വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജലാ ശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കംചെയ്യുന്നു.
ഇരിങ്ങാലക്കുട: തരിശുരഹിത വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 2026 - 27 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലാശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യല്‍. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയാണു പദ്ധതി വിഹിതമായി വകയിരുത്തിയിരിക്കുന്നത്.
കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ സഹായത്തോടുകൂടി ഹൈഡ്രോളിക് മിനി എസ്കവേറ്റര്‍ എന്ന യന്ത്രം ഉപയോഗിച്ച് ഏകദേശം 1.5 കിലോമീറ്റര്‍ നീളത്തിലുള്ള ഔണ്ടറ കനാലില്‍ വളര്‍ന്നിട്ടുള്ള ചണ്ടിയും കുളവാഴയും മറ്റു ജലസസ്യങ്ങളും നീക്കം ചെയ്യുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ആരംഭിച്ചിരിക്കുന്നു. ഷണ്മുഖം കനാല്‍ മുതല്‍ ശ്രീകൃഷ്ണവിലാസം ബണ്ട് റോഡ് വരെയുള്ള ഔണ്ടറ ചാലും അതിനോടനുബന്ധിച്ചുള്ള ചാലുകളും ആണ് വൃത്തിയാക്കുന്നത്.
പൂമംഗലം, പടിയൂര്‍ കോള്‍ കര്‍ഷക സംഘത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ കൃഷിക്കായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസാണ് ഔണ്ടറ കനാല്‍. വര്‍ഷങ്ങളായി ചണ്ടിയും കുളവാഴകളും മറ്റു ജലസസ്യങ്ങളും നിറഞ്ഞ് ഈ കനാലിന്റെ സംഭരണ ശേഷി കുറയുകയും പാടശേഖരസമിതികളിലേക്ക് ഷണ്മുഖം കനാലില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്തു.
പടിയൂര്‍, പൂമംഗലം എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഔണ്ടറ ചാലിന്റെ അരിപ്പാലം വരെയുള്ള ഭാഗങ്ങള്‍ വൃത്തിയാക്കുന്നതു രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കാനും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നു.
കെഎസ്എഎംഎം സിഇഒ ഡോ.യു. ജയകുമാര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു, വൈസ് പ്രസിഡന്റ്്, പടിയൂര്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റൻഡ് ഡയറക്ടര്‍, കര്‍ഷകസംഘം പ്രതിനിധികള്‍ എന്നിവര്‍ സാഹചര്യം വിലയിരുത്തി ചര്‍ച്ച ചെയ്താണ് പദ്ധതിക്കു രൂപം നല്‍കിയത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബുവിന്റ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്നത്.
Tags :