വീട് പുഞ്ചിരിക്കട്ടെ
വീട് പുഞ്ചിരിക്കട്ടെ
Tuesday, November 19, 2019 5:02 PM IST
ഒരു വ്യക്തിയുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് വീടായി മാറുന്നത്. വീട് എന്ന സ്വപ്‌നം ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതാണ്. ഓരോ ദിവസവും ഓരോ വീടു കാണുമ്പോഴും അഴിച്ചുപണിതും കൂട്ടിയോജിപ്പിച്ചും വീടെന്ന സ്വപ്‌നത്തെ ദിനവും പൊലിപ്പിക്കപ്പെടുന്ന സ്വപ്‌നം കൂടിയാണ് വീട്. വാസ്തു, ഡിസൈന്‍, വലുപ്പം, നിര്‍മാണവസ്തുക്കള്‍, ഉള്ളലങ്കാരങ്ങള്‍, അടുക്കള, അകത്തളഷെല്‍ഫുകള്‍... എന്നിങ്ങനെ വീട് അതിന്റെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും വീട്ടുടമസ്ഥരെ മായപ്പൊന്മാനെപ്പോലെ ഓടിച്ചുകൊണ്ടേയിരിക്കും.

വീടിനു പുറംഭംഗിയൊരുക്കുന്ന പെയിന്റിംഗിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. വിപണിയില്‍ നിരവധി ഉത്പന്നങ്ങളുണ്ട്. വിപണി വാഴുന്ന നാലഞ്ചു ബ്രാന്‍ഡുകള്‍ മുതല്‍ പ്രാദേശികമായി പെയിന്റ് ഉത്പാദിപ്പിക്കുന്ന കമ്പനികളുമുണ്ട്. എല്ലാവരും അവകാശപ്പെടുന്ന ഗുണമേന്മ ഒന്നുതന്നെ. കേരളത്തിന്റെ കാലാവസ്ഥയ്ക്കു വേണ്ടി പ്രത്യേകമായി ഗവേഷണം നടത്തി കണ്ടെത്തിയ ഉത്പന്നം. പായലും പൂപ്പലും പിടിക്കില്ല. അഞ്ചുവര്‍ഷത്തെയും പത്തുവര്‍ഷത്തെയും ഗ്യാരണ്ടിയും ഇവര്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ പെയിന്റിംഗ് കഴിഞ്ഞതിനുശേഷം രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ പൂപ്പല്‍ പിടിക്കുകയോ പായല്‍ പിടിക്കുകയോ ചെയ്താല്‍ കമ്പനിയുടെ ഉറപ്പിനെക്കുറിച്ചോര്‍ക്കാതെ പുതിയ പെയിന്റ് വാങ്ങി പുതിയ നിറത്തില്‍ വീടിനെ മോടിപിടിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിനാല്‍ കമ്പനികളും ഒരു പരിധിവരെ സുരക്ഷിതരാണ്.

എന്താണ് പെയിന്റ്

സാധാരണയായി പെയിന്റ് രണ്ടുതരത്തിലുണ്ട്. വെള്ളത്തോടു യോജിക്കുന്നതും പെട്രോളിയം ഉപോത്പന്നമായ ഓയിലിനോടു യോജിക്കുന്നതും. വെള്ളത്തിനോടു യോജിക്കുന്ന പെയിന്റുകള്‍ എമള്‍ഷന്‍ വിഭാഗത്തില്‍പ്പെടുന്നു. എണ്ണയോടു യോജിക്കുന്നവ ഇനാമല്‍ വിഭാഗത്തിലും. ഭിത്തികളില്‍ പ്രയോഗിക്കുന്നതാണ് എമള്‍ഷന്‍ വിഭാഗത്തില്‍പ്പെടുന്ന പെയിന്റുകള്‍. തടി, ഇരുമ്പ്, ഗ്രില്ല് എന്നിവയിലാണ് ഇനാമല്‍ പെയിന്റ്അടിക്കുന്നത്. ആദ്യ വിഭാഗത്തില്‍ പെടുന്നവയുടെ സാന്ദ്രത ലഘൂകരിക്കുന്നതിനായി വെള്ളമാണ് ചേര്‍ക്കുക. ഇനാമല്‍ പെയിന്റില്‍ സാന്ദ്രത ക്രമപ്പെടുത്തുന്നിനായി പെട്രോളിന്റെ ഉപോത്പന്നങ്ങളായ ടര്‍പ്പന്‍, തിന്നര്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

