വർക്കിംഗ് സ്പേസ് ഒരുക്കി വിസ്താര
എന്തെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ തന്നെ പ്രവർത്തിക്കാനാവശ്യമായ സ്ഥലമില്ല അല്ലെങ്കിൽ വലിയ വാടക നൽകണം എന്നെല്ലാമുള്ള പരാതികളാണ് പലപ്പോഴും സംരംഭകർക്ക് പറയാനുള്ളത്. എന്നാൽ അത്തരമൊരു പരാതിക്ക് ഇനി അവസരമില്ലെന്ന് പറയുകയാണ് ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക് കന്പനിയായ ശ്രീനികേതനയുടെ പുതിയ സംരംഭമായ വിസ്താര’.

സ്റ്റാർട്ടപ്പുകൾ, ബിസിനസുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാനാവശ്യമായ ഇടമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. എറണാകുളത്ത് കനോണ്‍ ഷെഡ് റോഡിലാണ് വിസ്താര പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

നാല് വിഭാഗമായി

സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും പ്രവർത്തിക്കാനാവശ്യമായ ഇടത്തെ നാലു വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. പ്രീമിയം, സ്റ്റാൻഡാർഡ്, എക്സിക്യുട്ടീവ്, വർക്ക്സ്റ്റേഷൻ എന്നിവയാണത്.
ഓരോ ഇടവും അത്യാധുനിക സൗകര്യങ്ങളോടെയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എം.ഗിരിധർ പറഞ്ഞു. ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾ, ഇന്‍റീരിയർ ഡിസൈനിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്രീമിയം, സ്റ്റാൻഡാർഡ്, എക്സിക്യുട്ടീവ് എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്. ഹൈഎൻഡ് കസേരകൾ, ടേബിളുകൾ, അലമാരകൾ എന്നിവയെല്ലാം ഓരോ ഇടത്തിലും ഒരുക്കിയിട്ടുണ്ട്.

പ്രീമിയം കാറ്റഗറിയിലുള്ള പ്രവർത്തനയിടം 120 ചതുരശ്രയടിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രതിമാസ വാടക 30000 രൂപ. നൂറു ചതുരശ്രയടിയിൽ തയ്യാറാക്കിയിരിക്കുന്ന സ്റ്റാൻഡാർഡ് കാറ്റഗറിയിലുള്ള ഇടത്തിന് 25000 രൂപയാണ് വാടക. എക്സിക്യുട്ടീവ് സ്പേസ് 80 ചതുരശ്രയിടിയിലാണ്. വാടക 20000 രൂപ. ഓരോ മുറികൾക്കും സ്വന്തമായി ജിഎസ്ടി നന്പർ എടുക്കാനുള്ള സൗകര്യവുമുണ്ടെന്ന് ഗിരിധർ അറിയിച്ചു.
സൗകര്യങ്ങൾ അവസാനിക്കുന്നില്ല

നിലവിൽ 3000 ചതുരശ്രയടിയിൽ മൂന്നു നിലക്കെട്ടിടത്തിൽ തയ്യാറാക്കിയിരിക്കുന്ന വിസ്താരയിൽ മൂന്നു വിഭാഗത്തിലുള്ള വർക്കിംഗ് സ്പേസ് കൂടാതെ വർക്ക് സ്റ്റേഷൻ എന്നൊരു വിഭാഗം കൂടിയുണ്ട്. ഒരാൾക്ക് മാത്രം ഇരുന്ന് ജോലി ചെയ്യാവുന്ന വിധത്തിലുള്ള അഞ്ച് ചെറിയ കാബിനുകളാണ് ഇതിലുള്ളത്. ഒരെണ്ണത്തിന് 6000 രൂപയാണ് വാടക.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫർണിച്ചറുകൾ, കോണ്‍ഫറൻസ് ഹാൾ, 24 മണിക്കൂർ വൈദ്യുതി, വൈഫൈ, സുരക്ഷിതത്വം, പാർക്കിംഗ് ഏരിയ, പൊതുവായിട്ടുള്ള റിസപ്ഷൻ, ഗസ്റ്റ് ലൗഞ്ച്, ഹൗസ് കീപ്പിംഗ്, ബിസിനസ് അഡ്രസ്, പാൻട്രി, സ്കാനിംഗ്, പ്രിന്‍റിംഗ്, സ്റ്റേഷനറി, മെയിൽ, കൊറിയർ സേവനം എന്നിവയെല്ലാം ഉൾപ്പെട്ടതാണ് വിസ്താര.


