വില്ലേജ് ഓഫീസ്
വെഞ്ഞാറമൂട് : ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നെല്ലനാട് സ്മാർട്ട് വില്ലേജ് ഓഫീസ് സുരക്ഷാഭീഷണിയിൽ. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളം ആണ് ഇവിടം. ചുറ്റുമതിലില്ലാതെ കാടുമൂടിയ നിലയിലും.
വെഞ്ഞാറമൂട് യുപി സ്കൂളിന് സമീപം സംസ്ഥാന പാതയോട് ചേർന്നാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ട് വർഷം മുൻപ് പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ ഓഫീസ് നിർമിച്ചത്. എന്നാൽ കെട്ടിടം നിർമിച്ചെങ്കിലും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും അപൂർണമായിരിക്കുകയാണ്. ഓഫീസ് പരിസരം മുഴുവൻ കാടുകയറിയ നിലയിലാണ്. മാലിന്യവും കാട്ടുചെടികളും നിറഞ്ഞതിനാൽ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാത്രി സമയങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം പതിവായതോടെ ജീവനക്കാർക്കും സമീപവാസികൾക്കും ആശങ്കയേറി.
ജീവനക്കാർ ഉപയോഗിക്കുന്ന കിണറും കാടുമൂടി വൃത്തിഹീനമായി കിടക്കുകയാണ്. പൊതുജനങ്ങൾ ദിനംപ്രതി എത്തുന്ന സർക്കാർ ഓഫീസിന്റെ പരിസരം അവഗണിക്കപ്പെടുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ വിമർശിക്കുന്നു.
Tags : Security Threat NattuVishasham DistrictNews