സ്വപ്നച്ചിറകിലേറി
Saturday, September 14, 2019 5:24 PM IST
ജിമിയും സുമിയും നല്ല കൂട്ടുകാരായിരുന്നു.വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതാണ് പ്രധാന വിനോദം. എന്നാല്‍ അഞ്ചു വയസായപ്പോള്‍ മൂത്തയാള്‍ ജിമിക്ക് വീഴുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പറ്റാതായി. അച്ഛനും അമ്മയും പിടിച്ചെഴുന്നേല്‍പിക്കും. എങ്കിലും വീണ്ടും വീഴും. പിന്നീട് ഏഴുന്നേറ്റു നില്‍ക്കാന്‍ തന്നെ പറ്റാതെയായി. മകള്‍ക്ക് എന്തുപറ്റിയെന്നറിയാന്‍ കൂലിപ്പണിക്കാരനായ ജോണും ഭാര്യ മേരിയും ആശുപത്രിയിലേക്ക് ഓടി. നീണ്ട നാളത്തെ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ശേഷമാണ് ഒരു കാര്യം മനസിലായത്. ജിമിക്ക് പേശികളെ ബാധിക്കുന്ന മാസ്‌കുലാര്‍ ഡിസ്‌ട്രോപി എന്ന പ്രത്യേക അസുഖമാണ്. ഡിഎന്‍എയിലെ അപാകതകളാണ് ഈ അസുഖത്തിനു കാരണം. ഡോക്ടര്‍മാര്‍ ഒന്നു കൂടി പറഞ്ഞു. സഹോദരിക്കും ഇതേ അസുഖം വരാന്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കണം. ഡോക്ടര്‍മാരുടെ കണ്ടെത്തല്‍ പിഴച്ചില്ല. പതിമൂന്നാം വയസില്‍ സുമിക്കും രോഗലക്ഷണങ്ങള്‍ ആരംഭിച്ചു. അതോടെ പഠനവും പ്രതിസന്ധിയിലായി. കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി ഉയര്‍ന്ന നിലയിലെത്തിക്കണമെന്ന സ്വപ്‌നമുണ്ടായിരുന്ന ആ മാതാപിതാക്കള്‍ അതോടെ തകര്‍ന്നു. എന്നാലും പ്രത്യാശ കൈവിട്ടില്ല. ഉണ്ടായിരുന്ന സ്ഥലമൊക്കെ വിറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. എങ്കിലും അസുഖത്തിന് യാതൊരു കുറവുമുണ്ടായില്ല.അങ്ങനെ അഞ്ചാം വയസില്‍ ജിമിയുടെയും 13ാം വയസില്‍ സുമിയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി ചക്രക്കസേര എത്തി! ചികിത്സകള്‍ കൊണ്ടു ഫലമില്ല. മനക്കരുത്തു കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂവെന്ന് അവര്‍ക്കറിയാമായിരുന്നു. ദുരിതം വേട്ടയാടുമ്പോഴും പഠിച്ചുമുന്നേറാനുള്ള മോഹം ഇരുവരും ഉപേക്ഷിച്ചില്ല. വയനാട് കബനിഗിരി പാമ്പനാനിക്കല്‍ ജോണി- മേരി ദമ്പതികളുടെ മക്കളാണ് ജിമിയും സിമിയും.
