എല്ലാ വേദനയും തലവേദനയല്ല
എല്ലാ വേദനയും തലവേദനയല്ല
രാവിലെ ധൃതിപിടിച്ച് ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് അയല്‍പക്കത്തെ കല്യാണിചേച്ചിയുടെ വരവ്.
''മോളെ കടുത്ത തലവേദന. ഇന്നലെ മുതല്‍ തുടങ്ങിയതാണ് ഒന്ന് പരിശോധിച്ച് പോവൂ''. എനിക്കവരോട് അലിവ് തോന്നി. വിശദമായി പരിശോധിക്കണം. എന്നാല്‍ അവരെ ഭയപ്പെടുത്തുകയും അരുത്. ഒരു തമാശ രൂപേണ ഞാന്‍ മറുപടി പറഞ്ഞു.

''രാജ്യത്തിനാകെ തലവേദന പിടിച്ചിരിക്കുകയാണല്ലോ ചേച്ചി''
അവര്‍ ചിരിച്ചില്ല. മനസില്‍ എന്തൊക്കയോ വ്യഥയുണ്ട്.
'' നല്ല ചൂടാണ് വെളളം കുടിക്കുന്നില്ലേ? ഉറക്കമിളയ്ക്കുന്നുണ്ടോ?'' എന്റെ പതിവ് ചോദ്യങ്ങള്‍ തുടര്‍ന്നു.
എല്ലാ തലവേദനയും കഠിനമായ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല.

നിര്‍ജ്ജലീകരണം തടയാം

നിര്‍ജ്ജലീകരണം ഒരു പ്രധാന കാരണമാണ്. സ്ത്രീകള്‍ സാധാരണയായി വീട്ടുജോലികളില്‍ മുഴുകി സ്വന്തം ഭക്ഷണവും വെളളവും മറന്നുപോകും. പലപ്പോഴും നമുക്കനുഭവപ്പെടുന്ന ക്ഷീണത്തിന്റെയും തളര്‍ച്ചയുടെയും കാരണം ശരീരത്തിലെ ജലാംശമില്ലായ്മയാണ്. അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്ത വെളളം കുടിക്കുന്നതാണ് നല്ലത്. അണുബാധ ഒഴിവാക്കാനായി തിളപ്പിക്കുന്ന വെളളം പാകത്തിന് തണുപ്പോടെ കുടിക്കുക. ശരീരം ചൂടായിരിക്കുമ്പോള്‍ അധികം തണുത്ത വെളളം കുടിക്കുന്നത് നല്ലതല്ല. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച വെളളം വേണ്ട. ഒരു ദിവസം രണ്ടര ലിറ്ററെങ്കിലും വെളളം കുടിക്കണം.

'' ചേച്ചി കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. രാവിലെ എന്തെങ്കിലും കഴിച്ചോ'' അനുഭാവപൂര്‍വം ഞാന്‍ അന്വേഷിച്ചു.
'' ഇല്ല മോളെ ഇന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല. എല്ലാത്തിനും ഞാന്‍ തന്നെ വേണം'' അവര്‍ വിതുമ്പിത്തുടങ്ങി. അവര്‍ക്ക് അല്‍പ്പം ഭക്ഷണം കൊടുക്കുവാന്‍ കണ്ണുകൊണ്ട് അമ്മയോട് ആംഗ്യം കാട്ടി.
''എങ്ങനെയാ അസ്വസ്ഥത ഉണ്ടാവാതിരിക്ക്യ? ഇന്നലെയും ഉറങ്ങിയിട്ടുണ്ടാവില്ല '' അമ്മ കൂട്ടിച്ചേര്‍ത്തു.
അവരുടെ കണ്ണുകള്‍ക്കുചുറ്റും കറുപ്പു വീണിരിക്കുന്നു. നല്ല ക്ഷീണവുമുണ്ട്.

ടെന്‍ഷന്‍ തലവേദന

സ്ത്രീപുരുഷഭേദമന്യ കാണപ്പെടുന്ന പ്രധാന തലവേദനയാണ് ടെന്‍ഷന്‍ തലവേദന. അമിതമായ മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയും പ്രധാന കാരണങ്ങളാണ്. പണ്ട് വല്ലപ്പോഴും മാത്രം ഇങ്ങനെയുളള വിഷമം പറഞ്ഞു വരുന്ന അവര്‍ക്ക് വേദനസംഹാരികള്‍ കുറിച്ചു നല്‍കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ അത് ദിനചര്യകളെ ബാധിക്കുന്ന തരത്തില്‍ തീവ്രമാണ്.

വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് മനസ്സിലാക്കും. സ്‌കാനിംഗ് അടക്കമുളള പരിശോധനകള്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. അവര്‍ക്ക് പ്രഭാതഭക്ഷണം നല്‍കിയതിനുശേഷം ചെവി, തൊണ്ട, മൂക്ക് എന്നിവ പരിശോധിച്ചു. സൈനസൈറ്റിസ്, മോണവീക്കം, ചെവിയുടെ പ്രശ്‌നങ്ങള്‍ എന്നിവയോടനുബന്ധിച്ചു വരുന്ന തലവേദനയുമായി നിത്യവും ഒപിയില്‍ രോഗികളെ കാണാറുണ്ട്.

