വൈക്കം തോട്ടുവക്കം ഭാഗത്തെ അഞ്ചര മീറ്റർ മാത്രം വീതിയുള്ള റോഡ്
വൈക്കം: വൈക്കം- വെച്ചൂർ റോഡ് തോട്ടകം ഷാപ്പുപടി മുതൽ കൈപ്പുഴമുട്ട് വരെ 13 മീറ്റർ വീതിയിൽ പുനർനിർമിക്കാൻ സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ രണ്ടാംഘട്ടം പുരോഗമിക്കുമ്പോൾ വൈക്കത്തുനിന്നും തോട്ടകം ഷാപ്പ് പടി വരെയുള്ള റോഡിന്റെ വീതിക്കുറവ് റോഡ് വികസന പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ആക്ഷേപം.
വൈക്കം ദളവാക്കുളം ബസ് ടെർമിനൽമുതൽ തെക്കേനടവരെയും ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെനടമുതൽ തെക്കേനടവരെയും റോഡിന്റെ വീതി അഞ്ചു മീറ്റററോളം മാത്രമാണ്. നഗരത്തിൽനിന്ന് വെച്ചൂർ റോഡ് ആരംഭിക്കുന്ന തോട്ടുവക്കംമുതൽ തോട്ടകം ഷാപ്പുപടി വരെ റോഡിൻ്റെ വീതി അഞ്ചരമീറ്റർ മാത്രമാണ്. 13 കിലോമീറ്റർ ദൂരം വരുന്ന വൈക്കം വെച്ചൂർ റോഡിൽ തോട്ടകം മുതൽ കൈപ്പുഴമുട്ടു വരെയുള്ള 11 കിലോമീറ്റർ ദൂരം 13 മീറ്റർ വീതിയിൽ പുനർനിർമിക്കുമ്പോൾ റോഡ് നഗരവുമായി ചേരുന്ന രണ്ടുകിലോമീറ്റർ ദൂരം വീതിയില്ലാതെയാകുന്നത് കടുത്ത ഗതാഗത കുരുക്കിനിടയാക്കുമെന്നാണ് ആക്ഷേപം.
വൈക്കം തോട്ടുവക്കം മുതൽ തോട്ടകംപള്ളിയുടെ മുൻവശം വരെ റോഡിന് സമാന്തരമായി കനാലുള്ളതിനാൽ മറുവശത്തുനിന്ന് സ്ഥലം ഏറ്റെടുത്തു മാത്രമേ റോഡ് വികസിപ്പിക്കാനാകൂ. ഇതേറോഡിൽ തോട്ടുവക്കം, ചേരുംചുവട് ജംഗ്ഷനുകളും വികസിപ്പിക്കണം. തോട്ടകം പള്ളിക്ക് സമീപത്തുള്ള പാലത്തിന്റെ ഇരുവശത്തുമായുള്ള മൂന്ന് കൊടുംവളവുകളും നിവർത്തി റോഡ് വികസിപ്പിച്ചാൽ മാത്രമേ ഗതാഗതം സുഗമമാകൂ. എറണാകുളം- വൈക്കം- കുമരകം- കോട്ടയം റോഡിന്റെ ഭാഗമായ വൈക്കം വെച്ചൂർ റോഡിലെ തോട്ടകം ഷാപ്പുവരെയുള്ള ഭാഗം സംസ്ഥാന സർക്കാർ പിഡബ്ല്യുഡി മുഖേനയാണ് നിർമിച്ചത്.
തോട്ടകം- ഷാപ്പുമുതൽ വെച്ചൂർ കൈപ്പുഴമുട്ടുവരെ 13 മീറ്ററിൽ പുനർനിർമിക്കുന്നത് കിഫ്ബിയാണ്. ഇതേ റൂട്ടിലെ തോട്ടകം വലിയാനപ്പുഴ പാലം, അട്ടാറപാലം, ഉല്ലല, പുത്തൻപാലം, അച്ചിനകം പാലങ്ങളും വീതികൂട്ടി പുനർനിർമിക്കണം. ഗതാഗതം സുഗമവും സുരക്ഷിതമാക്കാൻ വൈക്കം മുതൽ തോട്ടകം ഷാപ്പുംപടി വരെ റോഡ് വീതി കൂട്ടി പുനർനിർമിക്കുന്നതിന് സർക്കാർ പദ്ധതി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.