പണമില്ല, ക്രയശേഷി കുറഞ്ഞു, 1972-73 നു ശേഷം ആദ്യം
മറച്ചുവച്ച മറ്റൊരു റിപ്പോർട്ടുകൂടി പുറത്ത്. രാജ്യത്തെ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞതിന്‍റെ കണക്കാണു സർക്കാർ മാസങ്ങളോളം മറച്ചുവച്ചത്. 1972-73 നു ശേഷം ആദ്യമായി ഇന്ത്യൻ ജനതയുടെ ക്രയശേഷി 2017-18 ൽ താഴോട്ടുപോയി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ "നിർണായക സൂചകങ്ങൾ: ഇന്ത്യയിലെ ഗാർഹിക ഉപഭോഗ ചെലവ്’ എന്ന സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഗവണ്‍മെന്‍റ് ഈ റിപ്പോർട്ട് ഇനിയും ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കണ്ടെത്തലുകൾ

സർവേ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
* ആളോഹരി പ്രതിമാസ ചെലവ് 2011-12 ലെ 1501 രൂപയിൽനിന്ന് 2017-18 ൽ 1446 രൂപയായി താണു. കുറവ് 3.7 ശതമാനം. (2009-10 ലെ സ്ഥിരവിലയിലാണു രണ്ടു കണക്കും).
* ഇക്കാലയളവിൽ ഗ്രാമീണർ ചെലവാക്കുന്ന തുക 8.8 ശതമാനം കുറഞ്ഞു. നഗരവാസികളുടേത് രണ്ടു ശതമാനവും.
* ഗ്രാമീണർ ഭക്ഷണത്തിനു ചെലവാക്കുന്ന തുക 10 ശതമാനം കുറഞ്ഞു. നഗരങ്ങളിൽ നാമമാത്രമായി വർധിച്ചു. 2011-12 ൽ ഗ്രാമീണർ പ്രതിമാസം 643 രൂപ ഭക്ഷണത്തിനു ചെലവാക്കിയത് 2017-18 ൽ 580 രൂപയായി കുറഞ്ഞു. നഗരങ്ങളിൽ 943 രൂപയിൽനിന്ന് 946 രൂപയായി.
* ഗ്രാമീണരുടെ ഭക്ഷ്യേതര ചെലവ് 7.6 ശതമാനം കുറഞ്ഞു. നഗരങ്ങളിൽ 3.8 ശതമാനം കൂടി.

ഞെട്ടിക്കുന്ന വിവരം

ഈ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതും ആശങ്കാജനകവുമാണെന്നു പ്ലാനിംഗ് കമ്മീഷനംഗമായിരുന്ന ഡോ. അഭിജിത് സെൻ പറയുന്നു. ജനങ്ങൾ ഭക്ഷണത്തിനു ചെലവാക്കുന്ന തുക കുറയുന്പോൾ പോഷകക്കുറവ് സംഭവിക്കുന്നു. എണ്ണ, ഉപ്പ്, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വാങ്ങൽ നഗരഗ്രാമ ഭേദമില്ലാതെ കുറഞ്ഞു. രാജ്യത്തു ദാരിദ്ര്യം വർധിച്ചു എന്ന സൂചനയാണ് ഇതിലുള്ളതെന്നു സെൻ പറഞ്ഞു.

മൂടിവയ്ക്കുന്നു

സർവേഫലം പുറത്തുവിടുന്നതിനെപ്പറ്റി സർക്കാരിൽ പലവട്ടം ചർച്ച നടന്നു. സർവേയിലെ നിഗമനങ്ങൾ ശരിയാണോ എന്നു പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചു.

അവർ വിശദമായി പരിശോധിച്ചിട്ട് റിപ്പോർട്ട് ശരിയാണെന്നു പറഞ്ഞു. തുടർന്നു റിപ്പോർട്ട് പുറത്തുവിടാൻ സ്റ്റാറ്റിസ്റ്റിക്സും പ്രോഗ്രാം നടത്തിപ്പും മന്ത്രാലയം അനുമതി നൽകി. 2019 ജൂണിൽ റിപ്പോർട്ട് പുറത്തുവിടുമെന്നു മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. പക്ഷേ, ഇനിയും പുറത്തുവിട്ടിട്ടില്ല.