ചുരം കയറി വയനാിലേക്ക്
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കോട്ടയത്തു നിന്നും വയനാട്ടിലേക്കു കുടിയേറിയവരായിരുന്നു മേരിയും ജോണും. കൃഷിയായിരുന്നു പ്രധാന വരുമാനമാര്‍ഗം. കഠിനാധ്വാനികളായിരുന്ന ഇരുവരും എല്ലുമുറിയെ പണിയെടുത്തു ജീവിച്ചു. രണ്ടു പെണ്‍കുട്ടികള്‍ പിറന്നപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു ഇവര്‍. മൂത്തയാള്‍ ജിമി. രണ്ടാമത്തെയാള്‍ സുമി.ചുറുചുറുക്കോടെ ഓടിക്കളിച്ചു നടന്നിരുന്ന ജിമിക്ക് അഞ്ചാം വയസിലാണ് അസുഖം വരുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളിന്റെ പടി ചവിട്ടാനായില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതു കാണുമ്പോള്‍ ജിമിയുടെ കണ്ണു നിറയും. അനുജത്തി സുമിക്ക് ചെറുപ്പത്തില്‍ രോഗലക്ഷണങ്ങളില്ലാതിരുന്നതിനാല്‍ ഏഴാം ക്ലാസ് വരെ സ്‌കൂളില്‍ പോയി പഠിക്കാനായി. സുമി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ സ്‌കൂളിലെ വിശേഷങ്ങളെല്ലാം ദിവസവും ചോദിക്കും. സ്‌കൂളില്‍ പോയില്ലെങ്കിലും ജിമി വീട്ടിലിരുന്നും സുമി സ്‌കൂളില്‍ പോയും പഠനം തുടര്‍ന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുമിക്കും സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കയറ്റം കയറാനോ പടികള്‍ കയറാനോ വയ്യാതായി. പിന്നീട് തെന്നിവീഴുന്നതും പതിവായി. എഴുന്നേല്‍ക്കാനാകാതെ വന്നതോടെ മാതാപിതാക്കള്‍ വേദനയോടെ മനസിലാക്കി. സുമിയും വീല്‍ചെയറിലേക്കുള്ള യാത്രയിലാണെന്ന്. എങ്കിലും ആ അച്ഛന്‍ തളര്‍ന്നില്ല. സുമിയെ വീട്ടില്‍ നിന്നു എടുത്തുകൊണ്ടുപോയി സ്‌കൂളില്‍ വിടാന്‍ തുടങ്ങി. പഠനം മുടങ്ങിയില്ല. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍. ഹൈസ്‌കൂള്‍ പഠനം ആരംഭിച്ചപ്പോള്‍ മുതല്‍ സ്‌കൂളില്‍ നിന്നും ചില അധ്യാപകര്‍ വീട്ടിലെത്തി അത്യാവശ്യ വിഷയങ്ങള്‍ പഠിപ്പിച്ചു. സ്‌കൂളില്‍ നിന്നും ഇരുവര്‍ക്കും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. പരീക്ഷയായപ്പോള്‍ ഇരുവരും കബനിഗിരി നിര്‍മല സ്‌കൂളിലെത്തി പരീക്ഷയെഴുതി. വീട്ടിലിരുന്നാണ് പഠിച്ചതെങ്കിലും എസ്എസ്എല്‍സിക്കു ജിമി നേടിയത് 90 ശതമാനം മാര്‍ക്ക്. സുമിയും 80 ശതമാനത്തിലധികം മാര്‍ക്കോടെ പത്താം ക്ലാസില്‍ വിജയം നേടി.
തോല്‍പ്പിക്കാനാകില്ല
വീട്ടിലിരുത്തിയാണെങ്കിലും കുട്ടികളെ പ്ലസ്ടുവിനു പഠിപ്പിക്കണമെന്നു ജോണും മേരിയും തീരുമാനിച്ചിരുന്നു. സയന്‍സ് ഗ്രൂപ്പെടുത്തു പഠിക്കണമെന്നായിരുന്നു സുമിയുടെയും ജിമിയുടെയും ആഗ്രഹം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം അതുസാധിക്കില്ലെന്ന് അവര്‍ക്കു തോന്നി. തന്നെയുമല്ല പ്രാക്ടിക്കലിനും മറ്റുമായി ലാബില്‍ പോകുന്നതിനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഹ്യൂമാനിറ്റീസ് എടുത്തു പഠിക്കാന്‍ തീരുമാനിച്ചു. ജോണും മേരിയും പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുത്തു. ചില അധ്യാപകരും പഠനത്തിനു സഹായിച്ചു. അവിടെയും അവര്‍ തോറ്റില്ല. 80 ശതമാനത്തോളം മാര്‍ക്കോടെയാണ് ഇരുവരും പ്ലസ്ടുവിന് വിജയം നേടിയത്. എങ്കിലും വീല്‍ചെയറില്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടപ്പെട്ട നാളുകളായിരുന്നു പിന്നീട്. എന്നാല്‍ തോല്‍ക്കാന്‍ ഈ കുട്ടികള്‍ തയാറായിരുന്നില്ല, ഈ മാതാപിതാക്കളും.
