വിവാഹ ഹാരത്തിലും പുതുമ
വിവാഹ ഹാരത്തിലും പുതുമ
Friday, January 3, 2020 4:54 PM IST
കടുംചുവപ്പ് നിറത്തിലെ റോസാദളങ്ങള്‍ നിറഞ്ഞ മംഗല്യഹാരം. ഇടയ്ക്കിടെ ഹരിതാഭമായ വരകള്‍പോലെ പച്ചഇലകള്‍കൊണ്ടുള്ള അലങ്കാരം. ഈ പച്ചസൗന്ദര്യത്തിനു താഴെ സ്വര്‍ണവര്‍ണത്തില്‍ പകുതി വിടര്‍ന്ന റോസാപുഷ്പങ്ങള്‍. ഹാരത്തിന്റെ ചുവട്ടിലും ഗോള്‍ഡന്‍ ത്രെഡുകൊണ്ടുള്ള അലങ്കാരങ്ങളും സ്വര്‍ണ -ചുവന്ന റോസാപ്പൂക്കളും ഇലകളും കാണാം. കല്യാണഹാരത്തിന്റെ അറ്റത്ത് ചുവപ്പ് നിറത്തിലെ കുഞ്ചലമാണ്. തിരുവനന്തപുരത്ത് അടുത്തയിടെ നടന്ന വിവാഹത്തില്‍ വധുവും വരനും അണിഞ്ഞിരുന്ന ചുവപ്പ് റോസാദള പുഷ്പഹാരം ഇങ്ങനെയായിരുന്നു.

വധുതന്നെ ഡിസൈന്‍ ചെയ്തതാണ് ഈ ഗ്രീന്‍- ഗോള്‍ഡന്‍ ലെയ്‌സ് മംഗല്യഹാരം. മുന്‍കാലങ്ങളിലെ ജമന്തി വിവാഹഹാരങ്ങള്‍ പിന്നീട് ട്യൂബ്‌റോസ്, തുളസി തുടങ്ങി വ്യത്യസ്ത പുഷ്പ- ഇല ഹാരങ്ങള്‍ക്കു വഴിമാറി. ഏതാണ്ട് നാലുവര്‍ഷം മുമ്പ് വിവാഹവേദികളില്‍ പ്രത്യക്ഷപ്പെട്ട റോസാപ്പൂദള ഹാരങ്ങള്‍ക്ക് 2019ലും നല്ല ഡിമാന്‍ഡ് ആണ്. എന്നാല്‍ ഈ റോസ് പെറ്റല്‍ഗാര്‍ലന്‍ഡില്‍ തന്നെ വ്യത്യസ്ത അലങ്കാരങ്ങള്‍കൂടി ചേര്‍ത്ത് വളരെ കളര്‍ഫുള്‍ ആക്കുകയാണ് പുതിയ ട്രെന്‍ഡ്.

ഇന്റര്‍നെറ്റില്‍നിന്നും വിവാഹം നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിലെ ഹാര ആല്‍ബത്തില്‍നിന്നും ലഭിക്കുന്ന ഡിസൈനില്‍ തങ്ങളുടെ ഭാവന കൂട്ടിച്ചേര്‍ത്താണ് ഇന്നത്തെ മണവാട്ടികള്‍ തങ്ങളുടെ മംഗല്യഹാരം തെരഞ്ഞെടുക്കുന്നത്.

സാരിക്കും ആഭരണത്തിനും മാച്ച്

വിവാഹസാരിക്കും ആഭരണത്തിനും യോജിക്കുന്ന തരത്തില്‍ കല്യാണഹാരം ഡിസൈന്‍ ചെയ്യുന്നതാണ് ലേറ്റസ്റ്റ് ഫാഷന്‍. കഴിഞ്ഞമാസം നടന്ന വിവാഹത്തില്‍ ഓറഞ്ച് നിറത്തിലെ വിവാഹസാരി അണിഞ്ഞെത്തിയ നവവധുവിന്റെ ആഭരണങ്ങള്‍ പലതും നല്ല പച്ചനിറത്തിലായിരുന്നു. വിവാഹഹാരത്തില്‍ കടുംപച്ച നിറത്തിലെ കുപ്പിവളകള്‍ ചേര്‍ത്തുവച്ച് ഡിഫറന്റ് ലുക്ക് വരുത്തിയിരുന്നു. ഇങ്ങനെ വധുവിന്റെയും വീട്ടുകാരുടെയും സര്‍ഗാത്മകതയും ഇപ്പോള്‍ വിവാഹഹാരങ്ങളില്‍ പ്രത്യക്ഷമാകുന്നുണ്ട്.