കേരളത്തിലെ കാലാവസ്ഥയില്‍ കാലവര്‍ഷവും തുലാവര്‍ഷവും ചേര്‍ന്നു ആറുമാസത്തോളം മഴക്കാലമാണ്. അക്കാലം മുഴുവനും അന്തരീക്ഷ ഈര്‍പ്പവും വര്‍ധിച്ചിരിക്കും. അതിനാല്‍ വീടുകള്‍ പായലും പൂപ്പലും വന്ന് അഴകു നഷ്ടപ്പെടാന്‍ സാധ്യതയും ഏറെയാണ്. പിന്നെയുള്ള മൂന്നുമാസം കഠിനമായ വേനല്‍ക്കാലമാണ്. ഇതു പെയിന്റിന്റെ നിറം മങ്ങുന്നതിനും കാരണമാകുന്നു.

എമള്‍ഷന്‍ വിഭാഗത്തില്‍പ്പെടുന്ന പെയിന്റുകളില്‍ പ്ലാസ്റ്റിക് ആവരണവും സിലിക്കണ്‍ ആവരണവും ഉള്‍പ്പെടുത്തിയാണ് വിവിധ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നത്. ഇത്തരം ആവരണങ്ങളാണ് പായലില്‍ നിന്നും പൂപ്പലില്‍ നിന്നും വീടിനെ പരിരക്ഷിക്കുന്നതും. എമള്‍ഷന്‍ പെയിന്റില്‍ പ്ലാസ്റ്റിക്കിന്റെയും സിലിക്കണ്‍ന്റെയും അളവിനെ ആശ്രയിച്ചാണ് പെയിന്റിന്റെ കാലാവധി നിശ്ചയിക്കുന്നത്. വീടിന്റെ അകത്തളങ്ങളില്‍ അടിക്കുന്ന എമള്‍ഷന്‍ പെയിന്റിലും ഉള്ളടക്കം ഇതു തന്നെ. സിലിക്കണ്‍ അളവ് കുടൂമ്പോഴാണ് എമള്‍ഷന്‍ പെയിന്റ് അടിച്ച ഭിത്തിയിലെ കറകള്‍ തുടച്ചുകളായമെന്നും നോ കറ, നോ പാട് എന്നും കമ്പനികള്‍ അവകാശപ്പെടുന്ന പെയിന്റുകള്‍ പുറത്തിറക്കുന്നത്.

കാലാവസ്ഥയെ നിര്‍മാണ ഘത്തില്‍ നിയന്ത്രിക്കാം

കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയില്‍ വീടുനിര്‍മിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആറു മാസം മഴയുള്ളതിനാലാണു മുന്‍കാലത്തു ഓടി കേരളത്തിലെ വീടുകള്‍ക്കു ചാച്ചിറക്കുകള്‍ നിര്‍ബന്ധമായിരുന്നു. കോണ്‍ക്രീറ്റു നിര്‍മാണ ശൈലി വന്നപ്പോഴും സണ്‍ഷെയ്ഡുകള്‍ വീടുകള്‍ക്കു നിര്‍ബന്ധമായും നല്‍കിവരുന്നത്. മേല്‍ക്കൂര ഒരു കുടപോലെ സംരക്ഷണം നല്‍കുന്ന വീടുകളാണ് കേരളത്തിലെ കാലാവസ്ഥയ്ക്കു നന്ന്.