പ്ലസ്ടുവും കടന്ന്
നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇരുവരും പ്ലസ്ടുവരെയെത്തിയതെങ്കിലും അതിനേക്കാള്‍ വലിയ വെല്ലുവിളിയായിരുന്നു ഇരുവരെയും കാത്തിരുന്നത്. ബിരുദത്തിന് പ്രവേശനം നേടുകയെന്നതായിരുന്നു അത്. ഇതിനായി പല വാതിലുകളിലും മുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ല. ഒടുവില്‍ പുല്‍പ്പള്ളിക്കു സമീപത്തെ ഒരു കോളജില്‍ ജിമിക്ക് പ്രവേശനം ലഭിച്ചെങ്കിലും അവിടെയും പഠിക്കാന്‍ സാധിച്ചില്ല. ദിവസവും ക്ലാസില്‍ വന്നു പഠിക്കമെന്നു കോളജ് അധികൃതര്‍ വാശിപിടിച്ചതോടെ ആ വഴിയും അടഞ്ഞു. പിന്നീട് പ്രൈവറ്റായി ജിമി ബിരുദ പഠനം ആരംഭിച്ചെങ്കിലും പല തടസങ്ങളും വന്നുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും ജിമിയും പ്ലസ് ടു പാസായി. പിന്നെ ഇരുവരും ചേര്‍ന്നായിരുന്നു ഉപരിപഠനത്തിനുള്ള ശ്രമങ്ങള്‍.
പ്രത്യാശയുടെ കൈപിടിച്ച്
പഠനമെല്ലാം പാതിവഴിയില്‍ മുടങ്ങി സ്വപ്‌നങ്ങള്‍ അസ്തമിച്ചപ്പോള്‍ ജിമിക്കും സുമിക്കും അക്ഷര വെളിച്ചം പകര്‍ന്നതു കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം കോളജാണ്. ജെഡിടി വൈസ് പ്രസിഡന്റ് തോത്തില്‍ റഷീദായിരുന്നു ഇവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കിയത്. ജെഡിടിയില്‍ സൗജന്യമായി പഠനവും താമസവും അദ്ദേഹം ഒരുക്കി. ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കി. ബാച്ചിലര്‍ ഓഫ് മള്‍ട്ടി മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ (ബിഎംഎംസി) കോഴ്‌സായിരുന്നു ഇവരുവരും തെരഞ്ഞെടുത്തത്. അതുവരെ ഉപയോഗിച്ചിരുന്ന വീല്‍ചെയര്‍ മാറ്റി ബാറ്ററി ഘടിപ്പിച്ച സ്വയം നിയന്ത്രിക്കാവുന്ന വീല്‍ചെയറുകളും ഇരുവര്‍ക്കും നല്‍കി. കാംപസ് മുഴുവന്‍ ഇവര്‍ക്കു വീല്‍ ചെയറില്‍ അനായാസം സഞ്ചരിക്കാവുന്ന തരത്തില്‍ സജ്ജീകരിച്ചു. തീര്‍ന്നില്ല, മേരിക്ക് കോളജ് ഹോസ്റ്റലിലെ വാര്‍ഡനായി ജോലിയും നല്‍കി. അമ്മ കൂട്ടിനില്ലാതെ ജിമിക്കും സുമിക്കും ഒരു ദിവസം പോലും കഴിയാനാകുമായിരുന്നില്ല. ജെഡിടി മാനേജിംഗ് ഡയറക്ടര്‍ സി.പി.കുഞ്ഞുമുഹമ്മദും പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു. അതോടെ നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ ഇവര്‍ തിരിച്ചുപിടിക്കുകയായിരുന്നു. പിന്നെ ബിരുദ ക്ലാസിലേക്ക്. ജിമി ആദ്യമായായിരുന്നു ഒരു ക്ലാസ്മുറിയുടെ അന്തരീക്ഷത്തില്‍ പഠിക്കാനെത്തുന്നത്. പുതിയ കൂട്ടുകാര്‍, അധ്യാപകര്‍. കോളജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ഇഷ്ടം പിടിച്ചു പറ്റാന്‍ ഇരുവര്‍ക്കും അധികസമയം വേണ്ടിവന്നില്ല.

