പ്രിയംവദയ്ക്കിത് സ്വപ്നസാക്ഷാത്കാരം
അമാനുഷിക കഥാപാത്രങ്ങളോ ഗ്ലാമര്‍ തരംഗങ്ങളോ വയലന്‍സോ തൊട്ടുതീണ്ടാത്ത ഒരു കവിതപോലെ മനോഹരമായ സിനിമയാണ് ഷാനവാസ് കെ. ബാവക്കുട്ടിയുടെ തൊട്ടപ്പന്‍. മലയാളികള്‍ ഒന്നാകെ നെഞ്ചില്‍ത്തൊട്ട് ഏറ്റെടുത്ത ഈ സിനിമയില്‍ തന്റെ അഭിനയത്തികവുകൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പുതുമുഖ നായിക പ്രിയംവദ കൃഷ്ണന്‍. വെള്ളിത്തിരയില്‍ അക്ഷരാര്‍ഥത്തില്‍ തൊട്ടപ്പന്റെ പ്രിയ 'സാറ'യായി ജീവിച്ച പ്രിയംവദ കൃഷ്ണന്റെ അനുഭവങ്ങളിലൂടെ...

? തൃശൂര്‍ പൂങ്കുന്നം നഗരത്തില്‍ ജനിച്ചു വളര്‍ന്ന് ചെന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷനു പഠിക്കുന്ന തികച്ചും മോഡേണായ പ്രിയംവദയ്ക്ക് എങ്ങനെ സാറയാകുവാന്‍ കഴിഞ്ഞു.

പരുക്കന്‍ ജീവിതത്തോടു മല്ലിടുന്ന, ചെറിയ കളവുകളും വലിയ ചങ്കൂറ്റവും ഒക്കെയായി ജീവിക്കുന്നതുരുത്തിലെ ഒരു തനി നാടന്‍ പെണ്ണാണ് സാറ. സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി സാര്‍, തിരക്കഥാകൃത്ത് റഫീക്ക് സാര്‍, ഛായാഗ്രാഹകന്‍ സുരേഷ് രാജന്‍ സാര്‍ ഉള്‍പ്പെടെയുള്ള ഒരു ടീമിന്റെ വിജയമാണ് സാറ എന്നു പറയാം. നല്ല കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുക എന്നത് എന്റെ വലിയ സ്വപ്‌നമായിരുന്നു. അതിനായി ഞാന്‍ മുഴുവന്‍ മനസും അര്‍പ്പിച്ചു. ഞാന്‍ എന്ന വ്യക്തിയും സാറയും തമ്മില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ മനസുകൊണ്ട് സാറ എന്ന നെഞ്ചുറപ്പുള്ള തുരുത്തിലെ പെണ്‍കുട്ടിയായി മാറുവാന്‍ ഞാന്‍ ശ്രമിച്ചു. മേക്ക്ഓവറിലാണ് സാറയുടെ ബാഹ്യരൂപം സത്യമാക്കിയത്. പുരികം ത്രെഡ് ചെയ്യാതെയും മറ്റും ഒരു നാടന്‍ ഛായ വരുത്തുവാന്‍ ശ്രദ്ധിച്ചു. അങ്ങനെ ഉള്ളിലും പുറമേയും സാറയുടെ ഓരോ അംശവും ഉള്‍ക്കൊള്ളുകയായിരുന്നു. പിന്നെ വിനായകന്‍ സാര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ പിന്തുണയും സാറയായി ജീവിക്കുവാന്‍ എന്നെ സഹായിച്ചു.

സിനിമയില്‍ എന്റെ തലതൊട്ടപ്പനാണ് വിനായകന്‍ സാര്‍ (ഇത്താക്ക് എന്ന കഥാപാത്രം). സ്വന്തം അച്ഛനെപ്പോലെയോ അതിലേറെയോ ആത്മബന്ധമുണ്ട് ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്കും. ഇത്താക്കയുടെ സാറയായി മാറുവാന്‍ ഞാന്‍ എന്നാലാവുംവിധം ശ്രമിച്ചു.