""റെഡി ടു മൂവ് ഇൻ ഓഫീസ് സ്പേസ് എന്നാണ് സംരംഭത്തെക്കുറച്ച് എം. ഗിരധറിനു പറയാനുള്ളത്. കോണ്‍ഫറൻസ് ഹാളിൽ ഒരേ സമയം 14 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറൻസിനുള്ള സൗകര്യവുമുണ്ട്. ഒരേസമയം 25 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ കാർ പാർക്കിങ് സൗകര്യവും വിസ്താരയുടെ സവിശേഷതയാണ്.

ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മെട്രോ റെയിൽ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് വിസ്താരയിലേക്ക് കുറഞ്ഞ സമയത്തിനുളളിൽ എത്തിച്ചേരാം. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും 30 മിനിറ്റ് മാത്രമാണ് വിസ്താരയിലേക്കുളള യാത്രാ സമയം.

വൈവിധ്യവ്തകരണം

കന്പനിയുടെ വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമാണ് വർച്വൽ ഓഫീസുകൾ സ്ഥാപിക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ ഇത്തരം വർച്വൽ ഓഫീസുകൾ സ്ഥാപിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്. എറണാകുളത്തു തന്നെ നിലവിലെ സംരംഭത്തോട് ചേർന്ന് 15000 ചതുരശ്രയടി സ്ഥലം കൂടിയുണ്ട്. വിസ്താരയുടെ ആദ്യ ഘട്ടം വിജയമാകുകയാണെങ്കിൽ ആ സ്ഥലത്തേക്കു കൂടി വിസ്താരയെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ചിഫ് എക്സിക്യുട്ടീവ് ഓഫീസർ പി.ജി ഗോപകുമാർ പറഞ്ഞു.

ശ്രീനികേതന ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്

1995 ലാണ് കന്പനിയുടെ ആരംഭം. ദക്ഷിണേന്ത്യയാണ് ശ്രീനികേതനയുടെ പ്രധാന മാർക്കറ്റ്. ആദിത്യ ബിർള, യുവി ഗ്രൂപ്പ്, മൈ ഹോം ഇൻഡസ്ട്രീസ്, പെന്ന സിമന്‍റ് എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ. സിമന്‍റും ലിക്വറുമാണ് പ്രധാന ഉത്പന്നങ്ങൾ. കന്പനിയുടെ രജിസ്റ്റേഡ് ഓഫീസ് ചെന്നൈയിലും ഹെഡ് ഓഫീസ് എറണാകുളത്ത് കാനോണ്‍ ഷെഡ് റോഡിലുമാണ് സ്ഥിതിചെയ്യുന്നത്.

പ്രതിവർഷം 50 ലക്ഷം രൂപ വിറ്റുവരവുള്ള കന്പനി 2019-2020-ൽ ഒരു കോടി രൂപയിലേക്ക് എത്താനുദ്ദേശിക്കുന്നതായി ഗോപകുമാർ അറിയിച്ചു. ദക്ഷിണേന്ത്യയിൽ തന്നെ കന്പനിക്ക് നിരവധി അവസരങ്ങളുണ്ട്. ഇവയെ പ്രയോജനപ്പെടുത്തുകയാണ് കന്പനിയുടെ ലക്ഷ്യം.