പാലാ: കെ.എം. മാണി മെമ്മോറിയല് പാലാ ജനറല് ആശുപത്രിയില് ഹൃദ്രോഗചികിത്സാ വിഭാഗത്തില് ഡോക്ടർമാർ ഇല്ലാതായിട്ട് വര്ഷങ്ങളായി. ഇവിടെയുണ്ടായിരുന്ന ഡോക്ടര്മാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതോടെയാണ് പ്രതിസന്ധി സംജാതമായത്. ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്റെ പ്രവര്ത്തനം നിലച്ചതോടെ പരിശോധനായന്ത്രങ്ങളും കെട്ടിടവും പൊടിപിടിച്ചുകിടക്കുന്ന സ്ഥിതിയിലായി. മുമ്പ് നിരവധി ഡോക്ടര്മാര് ഈ വിഭാഗത്തില് പ്രവര്ത്തിച്ചിരുന്നു. പിന്നീട് പലപ്പോഴായി മറ്റ് ആശുപത്രികളിലേക്ക് ഇവരെ മാറ്റിയതിനെത്തുടര്ന്ന് ഈ വിഭാഗത്തിന്റെ പ്രവര്ത്തനം നിലയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്ഷംവരെ ആഴ്ചയില് ഒരു ദിവസം കാര്ഡിയോളജിസ്റ്റ് എത്തിയിരുന്നതിനാല് ഒപി പ്രവര്ത്തിച്ചിരുന്നുവെങ്കിലും ആ ഡോക്ടര് വിരമിച്ചതോടെ അതും നിലച്ചു. എംപി ഫണ്ട് ചെലവഴിച്ച് ലക്ഷങ്ങള് മുടക്കി വാങ്ങിയ എക്കോ മെഷീന് ഉപയോഗരഹിതമായി. സമീപപ്രദേശത്ത് സര്ക്കാര് മേഖലയിലുണ്ടായിരുന്ന ഏക ഹൃദ്രോഗ ചികിത്സാ വിഭാഗമായിരുന്നു പാലായിലേത്.
ജനറല് ആശുപത്രിയില് ഹൃദ്രോഗ ചികിത്സാ വിഭാഗം വിപുലപ്പെടുത്തുന്നതിനായി കാത്ത് ലാബ് ആരംഭിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിരുന്നു. ഇതിനായി പ്രത്യേക കെട്ടിടം പൂര്ത്തിയാക്കി. എന്നാല്, കാത്ത് ലാബ് വന്നില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ഒപി വിഭാഗം കൂടി ഇല്ലാതായി.
കാത്ത് ലാബിനു മാത്രമായി നിര്മിച്ച കെട്ടിടം വെറുതേ കിടക്കുകയാണ്. ഒപി വിഭാഗമെങ്കിലും പുനരാരംഭിക്കണമെന്നും ഡോക്ടര് തസ്തികകള് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാധികൃതരും ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗങ്ങളും ആരോഗ്യവകുപ്പ് അധികൃതരോട് തുടര്ച്ചയായി ആവശ്യപ്പെട്ടിട്ടും ഇതേവരെ നടപടികളുണ്ടായിട്ടില്ല. രോഗികളുടെ ദുരിതം പരിഹരിക്കാന് ഇക്കാര്യം സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുമെന്നും ഡോക്ടര്മാരെ നിയമിക്കണമെന്ന് ആരോഗ്യവകുപ്പിനോട് നഗരസഭ ഉടന് ആവശ്യപ്പെടുമെന്നും നഗരസഭാധ്യക്ഷ ദിയാ ബിനു പറഞ്ഞു.
Tags : Pala General Hospital nattuvishesham lcoal news