വിനായകനൊപ്പം

വിനായകന്‍ സാറിനെപ്പോലെ ഒരു അതുല്യ നടനോടൊപ്പം അഭിനയിക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുകയാണ്. വിനായകന്‍ സാറിന്റെ അതുല്യ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ അതുപോലുള്ള സിനിമകളില്‍ അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണു ഞാന്‍. വളരെ അപ്രതീക്ഷിതമായാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുവാനുള്ള അവസരം ലഭിച്ചത്. അതുകൊണ്ടുതന്നെ ആദ്യം നല്ല ടെന്‍ഷനുണ്ടായിരുന്നു.

മറ്റൊരു പ്രധാന കാര്യം, വിനായകന്‍ സാറിനെ ഏറെ ആരാധിച്ചിരുന്ന ഞാന്‍ അദ്ദേഹത്തെ നേരിട്ടു കാണുന്നത് സംവിധായകന്‍ 'ആക്ഷന്‍' പറഞ്ഞ നിമിഷത്തിലാണ്. തൊട്ടപ്പന്‍ എന്ന കഥാപാത്രമായി, അതായത് ആ വേഷത്തിലാണ് ഞാന്‍ ആദ്യം കാണുന്നതും. എന്റെ സിനിമാജീവിതത്തിലെ അനര്‍ഘനിമിഷമാണത്. വളരെ സ്‌പെഷല്‍ എന്നൊക്കെ പറയാം. സാറിനെപ്പോലെ അഭിനയത്തില്‍ വളരെ ഉയരത്തില്‍ നില്ക്കുന്ന നടന്റെ ഒപ്പം ആദ്യം കാമറയെ അഭിമുഖീകരിക്കുമ്പോള്‍ ഏറെ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനം എന്നെ വളരെ സഹായിച്ചു. ഒന്നും പേടിക്കണ്ട. നന്നായി അഭിനയിക്കാന്‍ കഴിയും എന്നൊക്കെ പറഞ്ഞ് എന്നെ ഏറെ കംഫര്‍ട്ടബിള്‍ ആക്കി. അതുകൊണ്ടുതന്നെ കാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള്‍ അഭിനയിച്ചു നോക്കാം എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായി.

? നടന്‍ റോഷന്‍ മാത്യുവുമായുള്ള കെമിസ്ട്രി. 'മീനേ... ചെമ്പുള്ളി മീനേ.. ' എന്ന ഗാനം വലിയ ഹിറ്റാണല്ലോ

കോമ്പിനേഷന്‍ സീനുകളില്‍ ഒപ്പം അഭിനയിക്കുന്ന നടന്റെ യോ നടിയുടെയോ നല്ല പിന്തുണ ഉണ്ടെങ്കിലേ നമുക്കു നന്നായി അഭിനയിക്കുവാന്‍ സാധിക്കൂ. പ്രണയരംഗങ്ങളില്‍ ആണെങ്കില്‍ പ്രത്യേകിച്ചും. റോഷന്‍ ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. സെറ്റില്‍ കഥാപാത്രങ്ങളുടെ പേരുപറഞ്ഞാണ് പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. റോഷന്‍ ചേട്ടനെ ഞാന്‍ ഇസ്മു (ഇസ്മയില്‍) എന്നാണ് വിളിച്ചിരുന്നത്. സാറ എന്നാണ് എന്നെയും എല്ലാവരും സംബോധന ചെയ്തിരുന്നതും. നടന്മാരായ ലാല്‍ സാര്‍, മനോജ് കെ. ജയന്‍ സാര്‍, ദിലീഷ് പോത്തന്‍ സാര്‍, സുനില്‍ സുഗതസാര്‍, മഞ്ജു പത്രോസ് ചേച്ചി എന്നിവരുടെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു. സിനിമയില്‍ അദ്രുമാനായി എത്തുന്ന തിരക്കഥാകൃത്തായ രഘുനാഥ് പലേരി സാറിന്റെ സ്‌നേഹവും പിന്തുണയും മനസില്‍ എന്നും സൂക്ഷിക്കുന്നു. സാറിന്റെ ആദ്യസിനിമയാണിത്. ആദ്യഷോട്ട് എന്റൊപ്പമാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.