രാജ്യത്തു തൊഴിലില്ലായ്മ കൂടുന്നുവെന്ന തൊഴിൽ സർവേ ഫലവും ഈയിടെ മൂടിവച്ചിരുന്നു. ഇതേത്തുടർന്നു സർവേയുടെ മേൽനോട്ടം വഹിച്ചിരുന്നയാൾ സർക്കാരിൽനിന്നു രാജിവച്ചു.
2017-18 ലെ തൊഴിൽ സർവേ തൊഴിലില്ലായ്മ 6.1 ശതമാനമാണെന്നും 29 വയസ് വരെയുള്ള യുവാക്കളിൽ 17.8 ശതമാനം തൊഴിൽരഹിതരാണെന്നും കണ്ടെത്തിയിരുന്നു.
ആറുവർഷംകൊണ്ട് തൊഴിലെടുക്കുന്നവരുടെ മൊത്തം സംഖ്യ നാലുശതമാനം കുറഞ്ഞെന്നും ആ സർവേ കണ്ടെത്തി.

1972-നു ശേഷം ആദ്യം

ആറുവർഷത്തിനിടെ ജനങ്ങളുടെ ക്രയശേഷി കുറഞ്ഞത് 1972-73 നു ശേഷമുള്ള ആദ്യസംഭവമാണ്. സ്വാതന്ത്ര്യത്തിനു ശേഷം മറ്റെല്ലാക്കാലത്തും ജനങ്ങളുടെ ക്രയശേഷി ഉയർന്നിട്ടേ ഉള്ളൂ.

2012-13 മുതലാകും ജനങ്ങളുടെ വരുമാനം കുറഞ്ഞതെന്നു പ്ലാനിംഗ് കമ്മീഷനംഗമായിരുന്ന ഡോ. സെൻ കരുതുന്നു. അതുവരെ ഗ്രാമീണ വേതനനിലവാരം ഓരോ വർഷവും ഉയരുന്നുണ്ടായിരുന്നു. വേതനവർധന ഇല്ലാതായപ്പോൾ വരുമാനം കുറഞ്ഞു; ക്രയശേഷി താണു.

മുരടിപ്പിനു കാരണം സർക്കാർ: ഡോ. മൻമോഹൻസിംഗ്


രാജ്യത്തെ സാന്പത്തിക മുരടിപ്പിനു കാരണം സർക്കാരാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്. “പൗരസഞ്ചയത്തിനു സർക്കാരിൽ വിശ്വാസമില്ലാതായിരിക്കുന്നു; സർക്കാർ സ്ഥാപനങ്ങളെ അവർ അവിശ്വസിക്കുന്നു. ഇതാണു നീണ്ടുനില്ക്കുന്ന മുരടിപ്പിനു കാരണം’’ ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഡോ. സിംഗ് കുറ്റപ്പെടുത്തി.
സാന്പത്തികവളർച്ചയുടെ ഉപകരണങ്ങളാകേണ്ട ആൾക്കാരിൽ ഭയവും അവിശ്വാസവും നിറഞ്ഞിരിക്കുന്നു. സമൂഹത്തെ ബന്ധിപ്പിച്ചിരുന്ന പരസ്പര വിശ്വാസത്തിന്‍റെ ആവരണം കീറിക്കളഞ്ഞിടത്താണു സാന്പത്തിക കുഴപ്പങ്ങളുടെ തുടക്കം.

സാന്പത്തികവളർച്ച, തൊഴിൽ തുടങ്ങിയ മേഖലകളിലെ ദയനീയ സാഹചര്യം വിലയിരുത്തിയ ലേഖനത്തിൽ, താനൊരു പ്രതിപക്ഷാംഗം എന്ന നിലയിലല്ല ധനശാസ്ത്ര വിദ്യാർഥി എന്ന നിലയിലാണ് ഇതെഴുതുന്നതെന്നു സിംഗ് വിശദീകരിക്കുന്നു.

പീഡനം ഭയന്ന് വ്യവസായികൾ

“സർക്കാരിന്‍റെ പീഡനം ഭയന്നാണു തങ്ങൾ കഴിയുന്നതെന്ന് പല വ്യവസായികളും എന്നോടു പറയുന്നുണ്ട്. ശിക്ഷ ഭയന്നു ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുന്നില്ല. പരാജയപ്പെട്ടാൽ ദുരാരോപണങ്ങൾ ഉയരുമെന്ന ഭീതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിൽനിന്ന് ആൾക്കാർ വിട്ടുനിൽക്കുന്നു:’’ ഡോ. സിംഗ് വിവരിച്ചു.

