കണ്ണൂർ: കടുത്ത വേനൽച്ചൂട് ജില്ലയിലെ സാധാരണ ജനജീവിതത്തോടൊപ്പം ടൂറിസം മേഖലയെയും ഗൗരവകരമായി ബാധിച്ചു. വേനലവധിക്കാലം കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചൂടിന്റെ തീവ്രത മൂലം സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കടൽത്തീരങ്ങൾ, പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, കുന്നിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തിരക്ക് കുറഞ്ഞതായി അധികൃതർ അറിയിച്ചു.
ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലെ ബുക്കിംഗും കുറഞ്ഞിട്ടുണ്ട്. ദിനംപ്രതി ഉയരുന്ന താപനിലയും ഉയർന്ന ചൂടും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കയും കാരണം ആളുകൾ യാത്രകൾ ഒഴിവാക്കുന്നതാണ് ഇത്തരം പ്രതിസന്ധികൾക്ക് പ്രധാന കാരണം.
ഈവർഷം ജില്ലയിൽ സാധാരണയെക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉച്ചസമയങ്ങളിൽ പുറത്തുപോകാൻ ആളുകൾക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പയ്യമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, കുന്നിൻ പ്രദേശങ്ങളായപാലക്കയംതട്ട്, പൈതൽമല തുടങ്ങിയ സഞ്ചാര മേഖലകളിൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.
ചൂടിൽനിന്ന് രക്ഷനേടാനായി സഞ്ചാരികൾ മ്യൂസിയങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ജില്ലയിലെ അറയ്ക്കൽ മ്യൂസിയം, ഫോക്ലോർ മ്യൂസിയം, ഹാൻഡ് ലൂം മ്യൂസിയം എന്നിവിടങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിച്ചതായി അധികൃതർ വ്യക്തമാക്കി.
ബീച്ചുകളിലും കടൽത്തീരങ്ങളിൽ വൈകുന്നേരങ്ങളിൽ സഞ്ചാരികളെത്തുന്നുണ്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ മേഖല കൂടുതൽ പ്രതിസന്ധികൾ അഭിമുഖീകരിക്കാനിടയുണ്ട്.
Tags : The tourism nattuvishesham local news.