? തുരുത്തിലെ ഒരു നാടന്‍ ഭാഷാരീതി തൃശൂര്‍ ഭാഷ സംസാരിക്കുന്ന പ്രിയംവദ എങ്ങനെ സ്വന്തമാക്കി. ഡബ്ബിംഗും പ്രിയംവദ തന്നെയാണല്ലോ ചെയ്തത്

അതേ. കടമക്കുടി, പൂച്ചാക്കല്‍ തുടങ്ങിയ കൊച്ചിയിലെ പ്രദേശങ്ങളാണ് ലൊക്കേഷന്‍. ആ ഭാഗത്തൊക്കെ ഉപയോഗിക്കുന്ന ഒരു പ്രത്യേക നാടന്‍ ഭാഷാവഴക്കമുണ്ട്. അത്തരത്തിലെ സ്ലാങ്ങ് എനിക്കു തീരെ പരിചയമുണ്ടായിരുന്നില്ല. ജീവിതത്തില്‍ കേട്ടിട്ടുപോലുമില്ല. ഒരു ആംഗ്ലോ ഇന്ത്യന്‍ സ്പര്‍ശമുള്ള സംസാരഭാഷയാണ്.
തൊട്ടപ്പനില്‍ അഭിനയിച്ചിട്ടുള്ള അനിതച്ചേച്ചിക്കൊപ്പം താമസിച്ചാണ് ഈ ഭാഷാവഴക്കം ഞാന്‍ പഠിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അനിതച്ചേച്ചിക്കൊപ്പം താമസിച്ച സമയത്താണ് കക്ക വാരാനും വഞ്ചി തുഴയാനുമൊക്കെ പഠിച്ചതും.

സിനിമയുടെ തുടക്കംതന്നെ ഞാന്‍ കക്ക വാരുന്ന രംഗമാണ്. വെള്ളത്തിനടിയില്‍ മുങ്ങി ചെളിയില്‍നിന്നും കക്കവാരാനൊക്കെ എന്റെ ഒപ്പം രംഗത്ത് ഉള്ളവര്‍ പറഞ്ഞുതന്നു. നിത്യജീവിതത്തില്‍ കക്ക വാരുന്ന രണ്ടു ചേച്ചിമാരും തുടക്കത്തിലെ രംഗത്തുണ്ട്.

വ്യത്യസ്തയുള്ള കഥാപാത്രം

ഒരു സിനിമാ നടിയാകണമെന്നു ഞാന്‍ ആഗ്രഹിച്ചു തുടങ്ങിയതുതന്നെ നല്ല സിനിമകള്‍ കണ്ടപ്പോഴാണ്. നല്ല കഥാപാത്രങ്ങള്‍ മനസില്‍ നിറഞ്ഞപ്പോഴാണ്. വളരെ റിയലിസ്റ്റിക്കായ ഒരു കഥാപാത്രമാവുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. സാറ എന്ന കഥാപാത്രത്തെപ്പോലെ നമ്മള്‍ മുമ്പ് കാണാത്തതരം പെണ്‍കുട്ടി. വെര്‍ജിന്‍ കഥാപാത്രമെന്നൊക്കെ പറയുന്നപോലെ ആരും ഇതുവരെ സ്പര്‍ശിക്കാത്ത രീതിയിലെ കഥാപാത്രം. അതായിരുന്നു ഉള്ളില്‍. പിന്നെ നല്ല കഥാപാത്രം എന്നു പറയുന്നത് ഗ്ലാമറസ് ആകണമെന്നോ മോഡേണ്‍ ആകണമെന്നോ ഇല്ലല്ലോ.

? അപ്പോള്‍ സാറ പോലുള്ള കഥാപാത്രങ്ങളെ ആണോ ഇനിയും സ്വീകരിക്കുക

അങ്ങനെയില്ല. ഒരു നടി എന്ന നിലയില്‍ വ്യത്യസ്തതരം കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അഭിനേത്രി എന്ന നിലയില്‍ എന്നെ തന്നെ അപഗ്രഥിക്കുന്ന, അതായത് സ്വയം എക്‌സ്‌പ്ലോര്‍ ചെയ്യുന്നതരം കഥാപാത്രം ലഭിച്ചാല്‍ ഏറെ സന്തോഷം.

? വരും കാലങ്ങളില്‍ പ്രിയംവദ വളരെ സെലക്ടീവ് ആകും എന്നാണോ പറയുന്നത്

സെലക്ടീവ് ആവുക എന്നതല്ല അതിനര്‍ഥം. എനിക്കു തോന്നുന്നത് ഇപ്പോള്‍ സിനിമ സെലക്ട് ചെയ്യേണ്ട ആവശ്യമില്ല. അത്രയും നിലവാരമുള്ള വളരെ കലാമൂല്യമുള്ള സിനിമകളാണ് വരുന്നത്.

? ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് സൂപ്പര്‍ഹിറ്റ് താരറാണിമാരാകുന്ന ഒരു ട്രെന്‍ഡ് സിനിമാലോകത്ത് ഉണ്ടല്ലോ


ഗ്ലാമര്‍ വേഷം ചെയ്താല്‍ മാത്രമേ പ്രേക്ഷകലോകം സ്വീകരിക്കൂ എന്നു കരുതുന്നില്ല. സിനിമയെ നന്നായി മനസിലാക്കുന്ന ഒരു പ്രേക്ഷക സമൂഹമാണ് ഇന്നുള്ളത്. സിനിമയുടെ സാങ്കേതികത മുതലുള്ള ഘടകങ്ങള്‍ അതിസൂക്ഷ്മം ശ്രദ്ധിക്കുന്ന ആസ്വാദകരുണ്ട്. പശ്ചാത്തല സംഗീതം, വസ്ത്രാലങ്കാരം, ഛായാഗ്രഹണം അങ്ങനെ സിനിമയുടേതായ എല്ലാം ജനം മനസിലാക്കുന്നുണ്ട്. അതിനാല്‍ കാമ്പുള്ള ആാവുള്ള കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കും. തൊട്ടപ്പനു ലഭിച്ച ആസ്വാദ്യതയും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്ന വിലയിരുത്തലുകളും ഇതിനു തെളിവാണ്.

? പച്ചയായ ജീവിതത്തെ തൊട്ടുനിന്നുള്ള ആദ്യ അഭിനയം ഇടയ്‌ക്കെങ്കിലും ബുദ്ധിമുായി തോന്നിയിരുന്നോ
ഒന്നുമില്ല. എനിക്കു തീരെ പരിചിതമല്ലാത്ത ഒരു ഇടം തന്നെയായിരുന്നു. എന്നാല്‍ ഞാന്‍ വളരെയേറെ ആഗ്രഹിച്ച ഒന്നാണ് സിനിമാഭിനയം. അതിനാല്‍ ബുദ്ധിമുട്ടായി തോന്നിയില്ല.

ആദ്യ സിനിമ വെള്ളിത്തിരയില്‍ കണ്ടപ്പോള്‍

എനിക്കു എക്‌സ്പ്രസ് ചെയ്യുവാന്‍ തന്നെ കഴിയാത്ത അനുഭവമാണ്. സിനിമയില്‍ അഭിനയിക്കണമെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും ഞാന്‍ അതിയായി ആഗ്രഹിച്ച ഒന്നാണ്. എന്റെ സ്വപ്‌നം കണ്‍മുന്നില്‍ സത്യമാകുന്നത് കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഉണ്ടായി. സാറയുടെ കാര്യം എടുത്താല്‍ ചില ഭാഗങ്ങളില്‍ കുറച്ചുകൂടി ഇംപ്രൂവ്‌മെന്റ് ആകാമെന്നു തോന്നി.

തൊട്ടപ്പനില്‍ എത്തിയത്

ചെന്നൈ എസ്ആര്‍എം സര്‍വകലാശാലയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയാണ് ഞാന്‍. നേരത്തേ പറഞ്ഞതുപോലെ സിനിമ എന്റെ എക്കാലത്തെയും വലിയ സ്വപ്‌നമാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. തൊട്ടപ്പന്‍ എന്ന സിനിമയിലേക്കു നടിയെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തെക്കുറിച്ച് അച്ഛനാണ് എന്നോടു പറഞ്ഞത്. കിസ്മത്ത് എന്ന സിനിമയുടെ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി സാര്‍ ആണ് സംവിധായകന്‍ എന്ന് അറിഞ്ഞപ്പോള്‍ ഓഡിഷനുപോയി നോക്കാം എന്നു തോന്നി. പി.എസ്. റഫീക്ക് സാറിന്റെ തിരക്കഥ ആണെന്നതും സന്തോഷം നല്കിയ ഒന്നാണ്.