പഠനം, പിന്നെ ജോലി
മൂന്നു വര്‍ഷങ്ങള്‍ പെെട്ടന്നു കടന്നുപോയി. ബിരുദപഠനം പൂര്‍ത്തിയായി. ഫൈനല്‍ പരീക്ഷയായി. ഫലം വന്നപ്പോള്‍ ഒന്നാം റാങ്കോടെയാണ് ജിമി വിജയിച്ചത്. സുമിക്കാകട്ടെ ഫസ്റ്റ് ക്ലാസ്. ബിരുദപഠനം പൂര്‍ത്തിയായെങ്കിലും ജെഡിടി കോളജ് അധികൃതര്‍ ഇവരെ ഇവിടെ നിന്നും പറഞ്ഞയയ്ക്കാന്‍ തയാറായിരുന്നില്ല. എംഎ മള്‍ട്ടി മീഡിയ കോഴ്‌സിന് ഇവര്‍ക്ക് ഇവിടെത്തന്നെ അഡ്മിഷന്‍ നല്‍കി. ബിരുദാനന്തര ബിരുദത്തിനും ഉയര്‍ന്ന മാര്‍ക്കോടെ ഇവര്‍ വിജയിച്ചു. അതോടെ ജെഡിടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇവര്‍ക്കു അധ്യാപകരായി ജോലിയും നല്‍കി.
കരുത്തു നല്‍കാന്‍ അമ്മ
ചെറുപ്പം മുതല്‍ തങ്ങള്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം പകര്‍ന്നു നല്‍കുന്നത് അമ്മയാണെന്ന് ജിമിയും സുമിയും പറയുന്നു. ഒന്നിനും സാധിക്കാതെ ജീവിതത്തില്‍ പകച്ചു നിന്നപ്പോഴൊക്കെ ജീവിതത്തിന് ശക്തിയും പ്രചോദനവും നല്‍കിയത് അമ്മയാണ്. രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി കിടക്കുന്നതു വരെ അമ്മ വേണം. ഒപ്പം എല്ലാത്തിനും തണലായി അച്ഛനും. അമ്മയുടെയും അച്ഛന്റെയും നിശ്ചയദാര്‍ഢ്യം ഒന്നു മാത്രമാണ് തങ്ങളുടെ ഓരോ വിജയത്തിനും പിന്നിലെന്ന് ഇരുവരും പറയുന്നു. എന്നാല്‍ അസുഖബാധിതനായ ജോണിക്ക് ഇപ്പോള്‍ ജോലിക്കു പോകാനാകുന്നില്ല. മേരിക്കാകട്ടെ ഒരു ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുമുണ്ട്.
സ്വപ്‌നങ്ങള്‍
മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയത്തില്‍ പഠിച്ചു പിഎച്ച്ഡി നേടുകയാണ് ഇരുവരുടെയും സ്വപ്‌നം. സമാനമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കുവേണ്ടിയുള്ള ഗവേഷണങ്ങളും പഠനങ്ങളും നടത്തണം. അത് സമൂഹത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ ചെയ്യാന്‍ സാധിക്കണം. ഒരു സര്‍ക്കാര്‍ ജോലി നേടണം. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ജിമിയും സുമിയും. വിധിയുടെ മുന്നില്‍ പകച്ചു നല്‍ക്കാതെ എല്ലാം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്ന ഇവര്‍ക്ക് ഈസ്‌റ്റേണ്‍ ഭൂമിക അവാര്‍ഡ്, യെസ് ബാങ്ക് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ഉയരങ്ങളിലേക്ക്
ചിരിച്ചുകളിച്ചു നടന്ന ബാല്യമോര്‍ക്കുമ്പോള്‍ ജിമിക്കും സുമിക്കും കണ്ണു നിറയുന്നുണ്ട്. എന്നാല്‍ ജീവിതത്തോടു ചേര്‍ത്ത വീല്‍ചെയറിലിരുന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കുമ്പോള്‍ ഇരുവരും വിധിയെ പഴിക്കുന്നില്ല. ആരോടും പരിഭവമോ പരാതിയോ ഇല്ല. മുഖത്തു നിറഞ്ഞു നില്‍ക്കുന്നത് ദൃഢനിശ്ചയം മാത്രം.
റിച്ചാര്‍ഡ് ജോസഫ്
ചിത്രങ്ങള്‍: രമേഷ് കോട്ടുളി