പത്തനംതിട്ട: തുരുത്തിക്കാട് ബിഷപ് ഏബ്രഹാം മെമ്മോറിയൽ കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ബിഎഎം ട്രസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അർഹമായി.
25,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആറിന് കോളജിൽ നടക്കുന്ന ചടങ്ങിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ സമ്മാനിക്കുമെന്ന് കോളജ് മാനേജർ ഡോ. മാത്യു പി. ജോസഫും പുരസ്കാര സമിതി കൺവീനർ ഡോ. ജോസ് പാറക്കടവിലും പത്രസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെ ഗ്രാമപ്രദേശങ്ങളുടെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് പുരസ്കാരം നൽകിവരുന്നത്. ഗ്രാമങ്ങളിൽ നടപ്പാക്കിയ ജലസംരക്ഷണ പദ്ധതികൾ, കൃഷിയോട് ആഭിമുഖ്യം വളർത്തുന്ന നാളേക്ക് ഒരു കതിർ പദ്ധതി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഗ്രാമീണ വിദ്യാലയങ്ങളിൽ നടപ്പാക്കിയ വിവിധോദ്ദേശ്യ പദ്ധതികൾ എന്നിവ ക്രൈസ്റ്റ് കോളജിനെ പുരസ്കാരത്തിന് അർഹമാക്കിയതായി വിധി നിർണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. ജി.എസ്. അനീഷ് കുമാർ, റെനി കെ. ജേക്കബ്, ഡോ. ബിജു തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Rev. Dr. T.C. George Award Irinjalakuda Christ College