നിര്‍മാണാവസരത്തില്‍ തന്നെ സിമന്റിലും കോണ്‍ക്രീറ്റിലും ചേര്‍ക്കാവുന്ന ലീക്ക് പ്രൂഫ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ പല കമ്പനികളും പുറത്തിറക്കുന്നുണ്ട്. കോണ്‍ക്രീറ്റില്‍ ചേര്‍ക്കാവുന്നവ, പുറും ചുവരിലെ പ്ലാസ്റ്ററിംഗ് സമയത്തു ചേര്‍ക്കാവുന്നവ, നിര്‍മാണം പൂര്‍ത്തിയായ വീടുകളുടെ മേല്‍ക്കൂരയില്‍ വൈറ്റ് സിമന്റിനൊപ്പം ചേര്‍ത്തു പ്രയോഗിക്കാവുന്നവ എന്നിങ്ങനെ ഈര്‍പ്പത്തെയും തടയുന്ന നിരവധി ഉത്പന്നങ്ങളുണ്ട്. ഈര്‍പ്പത്തെ തടയുക എന്നാല്‍ പായലിനെയും പൂപ്പലിനെയും തടയുക എന്നുകൂടിയാണ് അര്‍ഥം. അതിനാല്‍ നിര്‍മാണവസരത്തില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

സണ്‍ഷെയ്ഡുകളുടെ ബീഡിംഗുകള്‍, മേല്‍ക്കൂരയുടെ ബീഡിംഗ്, നേരിട്ടു മഴച്ചാറ്റല്‍ ഏല്‍ക്കുന്ന ചുവരുകള്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ സംരക്ഷണം നല്‍കുന്ന വില കൂടിയ പെയിന്റുകള്‍ പ്രയോഗിക്കുന്നതും നന്നായിരിക്കും.

പ്രതലം ഒരുക്കുന്നതില്‍ ശ്രദ്ധവേണം

ഏതു കമ്പനിയുടെ എത്ര വില കൂടിയ പെയിന്റു വീടിനുവേണ്ടി വാങ്ങുന്നു എന്നതിലല്ല, എപ്രകാരം ഉപയോഗിക്കുന്നു എന്നതാണ് പെയിന്റിന്റെ കാലാവധി നിശ്ചയിക്കുന്നത്. പെയിന്റടിക്കേണ്ടുന്ന പ്രതലം എത്രമാത്രം വൃത്തിയായി പരിചരിക്കുന്നുവോ അതനുസരിച്ചാവും പെയിന്റിന്റെ കാലാവധിയും.

പുതിയ വീടുകളില്‍ സാധാരണയായി ചെയ്യുന്നത് പ്ലാസറ്ററിംഗ് പൂര്‍ത്തിയാക്കി നന്നായി ക്യൂറിംഗ് കഴിഞ്ഞതിനുശേഷം ചുവരുകളില്‍ പ്രൈമര്‍ അടിക്കുന്നു. ഭിത്തികളില്‍ പെയിന്റ് നന്നായി പൊളിഞ്ഞിളകിപ്പോരാതെ പിടിക്കുന്നതിനുള്ള ആദ്യത്തെ കോട്ടാണ് പ്രൈമര്‍. ഇതിനുശേഷം ചുവരുകള്‍ പുട്ടിയിടുന്നു. വൈറ്റ് സിമന്റ് അടിസ്ഥാനമാക്കിയുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത പൗഡറാണ് പുട്ടി. ഇപ്പോള്‍ വിപണിയില്‍ അകത്തളങ്ങള്‍ക്കു പേസ്റ്റു പുട്ടിയും ലഭ്യമാണ്. പുറം ചുവരുകള്‍ക്ക് പൗഡര്‍ പുട്ടി തന്നയാണ് ഉത്തമം.

പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ ചുവരില്‍ അതിസൂക്ഷ്മമായ കുഴികള്‍ ഉണ്ടാവും. അവ മൂടിക്കളഞ്ഞ് ചുവരുകള്‍ മിനുസമുള്ളതാക്കാന്‍ പുട്ടി സഹായിക്കുന്നു. പെയിന്റിന്റെ കാലദൈര്‍ഘ്യവും വര്‍ധിപ്പിക്കും. പ്രൈമര്‍ പ്രയോഗിച്ച ചുവരില്‍ രണ്ടുവം പുട്ടി ഇടുന്നു. ആദ്യം പുട്ടി ഇതിനുശേഷം അത് മണല്‍ത്തരികളുള്ള വാര്‍പേപ്പര്‍ ഉപയോഗിച്ചു ചുവരുകള്‍ തേച്ച് വീണ്ടും മിനുസമുള്ളതാക്കും. ഇപ്പോള്‍ ഇതിനായി സാന്‍ഡിംഗ് മെഷീനുകളുമുണ്ട്. വീട്ടില്‍ പൊടിയാവാതെ ചുവരുകള്‍ സാന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ചു വൃത്തിയാക്കി വാക്വം വഴി പൊടി ഒരു ബാഗില്‍ സംഭരിക്കുന്നു. പിന്നീട് അവ പുറത്തുകളയാന്‍ സാധിക്കും.

പ്രൈമര്‍, രണ്ടു കോട്ട് പുട്ടി, അതിനുശേഷം രണ്ടു കോട്ട് പെയിന്റ് എന്ന ക്രമത്തിലാണു പുതിയ വീടുകളുടെ പെയിന്റിംഗ് നടത്തുന്നത്. പെയിന്റ് അടിക്കും മുമ്പ് ചുവരുകള്‍ എത്രമാത്രം വൃത്തിയാക്കുന്നുവോ അതനുസരിച്ചാവും പെയിന്റടിച്ചതിനു ശേഷമുള്ള ചുവരുകളുടെ ഭംഗിയും നിലനില്പും.

അകത്തളത്തിനും പുറാവരണത്തിനും പ്രത്യേക പെയിന്റുകള്‍

വീടിന്റെ അകത്തളത്തിനും പുറംഭാഗത്തിനും പ്രത്യേകം പ്രത്യേകം പെയിന്റുകളാണ് ബ്രാന്‍ഡഡ് കമ്പനികള്‍ പുറത്തിറക്കുന്നത്. പുറം ചുവരുകള്‍ക്കുള്ള പെയിന്റുകളില്‍ പായലും പൂപ്പലും പിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കും. അതിനാല്‍ പെയിന്റുകള്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം.

അകം പുറം പെയിന്റുകളില്‍ സാധാരണയായി മൂന്നു ഗുണമേന്മയും മൂന്നു വ്യത്യസ്ത വിലകളും കാണാന്‍ സാധിക്കും. സാധാരണയായി ഒരു ലിറ്റര്‍ എമള്‍ഷന്റെ വില തുടങ്ങുന്നത് 140 രൂപയും പതിന്നാലര ശതമാനം നികുതിയും ഉള്‍പ്പെടുന്ന തുകയിലാവും. ഉയര്‍ന്ന ഗ്രേഡുകളിലുള്ള പെയിന്റുകള്‍ക്ക് 240 രൂപ , 340 രൂപ, 400 രൂപ എന്നിങ്ങനെ ഒരു ലിറ്ററിനു വിലവരും.