അഭിനയ പരിചയം

ചെറുപ്പത്തില്‍ തൃശൂര്‍ ചേതനയുടെ സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത് ഒന്നു രണ്ടു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതല്ലാതെ മറ്റൊരു അഭിനയ പരിചയവുമില്ല.

സാറയിലേക്കുള്ള പരിശീലന വഴികള്‍

ഷൂട്ടിംഗിനു മുമ്പ് ആക്‌ടേഴ്‌സ് ക്യാമ്പ് ഉണ്ടായിരുന്നു. അഭിനയസാധ്യതകള്‍ മനസിലാക്കുവാനും മറ്റ് അഭിനേതാക്കളുമായി നല്ല സൗഹൃദം സ്ഥാപിക്കുവാനും ക്യാമ്പ് സഹായകമായി. പിന്നെ ജയപ്രകാശ് കൂളൂര്‍, ഗോപന്‍ ചിദംബരം, രഘുനാഥ് പലേരി എന്നീ പ്രമുഖര്‍ ക്യാമ്പില്‍ ക്ലാസെടുത്തു.

? വളരെയേറെ വായിക്കുന്ന പ്രിയംവദ തൊട്ടപ്പന്‍ എന്ന ചെറുകഥ ശ്രദ്ധിച്ചിരുന്നോ

യാദൃച്ഛികമായി അങ്ങനെ സംഭവിച്ചിരുന്നു. ചെറുപ്പം മുതലേ അച്ഛന്‍ എനിക്കു നല്ല ചെറുകഥകള്‍ വായിച്ചു തരുന്ന ഒരു പതിവുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പനും വായിച്ചുതന്നിരുന്നു. സാധാരണ ചെറുകഥപോലെയുള്ളതല്ല തൊട്ടപ്പന്‍. രണ്ടു മൂന്നു തവണ വായിച്ചാലേ ശരിയായ ആസ്വാദനം നടക്കൂ. വളരെ ആഴത്തിലുള്ള പ്രമേയമാണ്. അച്ഛന്‍ വായിച്ചുതന്നപ്പോള്‍ അത്രയ്ക്കും ഗഹനമായി ഞാന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. പിന്നീട് വളരെ അവിചാരിതമായി ഇതിലെ സാറയാകേണ്ടി വന്നപ്പോഴാണ് ഞാന്‍ തൊട്ടപ്പനിലേക്കു കൂടുതല്‍ സഞ്ചരിക്കുന്നത്. ആക്‌ടേഴ്‌സ് ക്യാമ്പില്‍ വച്ച് ചെറുകഥാകൃത്ത് ഫ്രാന്‍സിസ് നെറോണ സാര്‍ തന്നെ ഞങ്ങളെ കഥ വായിച്ചു കേള്‍പ്പിച്ചിരുന്നു.

? 2019 ലെ റെയ്‌ന ഇന്റര്‍കോണ്ടിനെന്റല്‍ ഇന്ത്യ മിസ് സൂപ്പര്‍ ഗ്ലോബ് സൗന്ദര്യമത്സരത്തില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നല്ലോ പ്രിയംവദ. ബെസ്റ്റ് ഇന്‍ട്രോഡക്ഷന്‍ എക്‌സ്ട്രീം ടാലന്റ്, സ്‌റ്റൈല്‍ ഐക്കണ്‍, പീപ്പിള്‍സ് ചോയ്‌സ്, ബ്യൂട്ടിഫുള്‍ ഐയ്‌സ് എന്നീ ടൈറ്റിലുകളും ലഭിച്ചിരുന്നുവല്ലോ

അതേ. ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് സെന്‍ട്രല്‍ അമേരിക്കയിലെ കോസ്റ്ററിക്കയില്‍ പോകേണ്ടതുണ്ട്. മോഡലിംഗ് എനിക്ക് ഏറെ ഇഷ്ടമുള്ള ഫീല്‍ഡാണ്. 2016ലെ മിസ് മലബാര്‍ സൗന്ദര്യമത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പ് ആയിരുന്നു. നല്ല ആത്മവിശ്വാസം ഉണ്ടാക്കുവാന്‍ ഈ വേദി എന്നെ സഹായിച്ചു.

