കേരള കോണ്‍ഗ്രസ്-എം ജില്ലാ ക്യാമ്പ് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: ബിജെപി ഇതരസര്‍ക്കാരുകളെ സാമ്പത്തികമായി ഞെരുക്കി വരുതിയിലാക്കാനും വര്‍ഗീയ അജണ്ട നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കുവാനും ലക്ഷ്യമെട്ടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നിലപാടുകള്‍ കേരളത്തിലെ സാമൂഹികസുരക്ഷിതത്വം അപകടത്തിലാക്കുമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ്- എം ജില്ലാ ഏകദിന ക്യാമ്പും പി.വി. മൈക്കിള്‍ അനുസ്മരണവും കാഞ്ഞങ്ങാട് രാജ് റസിഡന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിരുന്നപ്പോള്‍ അതിശക്തിയായ എതിര്‍ത്ത പല കേന്ദ്രനയങ്ങളോടും യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്നത് മൃദുസമീപനമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പ്രളയ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ദുരന്ത ദുരിത നിവാരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും ജനങ്ങള്‍ നന്നായി വിലയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവനനിര്‍മാണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന വീടുകളില്‍ പ്രധാനമന്ത്രിയുടെ ലോഗോ പതിപ്പിക്കുവാനുള്ള തീരുമാനവും കണ്ണും പൂട്ടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളപ്പാടെ പുകമറയില്‍ നിര്‍ത്തുകയാണ് ചെയ്യുന്നത്. കേന്ദ്ര വിഹിതത്തിന്റെ പേരില്‍ കേരളത്തിന് പരിചിതമല്ലാത്ത നയങ്ങള്‍ നടപ്പിലാക്കാനുള്ള ഏതൊരു ശ്രമത്തെയും സംസ്ഥാനം ഒറ്റക്കെട്ടായി രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സജി കുറ്റിയാനിമറ്റം, ജില്ലാ ഭാരവാഹികളായ ബിജു തുളിശേരി, ഷിനോജ് ചാക്കോ, ജോയി മൈക്കിള്‍, സിജി കട്ടക്കയം, ബാബു നെടിയകാല, ചാക്കോ തെന്നിപ്ലാക്കല്‍, കര്‍ഷക യൂണിയന് പ്രസിഡന്റ് ബേബി പന്തല്ലൂര്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഭിലാഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham central policies Jose K. Mani