ആര്‍ത്തവ വിരാമകാലത്തെ ലൈംഗിക ജീവിതം
ഒരു സ്ത്രീയുടെ ജീവിതത്തില്‍ ആര്‍ത്തവം ആരംഭിക്കുന്ന കാലഘട്ടം പോലെത്തന്നെ പ്രാധാന്യമുള്ള ഒന്നാണ് ആര്‍ത്തവ വിരാമവും. ആര്‍ത്തവമുള്ള സ്ത്രീകളില്‍ അണ്ഡം എല്ലാ മാസവും ഉത്പാദിപ്പിക്കപ്പെടുന്നു. തത്ഫലമായി അവളുടെ ശരീരത്തില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവ് വളരെ സുലഭമാകുന്നു. ഈ ഹോര്‍മോണ്‍ ആണ് അവളുടെ ശരീരത്തിന്റെ സൗന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നത്. എന്നാല്‍ ആര്‍ത്തവ വിരാമം സംഭവിക്കുമ്പോള്‍ അണ്‌ഡോത്പാദനം നിലയ്ക്കുന്നു. തത്ഫലമായി അണ്ഡാശയത്തില്‍ നിന്നു ഈസ്ട്രജന്റെ ഉത്പാദനവും കുറയും. ഇതിന്റെ ഫലമായി സ്ത്രീകളില്‍ ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവുമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

ലക്ഷണങ്ങള്‍

ആര്‍ത്തവ വിരാമം മൂലം ചിലരില്‍ പെട്ടെന്ന് ശരീരം മുഴുവന്‍ ചൂട് അനുഭവപ്പെടും. തുടര്‍ന്ന് വിയര്‍ക്കും. മൂത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ഉറക്കമില്ലായ്മ, സന്ധിവേദന, വിഷാദരോഗം, കാരണമി്ല്ലാതെ ദേഷ്യപ്പെടുക, ലൈംഗികബന്ധത്തില്‍ വേദന അനുഭവപ്പെടുക, തന്മൂലം താല്‍പര്യം നഷ്ടപ്പെടുക എന്നീ അവസ്ഥകളുണ്ടാകും.

ലൈംഗിക പ്രശ്‌നങ്ങള്‍

ചില സ്ത്രീകളില്‍ ഇതുമൂലം അപകര്‍ഷതാബോധവും ഉണ്ടാകാറുണ്ട്. തന്റെ ശരീരസൗന്ദര്യം നഷ്ടപ്പെടുന്ന തും മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നതും പലരെയും മാനസികമായി തകര്‍ക്കാറുമുണ്ട്.

ആര്‍ത്തവവിരാമ പ്രശ്‌നങ്ങളില്‍ ഏറെ ഗൗരവമേറിയതും ഭാര്യാ ഭര്‍തൃബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതും കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഒന്നാണ് അവരിലെ ലൈംഗിക പ്രശ്‌നങ്ങള്‍.

ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ പ്രത്യേകിച്ച് യോനിയില്‍ കുറയുമ്പോള്‍ അവിടെ വരള്‍ച്ച അനുഭവപ്പെടും. സാധാരണ കാണുന്ന നനവ് ഇല്ലാത്തതുമൂലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടാനും ചിലപ്പോള്‍ അല്‍പം രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. തന്മൂലം സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തോടു താല്‍പര്യം കുറയും. സ്ത്രീയുടെ ജനനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങളെപ്പറ്റി ഭര്‍ത്താവ് അറിഞ്ഞിരിക്കുകയും വളരെ സഹിഷ്ണുതയോടെ അവരോട് പെരുമാറുകയും വേണം. അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ ശ്രമിക്കണം.


അതിജീവിക്കാം

ഭര്‍ത്താവിന്റെ സാമീപ്യം ഭാര്യയ്ക്ക് ഏറ്റവുമധികം വേണ്ടുന്ന കാലഘട്ടമാണിത്. അതിനു അവസരങ്ങള്‍ ഒരുക്കുക. ഒരുമിച്ച് സിനിമയ്ക്കും ഉല്ലാസയാത്രയ്ക്കും പോകുന്നത് നല്ലതാണ്. എന്നാല്‍ പലരും ഈ ബുദ്ധിമുട്ടുകള്‍ രഹസ്യമായി വയ്ക്കും. തന്മൂലം വിവാഹേതരബന്ധങ്ങളില്‍ ഏര്‍പ്പെടുകയും കുടുംബബദ്ധങ്ങള്‍ ശിഥിലമാകുകയും ചെയ്യും. ചിലപ്പോള്‍ ഇത് വിവാഹമോചനത്തിനും കാരണമാകും.

ഈ ബുദ്ധിമുട്ടുകള്‍ ദമ്പതികള്‍ പരസ്പരം പങ്കുവയ്ക്കണം. ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുകയാണ് ഉത്തമം. വളരെ നിസാരമായ ചികിത്സയും കൗണ്‍സലിംഗും കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാകും. തുടര്‍ന്നു ദാമ്പത്യബന്ധം ഊഷ്മളമാക്കി യൗവനം നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും.

ആര്‍ത്തവ വിരാമ കാലത്തെ അപകര്‍ഷതാബോധം കുറയ്ക്കുവാനായി 'Age is only a Number' അല്ലെങ്കില്‍ 'Life begins at 60 എന്നു സൂക്തങ്ങള്‍ ഓര്‍ക്കുക. ദിവസവും അരമണിക്കൂറെങ്കിലും ഭര്‍ത്താവിനോടൊത്ത് വ്യായാമം ശീലമാക്കുക. കൊഴുപ്പും മധുരവും കൂടിയ ഭക്ഷണം ഒഴിവാക്കണം. പ്രതിദിനം ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുക. സ്ത്രീ സംഘടനകളിലും ക്ലബുകളിലും ചേര്‍ന്ന് കുറച്ചു സമയം അവരുമായി ചെലവഴിക്കുകയും അതില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യണം. ഉല്ലാസയാത്രകള്‍ക്കു പോകുന്നതിലൂടെ ശാരീരികവും മാനസികവും വൈകാരികവുമായ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും നിലനിര്‍ത്താനും കഴിയും. എന്നും മറ്റുവര്‍ക്കുവേണ്ടി മാത്രം ജീവിക്കാതെ സ്വന്തം ആരോഗ്യത്തില്‍ കൂടി ശ്രദ്ധ ചെലുത്തേണ്ട കാലമാണ് ആര്‍ത്തവ വിരാമകാലം.

ഡോ. ഗ്രേസി തോമസ്
ഗൈനക്കോളജിസ്റ്റ്, ഗ്രേസ് ക്ലിനിക്, ചെമ്പുമുക്ക്, കാക്കനാട്
പ്രസിഡന്റ്, കൊച്ചിന്‍ ഗൈനക്കോളജി സൊസൈറ്റി