പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനുനേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞ സംഭവത്തില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
ആറ്റുകാല്‍ സ്വദേശികളും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ അരുണ്‍(40), സുജിത് (36) എന്നിവരാണ് പിടിയിലായത്. നഗരത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ബിജെപി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് ബിയര്‍ കുപ്പികള്‍ എറിഞ്ഞശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സംഭവസ്ഥലത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചും ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന വാഹനം കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതോടെയാണു തലസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഇതിനുപിന്നാലെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് ചില ബിജെപി പ്രവര്‍ത്തകരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് ബിയര്‍ കുപ്പികള്‍ എറിഞ്ഞതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
തലസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ക്ക് മുന്നിലും കൂടുതല്‍ പൊലിസിനെ വിന്യസിച്ചു.
Tags :