റൂറൽ ജില്ലയിൽ പൊലിസിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഹന പരിശോധന.
ആലുവ: റൂറൽ ജില്ലയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് 17,181 വാഹന ഉടമകൾക്കെതിരെ പൊലിസ് നടപടിയെടുത്തു. കഴിഞ്ഞ 11 വരെയുള്ള കണക്കാണിത്. മദ്യപിച്ച് വാഹനമോടിച്ച 1,017 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധം അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 278 ബസുകൾക്കെതിരെയും 1,038 മറ്റു വാഹനങ്ങൾക്കെതിരെയും നടപടി എടുത്തു.
ഗുരുതരമായ നിയമലംഘനം നടത്തിയ 25 ബസുകൾക്കെതിരെ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഗതാഗത നിയമലംഘനത്തിന് 66 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാൻ ശിപാർശ ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച വാഹനങ്ങളുടെ രക്ഷകർത്താക്കളും ഇതിൽ ഉൾപ്പെടും. റൂറൽ ജില്ലാ പൊലിസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ അഞ്ച് സബ്ഡിവിഷനുകളിലും പരിശോധന തുടരുകയാണെന്ന് റൂറൽ പൊലിസ് അറിയിച്ചു.
24 മണിക്കൂറും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. പ്രത്യേക പൊലിസ് പട്രോൾ സംഘങ്ങളും ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് നിരത്തിലുണ്ട്.അതിർത്തികളിലും പരിശോധന തുടരുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Tags : Traffic Law Violations nattuvishesham local news Traffic Law Violations