മലയാളി ടച്ച്

മലയാളത്തിന്റെ തനിമ ഇഷ്ടപ്പെടുന്നവര്‍ക്കായി താമരപ്പൂക്കള്‍കൊണ്ടു മാത്രം തീര്‍ത്ത ഹാരങ്ങള്‍ ഇന്നു കിട്ടും. നന്ദ്യാര്‍വട്ടപ്പൂക്കള്‍കൊണ്ട് നിര്‍മിച്ച ഹാരവും ലേറ്റസ്റ്റ് സ്റ്റൈലാണ്. മുല്ലപ്പൂക്കളും വിവിധ നിറങ്ങളിലെ റോസാപുഷ്പങ്ങളുംകൊണ്ടുള്ള ഹാരങ്ങളും പുഷ്പഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു തെരഞ്ഞെടുക്കാം. വ്യത്യസ്തതയും വിവിധ അലങ്കാരങ്ങളും വേണമെന്നുള്ളവര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഓര്‍ഡര്‍ ചെയ്യാം. റോസാദളങ്ങളും സ്വര്‍ണ അലങ്കാരങ്ങളും ഇടകലര്‍ന്ന റോസ് പെറ്റല്‍സ് വിത്ത് ഗോള്‍ഡ് പലരും തെരഞ്ഞെടുക്കുന്നുണ്ട്. പ്രകൃതിദത്തമായ പുഷ്പങ്ങളും ഇലകളും മാത്രം ചേര്‍ന്നാല്‍ മതി എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നന്ദ്യാര്‍വട്ടവും താമരയും അതുപോലെ മുല്ലപ്പൂക്കളും റോസാപുഷ്പങ്ങളും ചേര്‍ന്നവയും ഇഷ്ടാനുസരണം ലഭിക്കും.

ഇതില്‍ നന്ദ്യാര്‍വട്ട - താമര ഹാരം ഏറെ പുതുമയുള്ളതാണ്. കൂടുതലും നന്ദ്യാര്‍വട്ട പൂക്കള്‍ നിറഞ്ഞതാണ് ഈ ഹാരം. മുകളില്‍നിന്നും കുറച്ച് താഴെയായിട്ടാണ് താമരപൂക്കളുടെ ഒരു ലെയര്‍. പച്ചിലകൊണ്ടുള്ള അലങ്കാരങ്ങളും താമരപ്പൂ ഭാഗത്തിനു താഴെയും മുകളിലും ഉണ്ട്. ഹാരത്തിന്റെ താഴെയും പച്ചില അലങ്കാരം കാണാം. ഇനി ഏറ്റവും ചുവട്ടിലെ അലങ്കാരമായി ചേര്‍ത്തിരിക്കുന്നതും താമരപ്പൂക്കള്‍തന്നെയാണ്. വിവാഹത്തിനു മുമ്പ് വരനെ എതിരേല്‍ക്കുന്ന ചടങ്ങിനുവേണ്ടിയുള്ള ഹാരങ്ങളും വ്യത്യസ്തമാക്കാന്‍ പല വധുവീട്ടുകാരും ഇന്ന് ശ്രദ്ധിക്കാറുണ്ട്.

വരനും വധുവും പരസ്പരം അണിയുന്ന ഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായിട്ടുള്ള ഹാരമാണ് സ്വീകരണസമയത്ത് വരനെ അണിയിക്കുന്നത്. കടുംചുവപ്പ്, റോസ് നിറങ്ങളിലെ റോസാപുഷ്പ മാലകളും ലേറ്റസ്റ്റ് നന്ദ്യാര്‍വട്ട മാലകളും വരനെ അണിയിക്കാന്‍ കൂടുതലായി തെരഞ്ഞെടുക്കുകയാണ്. ഓണ്‍ലൈന്‍വഴിയും ഇഷ്ടഹാരം വാങ്ങുന്നവരുണ്ട്. പകിട്ടും ഡിസൈനും അനുസരിച്ച് വിലയും വര്‍ധിക്കും.

എസ്.മഞ്ജുളാദേവി
മോഡല്‍: വിജയ്, സൂര്യഗായത്രി
ഫോട്ടോ: കൃഷ്ണ വെഡ്ഡിംഗ് ഫോട്ടോഗ്രഫി
കൊച്ചി