ലക്കിടി റെയിൽവേ ഗേറ്റ് അറ്റക്കുറ്റപ്പണികളുടെ പേരിൽ ഇന്നലെ ഉച്ചമുതൽ അടച്ചനിലയിൽ.
തിരുവില്വാമല: ലക്കിടി റെയിൽവേഗേറ്റ് ഇടയ്ക്കിടെ അടച്ചിടുന്നത് നിത്യസംഭവമാകുന്നു. ഗേറ്റിന് തകരാറ് സംഭവിക്കുമ്പോഴും അറ്റക്കുറ്റപ്പണികളുടെ പേരിലുമാണ് മണിക്കൂറുകളോളം റെയിൽവേഗേറ്റ് അടച്ചിടേണ്ടിവരുന്നത്. ഇന്നലെ ഉച്ചമുതൽ റെയിൽവേഗേറ്റ് അടച്ചതുമൂലം ജനം വലഞ്ഞു.
ഇന്നുവൈകീട്ട് അഞ്ചിന് ശേഷമേ തുറക്കൂഎന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പണി തീർന്നില്ലെങ്കിൽ അത് വീണ്ടും നീണ്ടു പോകാം.പാമ്പാടി ഐവർമഠം ശ്മശാനത്തിലേക്കും നെഹ്റു കോളജിലേക്കു മുള്ള വാഹനങ്ങളടക്കം കിലോമീറ്ററുകൾ വളഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. തൃശൂർ -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ റെയിൽവേ മേൽപാലം യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ഭാരതപ്പുഴയ് ക്കുകുറുകേ നിലവിലുള്ള പാലത്തിന്റെ കിഴക്കുഭാഗത്ത്കൂടെ മേൽപ്പാലം ഉൾപ്പെടെയുള്ള പദ്ധതിക്കായി പ്രാഥമിക ധാരണയായെങ്കിലും പിന്നീടിതുവരെ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല.
1975ൽ തുറന്ന ലക്കിടി പാലത്തിനു കൂടി ബദലായിട്ടാണ് നിർദിഷ്ട മേൽപാലം. നിലവിലെ പാലത്തിന്റെ തൂണുകളിൽ വിള്ളൽ വീണിരിക്കുകയാണ്. പാലത്തിന്റെ തുടക്കത്തിലുള്ള സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ് .
മേൽപ്പാലത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിവേദനം നൽകിയിരുന്നു. രണ്ടു വർഷം മുൻപ് അന്ന് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനും എംഎൽഎമാരും ജനപ്രതിനിധികളും മരാമത്ത് (പാലം) വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് പദ്ധതിക്ക് പ്രാഥമിക ധാരണയായത്.
സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തുകയും സ്ഥല പരിശോധന അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. പാലത്തിനായി ഇനിയും ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട് .
പാലക്കാട് ജില്ലയിലെ ലക്കിടിയെയും തൃശൂർ ജില്ലയിലെ തിരുവില്വാമലയെയും ബന്ധിപ്പിക്കുന്ന പാലത്തിനു തൊട്ടടുത്താണ് റെയിൽവേ മേൽപാലം നിർമിക്കേണ്ടതായിട്ടുള്ളത്. നിളക്കു കുറുകെ നിലവിലുള്ള പാലം ബലക്ഷയം സംഭവിച്ച് ജീർണാവസ്ഥയിലാണ്. ശക്തമായ ജനകീയ ആവശ്യത്തിനു മുൻപിൽ ഇപ്പോഴും അധികൃതർ കണ്ണടക്കുകയാണ് .
Tags :