യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക-യുവജന ക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ജെൻ ഇന്ത്യ മൂവ്മെന്റിന്റെ
സുൽത്താൻ ബത്തേരി: ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു എന്ന മുദ്യാവാക്യമുയർത്തി യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക-യുവജന ക്ഷേമ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ജെൻ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരിയിൽ പദയാത്ര സംഘടിപ്പിച്ചു.
കൊളഗപ്പാറയിൽ നിന്ന് ആരംഭിച്ച യാത്ര ബത്തേരി സ്വതന്ത്രമൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപനസമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനാധിപത്യം തിരിച്ചുപിടിക്കാൻ രാജ്യത്താകമാനം സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം പ്രതിഷേധങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത തരത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ കൈയ്യിൽ നിന്ന് വോട്ടവകാശത്തെ കവർന്നെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാപന സമ്മേളനത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജെനീഷ് അധ്യക്ഷത വഹിച്ചു. രാജ്യത്തെ ജനങ്ങളുടെ പൗരാവകാശമായ വോട്ടവകാശത്തെ നിഷേധിക്കുന്ന സമീപനത്തിലൂടെയാണ് മോദിസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
പൗരാവകാശങ്ങളെ പോലും ലംഘിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും നരേന്ദ്രമോദി സർക്കാരിന്റെ വോട്ടുകൊള്ളയെ തെളിവുസഹിതം ആദ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞത് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ഉഷ വിജയൻ എംഎൽഎ, യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി ഉൾപ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിച്ചു.
Tags :