പെയിന്റിന്റെ ബേയ്‌സ് മോഡലിനു പരമാവധി മൂന്നുവര്‍ഷത്തെ വാറന്റിയാണ് നല്‍കുന്നത്. എന്നാല്‍ പിന്നീടുള്ളവയ്ക്ക് അഞ്ചു വര്‍ഷം, ഏഴുവര്‍ഷം എന്നിങ്ങനെ വാറന്റികള്‍ നല്‍കുന്നുണ്ട്. സ്വന്തം ആവശ്യത്തിനായി പെയിന്റ് വാങ്ങുമ്പോള്‍ മീഡിയം റേഞ്ചിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നതാണ് നന്ന്. അഞ്ചു വര്‍ഷം വാറന്റി ലഭിക്കുന്ന ഉത്പന്നങ്ങള്‍. കാരണം വില കുറഞ്ഞ ഒരു ലിറ്റര്‍ പെയിന്റു നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതലം പെയിന്റു ചെയ്യാന്‍ വില കൂടിയ പെയിന്റിനു സാധിക്കുന്നു. അപ്പോള്‍ മൊത്തം ചെലവില്‍ വലിയ വ്യത്യാസം വരുന്നില്ല. മാത്രമല്ല ഏതുതരം പെയിന്റു ചെയ്യുന്നതിനും തൊഴിലാളികള്‍ക്കു നല്‍കേണ്ടി വരുന്ന വേതനം ഒരുപോലെയാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ വീണ്ടും പെയിന്റു ചെയ്യേണ്ടി വരുമ്പോള്‍ തൊഴിലാളികളുടെ ചെലവും വര്‍ധിക്കുന്നു.


വര്‍ണപൂരിതം വീടിന്‍ ചുവരുകള്‍

വിവിധ കമ്പനികള്‍ പുറത്തിറക്കുന്നത് 4000- 6000 നിറങ്ങളിലുള്ള പെയിന്റുകളാണ്. അതിനാല്‍ സ്വന്തം വീടിന് ഏതു നിറം വേണമെന്നു തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുന്നു. കംപ്യൂട്ടര്‍ സഹായത്തോടെയുള്ള കളര്‍ മിക്‌സിംഗ് മെഷീന്‍ വന്നതോടുകൂടിയാണ് പെയിന്റില്‍ ഇത്രമാത്രം വര്‍ണവിന്യാസം വന്നത്. അല്ലെങ്കില്‍ നാലായിരത്തിലേറെ നിറങ്ങളിലുള്ള പെയിന്റുകള്‍ വിവിധ അളവുകളില്‍ സംഭരിച്ചുവയ്ക്കുക എന്നത് പെയിന്റു ഡീലര്‍മാര്‍ക്കും എളുപ്പമല്ലല്ലോ.

സാധാരണയായി എമള്‍ഷന്‍ പെയിന്റിന്റെ അടിസ്ഥാന നിറം വെളുപ്പ് ആയിരിക്കും. അതിലേക്ക് ഉപയോക്താവ് തെരഞ്ഞെടുക്കുന്ന നിറം കംപ്യൂട്ടര്‍ സഹായത്തോടെ ചേര്‍ത്തു മിക്‌സു ചെയ്തു കൊടുക്കുകയാണ് ഇപ്പോള്‍ പെയിന്റു ഡീലര്‍മാര്‍ ചെയ്യുന്നത്. വിവിധ നിറങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ കാണൂ. എന്റെ വീട് മറ്റെല്ലാ വീടുകളില്‍ നിന്നും വ്യത്യസ്തവും സൗന്ദര്യപൂര്‍ണവും ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ മനസിണങ്ങിയ നിറം തെരഞ്ഞെടുക്കാന്‍ ഇതുമൂലം സാധിക്കുന്നു.