സർക്കാരിലും വിവിധ സ്ഥാപനങ്ങളിലുമുള്ള നയരൂപീകരണക്കാരും വിദഗ്ധരും സത്യം പറയാനും സത്യസന്ധമായ ചർച്ചകളിൽ ഏർപ്പെടാനും ഭയപ്പെടുന്നു. പല സ്വതന്ത്ര സ്ഥാപനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായി. നിയമവിരുദ്ധമായ നികുതി പീഡനങ്ങളെയോ അന്യായമായ നിയന്ത്രണങ്ങളെയോ ചെറുക്കുന്നതിനു ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സംവിധാനങ്ങൾ ഇല്ലാതായിരിക്കുന്നു.

എല്ലാവരെയും സംശയം

വ്യവസായികൾ, ബാങ്കർമാർ, നയാവിഷ്കാരകർ, സംരംഭകർ തുടങ്ങി സാധാരണ പൗരന്മാർവരെ സർക്കാരിനെ വഞ്ചിക്കാൻ തുനിയുന്നവരാണെന്ന സംശയമാണു സർക്കാരിനുള്ളത്. സമൂഹത്തിലെ പരസ്പരവിശ്വാസം ഇല്ലാതാക്കിയത് ഈ സംശയമാണ്. “ഇതു സാന്പത്തിക വികസനം നിശ്ചലമാക്കിയിരിക്കുന്നു. ബാങ്കർമാർ വായ്പ കൊടുക്കുന്നില്ല, വ്യവസായികൾ മൂലധനനിക്ഷേപം നടത്തുന്നില്ല, നയങ്ങൾ ഉണ്ടാക്കേണ്ടവർ അതു ചെയ്യുന്നില്ല:’’ സിംഗ് എഴുതി.
എല്ലാവരെയും എല്ലാറ്റിനെയും സംശയത്തോടും അവിശ്വാസത്തോടും കൂടിയാണു മോദിസർക്കാർ നോക്കുന്നത്. ഒപ്പം സ്വയം ധാർമിക പോലീസ് ചമഞ്ഞ് വങ്കത്തങ്ങൾ കാട്ടിക്കൂട്ടുന്നു. മഹാ അബദ്ധമായി മാറിയ കറൻസി റദ്ദാക്കൽ അതിലൊന്നാണ്.

സ്റ്റാഗ്ഫ്ളേഷൻ

സാന്പത്തിക വളർച്ച കുറയുകയും വിലകൾ കൂടുകയും ചെയ്യുന്ന സ്റ്റാഗ്ഫ്ളേഷൻ എന്ന പ്രതിഭാസത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. വലിയ സന്പദ്ഘടനകൾക്കു സ്റ്റാഗ്ഫ്ളേഷൻ പോലുള്ള ദുരവസ്ഥകളിൽനിന്നു കരകയറാൻ ഏറെക്കാലം വേണ്ടിവരും.
പണനയംകൊണ്ടു മാത്രം ഈ ദൂഷിതവലയത്തിൽനിന്നു പുറത്തുചാടാനാവില്ല. സർക്കാർ ചെലവ് വർധിപ്പിക്കുന്നതുപോലുള്ള നടപടികളും ആവശ്യമാണ്. ജനങ്ങളുടെ ഉപഭോഗച്ചെലവ് കൂട്ടാൻ അടിയന്തര നടപടി സർക്കാരിൽനിന്ന് ഉണ്ടാകണം.

സംരംഭകരിലും വ്യവസായികളിലും ആത്മവിശ്വാസം വളർത്തി മൂലധനനിക്ഷേപത്തിന് അവരെ പ്രേരിപ്പിക്കണം. നമ്മുടെ സന്പദ്ഘടന ഇന്നു മുഖ്യമായും സ്വകാര്യ സംരംഭകരുടെ പ്രവർത്തനഫലമാണ്. ശാസനകളോ പേടിപ്പിക്കലുകളോകൊണ്ട് സന്പദ്ഘടനയെ ഉത്തേജിപ്പിക്കാനാവില്ല. വലിയ വാചകങ്ങളോ മാധ്യമങ്ങളിലെ വാഴ്ത്തലുകളോകൊണ്ടു സാന്പത്തികവളർച്ച ഉണ്ടാവില്ല: ഡോ. സിംഗ് ചൂണ്ടിക്കാട്ടുന്നു.