തോട്ടുവ-തോട്ടുവക്കടവ് റോഡ് തകര്‍ന്ന നിലയില്‍
പെരുമ്പാവൂര്‍: ആരാധനാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള വഴി ഉള്‍പ്പട്ട, ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന തോട്ടുവ-തോട്ടുവക്കടവ് റോഡ് തകര്‍ന്ന് തരിപ്പണമായി. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ കുഴി രൂപപ്പെട്ടതോടെ ടാറിംഗ് ഇല്ലാത്ത അവസ്ഥയാണ്. വല്ലം-പാണംകുഴി റോഡിനെയും തോട്ടുവ-നമ്പിള്ളി റോഡിനെയും ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ റോഡ് ടാറിംഗ് ചെയ്തിട്ട് 20 കൊല്ലത്തിലേറെയായി.
ചേരാനല്ലൂര്‍, മങ്കുഴി, ഇടവൂര്‍, തോട്ടുവ എന്നീ സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകളും വിദ്യാര്‍ഥികളും രോഗികളും അടുത്തുള്ള പെരുമ്പാവൂര്‍ ടൗണിലേക്കും കൂവപ്പടി ജിവിഎച്ച്എസ് സ്കൂള്‍, ചേരാനല്ലൂര്‍ ഹൈസ്കൂള്‍, കൂവപ്പടി പോളിടെക്നിക്, കോടനാട് മാര്‍ ഔഗാന് സ്കൂള്‍, മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും ജോലി സ്ഥലങ്ങളിലേക്കും നിരവധിയാൾക്കാർ പോകുന്ന റോഡാണിത്.
ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ ആയിരക്കണക്കിന് ഭക്തരാണ് തോട്ടുവ ധന്വന്തരി ക്ഷേത്രത്തില്‍ വരുന്നത്. ക്ഷേത്ര ഉത്സവവും ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്സ് പള്ളി തിരുനാളും നടക്കുകയാണ്. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും ആയിരക്കണക്കിന് ആളുകളാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. നിരവധി പരാതികള്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ പോലും നടത്തിയിട്ടില്ല. എത്രയും പെട്ടെന്ന് ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും തുടര്‍ന്ന് റോഡിന്റെ പൂര്‍ണമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നാണ് ആവശ്യം.
Tags : Thottuva–Thottuvakkadavu Road Nattuvishesham DistrictNews