എമള്‍ഷന്‍ പെയിന്റുകളില്‍ വിവിധ നിറങ്ങളെന്നതുപോലെ ഇനാമല്‍ പെയിന്റിലും മനസിണങ്ങിയ നിറം ചേര്‍ക്കാന്‍ കംപ്യൂട്ടര്‍ സഹായത്തോടെ സാധിക്കും. മുമ്പ് ജനല്‍ ഗ്രില്ലുകള്‍ക്കും വാതിലുകള്‍ക്കും വെളുപ്പ്, കറുപ്പ്, തേക്കിന്റെയും മഹാഗണിയുടെയും നിറങ്ങള്‍ എന്നിവ മാത്രമാണു നല്കിയിരുന്നത്. എന്നാല്‍ കംപ്യൂട്ടര്‍ സഹായത്തോടെയുള്ള നിറം ചേര്‍ക്കല്‍ ആരംഭിച്ചതോടുകൂടി എമള്‍ഷന്‍ പെയിന്റില്‍ ലഭിക്കുന്ന എല്ലാ നിറങ്ങളും ഇനാമല്‍ പെയിന്റിലും ലഭിക്കുമെന്നായി. ചുവരുകളുടെ നിറത്തിനൊത്തവിധം ജാലകങ്ങള്‍ക്കും ജാലകങ്ങളുടെ അഴികള്‍ക്കും നിറം നല്‍കാന്‍ സാധിക്കും. ഇങ്ങനെ യോജിച്ച നിറങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഇന്റീരിയര്‍ ഡിസൈനിംഗിനെ അതിമനോഹരമാക്കുന്നു.

നിറം കൊടുക്കാം; സൗന്ദര്യത്തികവോടെ

തെരഞ്ഞെടുക്കാന്‍ ധാരാളം നിറങ്ങള്‍, കറകള്‍ തുടച്ചുകളയാവുന്നതും കഴുകിക്കളയാവുന്നതുമായ വിവിധ ഉത്പന്ന വൈവിധ്യങ്ങള്‍... എങ്കിലും സൗന്ദര്യത്തികവോടെ നിറങ്ങള്‍ തെരഞ്ഞെടുത്തു പ്രയോഗിക്കുന്നതിലൂടെയാണ് വീടിനു സൗന്ദര്യം വര്‍ധിക്കുന്നത്.

അകത്തളങ്ങള്‍ക്കു പൊതുവേ ഇളം നിറങ്ങള്‍ നല്‍കുന്നതാണ് നന്ന്. അതു മുറികള്‍ക്കു ധാരാളം വെളിച്ചം പ്രാധാനം ചെയ്യുന്നു. മുറികള്‍ക്കു വലുപ്പം തോന്നിക്കുന്നിനും ഇളം നിറങ്ങള്‍ സഹായിക്കും. മുറിയുടെ മൂന്നു ചുവരുകള്‍ക്കു ഇളം നിറങ്ങളും ഒരു ചുവരിനു കോണ്‍ട്രാസ്റ്റ് ആയ കടും നിറവും ഉപയോഗിക്കുന്നതും മുറിയുടെ സൗന്ദര്യം വര്‍ധിപ്പിക്കും.

മുറിയുടെ ഉള്ളലങ്കാരങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചാല്‍ പെയിന്റു ചെയ്യുമ്പോഴും അതനുസരിച്ചുള്ള നിറങ്ങള്‍ നല്കി വീടിനെ കൂടുതല്‍ സുന്ദരമാക്കാന്‍ കഴിയും. കര്‍ട്ടണ്‍, മുറിക്കുള്ളിലെ ബീഡിംഗുകള്‍, ഫര്‍ണിച്ചര്‍, സോഫയുടെ കുഷ്യനുകള്‍, ഷെല്‍ഫുകള്‍ എന്നിവയെല്ലാം എങ്ങനെയാവണമെന്നു തീരുമാനിച്ചതിനുശേഷം പെയിന്റ് തെരഞ്ഞെടുക്കുന്നത് വീടിനെ കൂടുതല്‍ അഴകുറ്റതാക്കും. ചുവരുകള്‍ക്കു നല്‍കുന്നതിനോടു യോജിക്കുന്ന നിറങ്ങളുടെ കുറച്ചുകൂടി സാന്ദ്രത കൂടിയ നിറത്തില്‍ മുറിയിലെ ബീഡിംഗ് പെയിന്റു ചെയ്താല്‍ അതുമൊരു ഇന്റീരിയര്‍ ഡിസൈനിംഗ് ആയി മാറും.