'' മോളേ എനിക്ക് ചെന്നിക്കുത്താണ് (Migraine) അന്നത്തെ മരുന്നുപോരേ. കുറച്ചു ഡോസുകൂടിയത് തന്നെ വേണം''

നമ്മുടെ തലച്ചോറിന്‍േറയും അതിലെ രക്തക്കുഴലുകളുടേയും വികസനം, അതിലെ രാസപ്രവര്‍ത്തനം (Neuro Transmitters) എന്നിവയില്‍ വരുന്ന വ്യതിയാനമാണ് ഇതിന് കാരണങ്ങളായി് പറയുന്നത്. ദൈര്‍ഘ്യമുളള ഏതു തലവേദനയും ചെന്നിക്കുത്താണ് എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. കപാലത്തില്‍ ഉണ്ടാകുന്ന കുരു മുതല്‍ തലച്ചോറിലെ മുഴകള്‍ വരെ തലവേദനയുടെ രൂപത്തില്‍ വരാം. അതിനാല്‍ കൃത്യമായി കാരണങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് തക്കതായ ചികിത്സ നല്‍കേണ്ടത് അനിവാര്യമാണ്.തലവേദനയ്ക്കു മുമ്പ്

തലവേദന വരുന്നതിന്മുന്‍പുതന്നെ ചില അസ്വാസ്ഥ്യങ്ങള്‍ അതായത് വിഷാദം, ചിലപ്പോള്‍ ഒരുതരം ഉന്‍മാദം, അതുമല്ലെങ്കില്‍ ഒരുതരം പനിവരുന്നതുപോലെ, ശരീരവേദന തുടങ്ങിയ ഉണ്ടാകാം. ഇവയെ പ്രോഡ്രോം എന്നുപറയാം. ഇത്തരം മൂന്നോടികളുമായി വരുന്ന ചെന്നിക്കുത്തിനെ ക്ലാസിക്കല്‍ മൈഗ്രേന്‍ എന്നും അല്ലാത്തവയെ കോമണ്‍ മൈഗ്രേയ്ന്‍ എന്നും പറയാം.

വ്യക്ത്യാധിഷ്ഠിത രോഗലക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് തലവേദനയുടെ ചികിത്സ. എത്ര നന്നായി രോഗിക്ക് ലക്ഷണങ്ങളെ പറഞ്ഞുകൊടുക്കുവാന്‍ പറ്റുമെങ്കില്‍ അത്രയും എളുപ്പമായി ചികിത്സിക്കാവുന്നതേ ഉള്ളൂ.

കാപ്പി തലവേദനയുണ്ടാക്കുമോ?

കാപ്പികുടിച്ചാല്‍ തലവേദന മാറുന്നവരുണ്ട്. എന്നാല്‍ കാപ്പി തന്നെ തലവേദനയ്ക്ക് കാരണമായിട്ടുളളവരും ഉണ്ട്. അതാണ് കഫീന്‍ ഹെഡ്‌യ്ക്ക്.

ഛര്‍ദ്ദിച്ചാല്‍ തലവേദന കൂടുന്നവരും കുറയുന്നവരും ഉണ്ട്. ചീസ്, ചോക്ലേറ്റ്,മദ്യം (റെഡ്‌വൈന്‍), ഐസ്‌ക്രീം, മിഠായികള്‍ എന്നിവ യൊക്കെ ചിലര്‍ക്ക് ചെന്നിക്കുത്ത് വരാനുളള പ്രധാനകാരണങ്ങളാണ്.

അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവയോടനുബന്ധിച്ചോ പെട്ടെന്നു തുടങ്ങിയ അസഹ്യമായ തലവേദന, ഗര്‍ഭകാലത്തോ പ്രസവത്തോടോ അനുബന്ധിച്ചുള്ള തലവേദന എന്നിവയ്ക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്. തലവേദനയോടൊപ്പം കാഴ്ചക്കുറവ്, ഛര്‍ദി, രണ്ടായി കാണുക, ശരിയായ ബോധം ഉണ്ടാകാതിരിക്കുക, ബലക്കുറവ് ഉണ്ടാവുക എന്നീ ലക്ഷണ ങ്ങള്‍കൂടി ഉണ്ടെങ്കില്‍ വിദഗ്ധനെ കണ്ട് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായേക്കാം.

ഉറക്കത്തിന്റെ പ്രാധാന്യം

വേണ്ടത്ര ഉറങ്ങാതിരിക്കുന്നത് മറ്റു സാധാരണ കാരണങ്ങളാണ്.ഒരു ദിവസം ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കം ആരോഗ്യ പൂര്‍ണമായ ജീവിതത്തിന് ആവശ്യമാണ്.

''എന്നാലും ന്റെമോന്‍ എനിക്ക് വയ്യാന്ന് പറഞ്ഞിട്ട് തിരിഞ്ഞു നോക്യതും കൂടി ഇല്ല'' വീണ്ടും വീണ്ടും അവര്‍ വിതുമ്പിക്കൊണ്ടിരുന്നു.

അവരുടെ ഏക മകന്‍ അമിതമദ്യപാനിയാണ്. മദ്യപിച്ചും ധൂര്‍ത്ത ടിച്ചും വന്‍തുക കടമെടുത്തും ബാധ്യതകള്‍ അനവധി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

ഡോ. സ്മിത മേനോന്‍
അസി. സര്‍ജന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജനറല്‍ മെഡിസിന്‍
ജനറല്‍ ഹോസ്പിറ്റല്‍, തൃശൂര്‍