തൊടുപുഴ: മദ്യപിച്ചതിനെത്തുടര്ന്നുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവിനെ മാതൃസഹോദരന്‍ കശാപ്പു കത്തിക്ക് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഇളംദേശം പറമ്പാട്ടുമല സ്വദേശി കൂരവേലില് സലിം അലിയാരെ (കുഞ്ഞിക്കിളി -53 ) തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. സലിമിന്റെ സഹോദരീപുത്രന് പെരുമ്പിള്ളിച്ചിറ കൈറ്റിയാനിക്കല്‍ റസലി (32) നാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കശാപ്പു ജോലിചെയ്യുന്ന സലിം റസലുമൊത്ത് ഇളംദേശത്തെ വീടിന്റെ തിണ്ണയില്‍ മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തന്നെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചതോടെ പ്രതിയും റസലുമായി വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടാകുകയായിരുന്നു.
തര്‍ക്കത്തിനിടയില്‍ റസല്‍ തള്ളിയിട്ടതോടെ പ്രകോപിതനായ സലിം വീടിനകത്തുനിന്നു കശാപ്പിനുപയോഗിക്കുന്ന വാക്കത്തി എടുത്ത് റസലിന്റെ തോളില്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് തിണ്ണയില്‍നിന്നു റസലിനെ വീടിനു സമീപം താഴ്ചയുള്ള ഭാഗത്തേക്ക് തള്ളിയിടുകയും ചെയ്തു.
സംഭവം കണ്ട സലിമിന്റെ മകള്‍ ഉറക്കെക്കരഞ്ഞ് അയല്‍വാസികളെ വിളിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. പൊലിസെത്തി റസലിനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മാരകമായി വെട്ടേറ്റ റസല്‍ അപകടനില തരണംചെയ്തിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തിനുശേഷം സമീപത്ത് അക്രമാസക്തനായി കാണപ്പെട്ട പ്രതിയെ പൊലിസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ലഹരി ഉപയോഗം അടക്കമുള്ള പത്തോളം ക്രിമിനല്‍ കേസുകള്‍ പ്രതിക്കെതിരേ ഉള്ളതായും ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ പൊലിസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
സിഐ കെ.പി. മനേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സാല്‍വിന്‍ സണ്ണി, ഷിബു കുര്യാക്കോസ്, സീനിയര്‍ സിപിഒ ജ്യോതിഷ്, സിപിഒമാരായ താഹിര്‍, റാഷിദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Tags : uncle arrested Nttuvishesham Districtnews