ചേര്‍ത്തല യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രപ്രസാദ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം റോഡ്ഷോയില്‍.
ആലപ്പുഴ: നിയമസഭാ തെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചാരണത്തിനു ശേഷം ഒന്‍പതിന് ജില്ലാ പോളിംഗ് ബൂത്തിലേക്കു നീങ്ങും. ദേശീയ, സംസ്ഥാന നേതാക്കൾ കൊഴുപ്പിച്ച ജില്ലയിലെ തെരഞ്ഞടുപ്പു ഗോദയിൽ ഇനി നിശബ്ദ പ്രചാരണം. ഇടതുമുന്നണിക്കായി മുഖ്യമന്ത്രിയും യുഡിഎഫിനായി രാഹുൽഗാന്ധിയും എൻഡിഎയ്ക്കുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമൊക്കെ ജില്ലയിലെത്തിയപ്പോൾ തെരഞ്ഞെടുപ്പാവേശം ഉച്ചസ്ഥായിയിലെത്തി.
റോഡ്ഷോകളും ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി സജീവമായിരുന്നു ജനാധിപത്യത്തിന്റെ ഉത്സവവേദി. ഇന്നു വൈകിട്ട് ആറിനാണ് അനുമതി നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ മുന്നണികളുടെ കൊട്ടിക്കലാശം അരങ്ങേറുന്നത്.
ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.ഡി. തോമസിന്റെ കലാശക്കൊട്ട് കൈചൂണ്ടിമുക്കിൽ നടക്കും. എൽഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജന്റെ കൊട്ടിക്കലാശം രണ്ടു കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ആലപ്പുഴ ടൗണിലേത് അവലൂക്കുന്നു ജംഗ്ഷനിലും വടക്കൻ മേഖലയിലേത് മണ്ണഞ്ചേരി ജംഗ്ഷനിലും. എൻഡിഎ സ്ഥാനാർഥി എം.ജെ. ജോബിന്റെ കൊട്ടിക്കലാശവും കൈചൂണ്ടിയിലാണ് നടക്കുക.
അന്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയുടെകലാശക്കൊട്ട് പടിഞ്ഞാറെനടയിൽ എസ്ബിഐക്കു സമീപം നടക്കും. എൽഡിഎഫ് സ്ഥാനാർഥിയുടെ കച്ചേരി മുക്കിലും എൻഡിഎ യുടെ പടിഞ്ഞാറേനട മോഡൽ സ്കൂളിന്റെ മുൻവശവുമാണ് കലാശക്കൊട്ട് നടത്തുന്നത്.
ചാരുംമൂട്: മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺകുമാർ ഇന്നു രാവിലെ എട്ടിന് വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. താമരക്കുളം, പാലമേൽ, നൂറനാട്, തഴക്കര പഞ്ചായത്തുകൾ വഴി മാവേലിക്കരയിലെത്തും. ഇവിടെനിന്ന് തെക്കേക്കര, ചുനക്കര പഞ്ചായത്തുകൾ വഴി ചാരുംമൂട് ജംഗ്ഷനിൽ എത്തും.
ചാരുംമൂട്ടിൽ വൈകിട്ട് നാലിന് നടക്കുന്ന കൊട്ടിക്കലാശത്തിൽ അരുൺകുമാർ പങ്കെടുക്കും. ഇന്നലെ രാവിലെ തഴക്കര ജില്ലാ കൃഷിത്തോട്ടത്തിലും അറുനൂറ്റിമംഗലത്തെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലും തൊഴിലാളികളെ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. രണ്ടിടങ്ങളിലും തൊഴിലാളികൾ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് ചാരുംമൂട്ടിൽ എൽഡിഎഫ് മാവേലിക്കര നിയോജകമണ്ഡലം പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
ചെങ്ങന്നൂർ: മീനച്ചൂടിനെപ്പോലും നിഷ്പ്രഭമാക്കുന്ന രാഷ്ട്രീയച്ചൂടിൽ വെന്തുരുകിയ ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്. മൂന്നാഴ്ചയിലേറെ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ തിരശീല വീഴും. മുന്നണികളുടെ ശക്തിപ്രകടനം വിളിച്ചോതുന്ന കൊട്ടിക്കലാശം ഇന്ന് നഗരത്തെ ആവേശക്കടലാക്കും.
പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബയോഗങ്ങൾ പൂർത്തിയാക്കിയും വോട്ടുറപ്പിച്ച സ്ഥാനാർഥികൾ ഇന്ന് അവസാനവട്ട കരുത്തുപ്രകടനത്തിനായി അണികളെ അണിനിരത്തും. പ്രധാന കേന്ദ്രങ്ങളെല്ലാം ഉച്ചകഴിഞ്ഞ് പ്രകടനങ്ങളാൽ നിറയും.
യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിനായി ബഥേൽ ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക.
എൽഡിഎഫ് സജി ചെറിയാന്റെ പ്രചാരണ സമാപനം എൻജിനിയറിംഗ് കോളജ് ജംഗ്ഷനിൽ ആവേശമാകും.
എൻഡിഎ സ്ഥാനാർഥി എം.വി. ഗോപകുമാറിനായി കെഎസ്ആർടിസി പരിസരത്ത് പ്രവർത്തകർ ഒത്തുചേരും.