രാജി, ഗോപകുമാർ
മാവേലിക്കര: ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ ഭർത്താവിന് പത്തുവർഷം കഠിനതടവും 2,00,000 രൂപ പിഴയും ശിക്ഷ. വള്ളികുന്നം പടീറ്റടത്ത് കിഴക്കതിൽ ഗോപകുമാറിനെ(49) യാണ് മാവേലിക്കര ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതി നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുള്ള കാലയളവ് ശിക്ഷയിൽനിന്നും ഇളവ് ചെയ്തിട്ടുണ്ട്.
2019 ജൂൺ 26-നായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളികുന്നത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശിനി രാജിയാണ് (33) മരിച്ചത്.
ഭർത്താവായ ഗോപകുമാറിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളും ആത്മഹത്യാ പ്രേരണയും സഹിക്കവയ്യാതെ രാജി വീടിന്റെ മുറ്റത്തുവച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2019 ജൂലൈ 2ന് രാജി മരണപ്പെട്ടു.
രാജിയുടെ അമ്മ രാജേശ്വരിയമ്മ നൽകിയ പരാതിയിൽ വള്ളികുന്നം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജികുമാർ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വള്ളികുന്നം പോലീസ് ഉദ്യോഗസ്ഥനായ ഗോപകുമാർ ജി. ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ജിഎഎസ്ഐ സിന്ധു, എസ്സിപിഒ രഞ്ജുനാഥ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Tags : Ten years of rigorous imprisonment for the husband. Nattuvishesham DistrictNews