പരമ്പരാഗതമായ പെയിന്റിംഗ് രീതികളും മാറി. ഇപ്പോള്‍ എമള്‍ഷന്‍ ചുവരില്‍ അടിക്കുന്നതിനായി റോളറുകള്‍ ആണ് ഉപയോഗിക്കുന്നത്. ബ്രഷ് ഉപയോഗിച്ചു പെയിന്റു ചെയ്യുന്നതിനേക്കാള്‍ തിളക്കവും ഫിനിഷിംഗും ഇതുമൂലം ലഭിക്കുന്നു. ബ്രഷ് ഉപയോഗിച്ചു പെയിന്റു ചെയ്യുമ്പോള്‍ പാടുവീഴുന്നതിനും സാധ്യതയുണ്ട്. ഇപ്പോള്‍ വിപണിയില്‍ ഓട്ടോറോളര്‍ എത്തിയിട്ടുണ്ട്. അതായത് പെയിന്റ് മോട്ടോറിന്റെ സഹായത്തോടെ റോളറിലേക്കു സ്വയമേവ എത്തുന്നു. ഇടയ്ക്കിടെ റോളര്‍ പെയിന്റു ബക്കറ്റില്‍ മുക്കേണ്ട ആവശ്യം വരുന്നില്ല. അതിനാല്‍ ഒരിക്കല്‍ ചുവരില്‍ ഓട്ടോ റോളര്‍ വച്ചുകഴിഞ്ഞാല്‍ പെയിന്റിംഗ് തീര്‍ത്തതിനുശേഷം മാത്രം റോളര്‍ നിറുത്തേണ്ടതുള്ളൂ. മികച്ച ഫിനിഷിംഗ് ലഭിക്കുന്നതിന് ഇതും കാരണമാകുന്നു.

ഡെക്കറേറ്റീവ് പെയിന്റിംഗ്

എമള്‍ഷന്‍ കൊണ്ടു ചുവരുകള്‍ ഒരുക്കുന്നതിനൊപ്പം സ്വീകരണമുറികളില്‍ ഡെക്കറേറ്റീവ് പെയിന്റ് ചെയ്യുന്ന പ്രവണതയും ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ഇതിനായി വിവിധ കമ്പനികള്‍ പ്രത്യേകതരം ഡിസൈനര്‍ റോളറുകളും ഡെക്കറേറ്റീവ് പെയിന്റുകളും പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ കാറ്റലോഗില്‍ നോക്കി, ഇഷ്ടമുള്ള ഡിസൈന്‍ തെരഞ്ഞെടുത്താല്‍ അതിനുസരിച്ചുള്ള ഡെക്കറേറ്റീവ് പെയിന്റുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും.

പുട്ടിയും പ്രൈമറും പ്രയോഗിച്ചു വൃത്തിയാക്കിയ ചുവരുകളില്‍ ആദ്യം ബേസ് കോട്ട് കളര്‍ അടിച്ചതിനുശേഷം ഡിസൈനര്‍ ബ്രഷ് ഉപയോഗിച്ചു പെയിന്റ് അടിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഡിസൈനര്‍ റോളറിലുള്ള ഡിസൈന്‍ ചുവരില്‍ പതിയുന്നു. പ്രതിഭയുള്ള പെയിന്റര്‍മാര്‍ക്ക് ഇങ്ങനെ ചുവരില്‍ വിസ്മയം തീര്‍ക്കാനാവും.