സാറയുടെ ബ്യൂട്ടിഫുള്‍ ഐയ്‌സ്

സാറയുടെ കണ്ണുകളെക്കുറിച്ച് പ്രേക്ഷകര്‍ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സാറയുടെ കണ്ണുകളിലെ ബ്രൗണ്‍ നിറം പക്ഷേ ലെന്‍സ് ഉപയോഗിച്ചു വരുത്തിയതാണ്.

? പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി പല്ലവി കൃഷ്ണന്റെ മകള്‍ക്കു നൃത്തം ജന്മവഴി തന്നെ ലഭിച്ചതാണല്ലോ

അതേ. ജന്മസുകൃതമായി ഞാന്‍ കാണുകയാണ്. അ തന്നെയാണ് ആദ്യ നൃത്തഗുരു. തൃശൂരില്‍ അമ്മ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ നിന്നും (ലാസ്യ അക്കാദമി ഓഫ് മോഹിനിയാട്ടം) മോഹിനിയാട്ടവും ഭരതനാട്യവും പ്രഫഷണലായി തന്നെ പഠിച്ചിട്ടുണ്ട്. അമ്മയ്‌ക്കൊപ്പം ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലും നൃത്തപരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. അഭിനയം എന്റെ എക്കാലത്തെയും മോഹവും നൃത്തം പ്രഫഷനുമാണ്. നൃത്തവും അഭിനയവും പരസ്പരപൂരകങ്ങളാണെന്നു തോന്നാറുണ്ട്. നൃത്തം, അഭിനയത്തെയും അഭിനയം നൃത്തത്തെയും സഹായിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് രണ്ടും ഒന്നിച്ചുകൊണ്ടുപോകുവാനാണ് ആഗ്രഹിക്കുന്നത്.

? രവീന്ദ്രനാഥ ടാഗോറിന്റെ മുദ്രപതിഞ്ഞ ചാരു ആണല്ലോ വീട്ടില്‍ പ്രിയംവദ. മലയാള വേരുകള്‍ക്കൊപ്പം ബംഗാളിന്റെ ഒരു കലാസംസ്‌കാരവും പ്രിയംവദയ്ക്കു സ്വന്തമല്ലേ

അതേ. എന്റെ വിൡപ്പേരാണ് ചാരു. ബംഗാള്‍ സ്വദേശിനിയാണ് അമ്മ. കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുവാനാണ് അമ്മ ഇവിടെ എത്തുന്നത് (രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനില്‍ നൃത്തവിദ്യാര്‍ഥിനിയായിരുന്നു). പിന്നീട് കേരളത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയാണ് അച്ഛന്‍ കെ.കെ. ഗോപാലകൃഷ്ണന്‍. എസ്ബിഐയില്‍ നിന്നും വിആര്‍എസ് എടുത്തശേഷം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടം കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. കലാനിരൂപകനും എഴുത്തുകാരനുമാണ്. കഥകളിയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. ഇപ്പോള്‍ തെയ്യത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. എപ്പോഴും നൃത്തവും നൃത്തത്തെക്കുറിച്ചുള്ള വിശേഷങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. വീട്ടില്‍ അമ്മയോട് ബംഗാളിയിലാണ് സംസാരിക്കുന്നത്. അമ്മവഴിയുള്ള ബന്ധുക്കളോടും ബംഗാളിയില്‍ തന്നെ സംസാരിക്കും. മലയാളവും ബംഗാളിയും ഒരുപോലെ എനിക്കു സ്വന്തമാണെന്നു പറയാം.

മാതാപിതാക്കളുടെ പിന്തുണ

അച്ഛന്റെയും അമ്മയുടെയും പൂര്‍ണ പിന്തുണയുള്ളതുകൊണ്ടാണ് എനിക്കു സന്തോഷകരമായി തൊട്ടപ്പനില്‍ അഭിനയിക്കുവാന്‍ കഴിഞ്ഞത്. അച്ഛനുമമ്മയും മാത്രമല്ല അവരുടെ മുഴുവന്‍ കുടുംബക്കാരുടെയും വലിയ പിന്തുണയുണ്ട്. കോല്‍ക്കത്തയില്‍നിന്നും അമ്മയുടെ കുടുംബം മുഴുവന്‍ സിനിമ കാണുവാനായി തൃശൂരില്‍ എത്തിയിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് സിനിമ കണ്ടത്.

എസ്. മഞ്ജുളാദേവി