതോടെ അറ്റകുറ്റപ്പണിയും നീണ്ടു.
രണ്ടുമാസംമുന്‍പ് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുനലൂരില്‍ നടന്ന മണ്ഡലകാല അവലോകനയോഗത്തില്‍, മണ്ഡലകാലം തുടങ്ങുംമുന്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ദേശീയപാതാ വിഭാഗത്തിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി പണി ആരംഭിച്ചത്.
കുഴിയടയ്ക്കല്‍ പാളി
പുനലൂര്‍ മുതല്‍ കോട്ടവാസല്വരെയുള്ള 36 കിലോമീറ്റര്‍ ദൂരത്തില്‍ ഏതാണ്ട് 55 ഇടത്തായി 400 ക്യുബിക് മീറ്ററിലാണ് കുഴിയടച്ച് ടാര്‍ ചെയ്തത്. കുഴിയടയ്ക്കല്‍ തീര്‍ന്നതിനു പിന്നാലെ ടാര്‍ ഇളകിമാറി. ഇതോടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
Tags : arduous. Nttuvishesham Districtnews