തടി തടിപോലെ സംരക്ഷിക്കാം

ഫര്‍ണിച്ചറില്‍ ബ്രഷുകൊണ്ട് പോളിഷ് അടിക്കുന്നതില്‍ തീരുന്നതായിരുന്നു വീടുകളിലെ തടി സംരക്ഷണം. എന്നാല്‍ പിന്നീട് പോളിഷിംഗിനു പകരം മെലാമിന്‍ എന്ന തടിക്കുള്ള പ്രത്യേകതരം പെയിന്റു വിപണിയില്‍ വന്നു. അതു മെഷീന്‍കൊണ്ടു സ്‌പ്രേ ചെയ്യുന്നതായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മെലാമിന്‍ മങ്ങിപ്പോകുന്നു എന്നതുകൊണ്ട് ഇപ്പോള്‍ ഈര്‍പ്പം പിടിക്കാത്ത, ഫംഗസ് ബാധ ഏല്‍ക്കാത്ത പോളി യൂറത്തലീന്‍ പോളീഷ് ആണ് തടികളില്‍ ഉപയോഗിക്കുന്നത്. ഇതിനു കൂലിച്ചെലവ് ഏറുമെങ്കിലും നിരവധി വര്‍ഷങ്ങള്‍ കേടുകൂടാതെ ഫര്‍ണിച്ചര്‍ പുത്തന്‍പോലെ തിളങ്ങിക്കൊണ്ടിരിക്കും.

തടികള്‍ പെയിന്റു ചെയ്യുമ്പോള്‍ എന്‍സി പുികൊണ്ടു ജോയിന്റുകള്‍ അടച്ച്, സീലര്‍ ഉപയോഗിച്ചു തടിയുടെ സ്വാഭാവിക നിറം വരുത്തിയതിനുശേഷം മണല്‍പേപ്പര്‍ ഉപയോഗിച്ച് ഉരച്ചു മിനുസപ്പെടുത്തിയാണു പോളിയൂറത്തലീന്‍ പോളീഷ് പ്രയോഗിക്കുന്നത്. ഇതുമൂലം ഫര്‍ണിച്ചറുകള്‍ ദീര്‍ഘകാലം നിലനില്‍ക്കും.

തറയിലും ഓടിലും പെയിന്റടിക്കാം

ചുവരുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മാത്രം പെയിന്റടിച്ചിരുന്ന ശീലം ഇപ്പോള്‍ മാറിവരുന്നു. കോണ്‍ക്രീറ്റ്, ഓടുകള്‍, തറയോടുകള്‍, മുറ്റത്തു വിരിച്ചിരിക്കുന്ന ടൈലുകള്‍ എന്നിവിടങ്ങളിലെല്ലാം പെയിന്റടിച്ചു വര്‍ണമനോഹരമാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അതിനെല്ലാം പ്രത്യേകം പ്രത്യേകം പെയിന്റുകളും വിപണിയിലുണ്ട്.

തെരഞ്ഞെടുക്കാന്‍ നിരവധി കളറുകളും ഉത്പന്നങ്ങളും പെയിന്റു വിപണിയില്‍ ഉള്ളതുകൊണ്ട് പലവട്ടം ആലോചിച്ചതിനുശേഷം മാത്രം വീടിന്റെ നിറങ്ങള്‍ തെരഞ്ഞെടുക്കുക. വിദഗ്ധരായ ജോലിക്കാരെ മാത്രം ജോലികള്‍ ഏല്പിക്കണം. വിലയിലെ ചെറിയ വ്യത്യാസം കൊണ്ടു മാത്രം കുറഞ്ഞ പെയിന്റുകള്‍ തെരഞ്ഞെടുക്കാതിരിക്കുക. പെയിന്റിംഗ് അനുബന്ധമായ ജോലികള്‍ കൃത്യമായും പൂര്‍ണമായും ചെയ്യുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും വേണം. അപ്പോള്‍ വീടു തിളങ്ങും; നിങ്ങളുടെ പുഞ്ചിരിയേക്കാള്‍ മനോഹരമായി.

ഡിംബിള്‍ പോള്‍
ഓറഞ്ച് പെയിന്റ് ഹൗസ് ആന്‍ഡ് ഹാര്‍ഡ് വെയര്‍,
പാലാരിവട്ടം, എറണാകുളം