ചെറുതോണി: കരിമ്പനിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. കരിമ്പൻ കുമ്പളാകുന്നേൽ അൻസിൽ (24), വെട്ടിക്കുഴിയിൽ റിൻസ് (25), വേങ്ങച്ചുവട്ടിൽ എബിൻ (21) എന്നിവരാണ് പിടിയിലായത്. അഞ്ച് ഗ്രാമിൽ താഴെ അളവിലാണ് ഇവരിൽനിന്നു മയക്കുമരുന്ന് പിടിച്ചെടുത്തത്. അതിനാൽ പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ഫോഴ്സ് കരിമ്പൻ-കുട്ടപ്പൻ സിറ്റി റോഡിൽ കരിമ്പൻ പള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് നേരത്തേ നിരീക്ഷണത്തിലായിരുന്ന ഇവരെ പരിശോധിച്ചപ്പോൾ രണ്ട് ചെറിയ പായ്ക്കറ്റുകളിലായി എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെങ്കിലും സംഭവത്തിൽ തുടരന്വേഷണം നടത്തുമെന്ന് പൊലിസ് വ്യക്തമാക്കി.
Tags : MDMA Nattuvishesham Districtnews