ശിവ
അഗളി: വയോധിക കഴുത്തിൽ അണിഞ്ഞിരുന്ന നാലരപ്പവൻ സ്വർണം പൊട്ടിച്ചെടുത്ത് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം അഗളി പൊലിസ് അറസ്റ്റുചെയ്തു.
തമിഴ്നാട് വെല്ലൂർ ഡോളർപേട്ട സ്വദേശിയായ ശിവ (34) യാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അട്ടപ്പാടി കാവണ്ടിക്കല്ലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിധവയായ അറുപത്തിയൊന്പതുകാരി മരുതിയുടെ മാലയാണ് യുവാവ് കവർന്നത്. പ്രതി ശിവ കാവണ്ടി ക്കല്ലിൽ വാട്ടർ അഥോറിറ്റിയുടെ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ജെസിബിയുടെ ഡ്രൈവറായി മാസങ്ങളായി പ്രവർത്തിച്ചുവരികയാണ്.
മരുതി കഴുത്തിൽ അണിഞ്ഞിരുന്ന മാലയിൽ നോട്ടമിട്ട പ്രതി ആളൊഴിഞ്ഞ സമയത്ത് വീട്ടിലെത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. വെള്ളം കൈമാറുന്ന സമയം വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച് കാട്ടിലൂടെ ഓടി രക്ഷപ്പെടുകയാണുണ്ടായത്. സംഭവം നടന്നയുടൻ വൃദ്ധ അഗളി പൊലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
പരാതി ലഭിച്ചതോടെ അഗളി എസ്ഐ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചു. പ്രതി ആനക്കട്ടി വഴി തമിഴ്നാട്ടിലേക്ക് കടന്നിട്ടില്ലെന്ന് മനസിലാക്കിയ പോലീസ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രാത്രി പത്തോടെ യുവാവ് അകപ്പെടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags : arrested for stealing nattuvishesham local news 4.5 sovereigns arrested