തൊടുപുഴ: അവക്കാഡോ, റംബുട്ടാന്, മംഗോസ്റ്റിന്‍, ദുരിയാന്‍ തുടങ്ങിയവയുടെ കൃഷി കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാര്‍ പഴവര്‍ഗ കര്‍ഷകര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എംഎല്‍എ പറഞ്ഞു.
തെനംകുന്ന് ബൈപാസിലെ മലബാര്‍ ഫുഡ്സില്‍ ദുരിയാന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കൃഷിരീതിയില്‍നിന്നും മാറി, ആധുനിക കൃഷിരീതികള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ തയാറാകണം. പല വിദേശരാജ്യങ്ങളിലും എക്സോട്ടിക്ക് ഫ്രൂട്ട്സ് കൃഷി വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായിട്ടുണ്ട്.
നമ്മുടെ മണ്ണും കാലാവസ്ഥയും ഇതിന് അനുയോജ്യമായതിനാല്‍ വലിയ കാര്‍ഷിക മുന്നേറ്റം ഇതിലൂടെ സാധ്യമാകുമെന്നും അപു ജോണ്‍ ജോസഫ് പറഞ്ഞു. ഫ്രൂട്സ് വാലി ചെയര്മാന് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
മലബാര്‍ ഫുഡ്സില്‍ ദുരിയാന്റെ വിവിധ ഇനങ്ങളായ മോന്തോംഗ്, മുസാംഗ് കിംഗ്, ബ്ലാക്ക് തോണ്, റെഡ് പ്രോണ്‍, ചാനി, ഡി 101, പൂവാംഗ് മണി തുടങ്ങിയവയും അവക്കാഡോ, മംഗോസ്റ്റിന്‍, റംബുട്ടാന് തുടങ്ങിയ പഴങ്ങള്‍, ഷെയ്ക്ക്, ജൂസ് എന്നിവയും ഇവിടെ ലഭ്യമാണ്. എക്സോട്ടിക്ക് ഫ്രൂട്സ് കൃഷി സംബന്ധിച്ച് സെമിനാറും സംഘടിപ്പിച്ചു. ഫെസ്റ്റില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യ രാജേഷ്, ഫ്രൂട്സ് വാലി ഡയറക്ടര്‍ ജോസി കൊച്ചുകുടി, ഷാജി കൊച്ചുകുടി, മലബാര്‍ ഫുഡ്സ് ഡയറക്ടര്‍മാരായ ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ചിന്തു ജോസ്, ബിനു മണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Will help advancement