വില്ലനാകും സ്‌പൈ ആപ്പുകള്‍
ഏതാനും മാസം മുമ്പ് ഒരു ചെറുപ്പക്കാരന്‍ സൈബര്‍ സെല്ലിലേക്ക് പരാതിയുമായി എത്തി. വളരെയധികം വേവലാതി പൂണ്ടായിരുന്നു അയാളുടെ വരവ്. തന്റെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെയോ മറ്റുള്ളവര്‍ മനസിലാക്കുന്നുണ്ടെന്നും ഫോണ്‍ ടാപ്പ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്നുമായിരുന്നു പരാതി. ഞങ്ങള്‍ അയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. അതിനാല്‍ അയാളോട് പോയി് എന്തെങ്കിലും സംഭവിക്കുന്നുവെങ്കില്‍ തിരിച്ചുവന്നു റിപ്പോര്‍ട്ട് ചെയ്യാനാവശ്യപ്പെു. രണ്ടു ദിവസം കഴിഞ്ഞു വളരെ സംഭ്രമത്തോടെ വീണ്ടും അയാള്‍ സൈബര്‍ സെല്ലിലേക്കു വന്നു. താന്‍ മറ്റുള്ളവരുമായി ഫോണില്‍ സംസാരിച്ച കാര്യവും, അന്ന് താന്‍ പോയ സ്ഥലങ്ങളും അവിടെ കണ്ട ആള്‍ക്കാരുടെ വിവരങ്ങളും അവരോടു സംസാരിച്ച കാര്യങ്ങളും ഭാര്യ വളരെ വ്യക്തമായി മനസിലാക്കുന്നു. അതേപ്പറ്റി അയാളെ ചോദ്യം ചെയ്തു എന്നും പറയുകയുണ്ടായി. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്കും എന്തോപന്തികേട് തോന്നി. ഞങ്ങള്‍ അയാളുടെ ഫോണ്‍ വിശദമായി പരിശോധിച്ചു.

ഇന്‍സ്റ്റാള്‍ഡ് ആപ്പുകളുടെ ലിസ്റ്റില്‍ ഹൈഡ് ചെയ്യാനുള്ള ഒരു ആപ്പ് കിടക്കുന്നതായി പരിശോധനയില്‍ കണ്ടു. ആ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മറഞ്ഞുക്കിടന്ന മറ്റൊരു ആപ് കണ്ടെത്താനായി. അതൊരു സ്‌പൈ ആപ്പായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ അയാളുടെ ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തത് സ്വന്തം ഭാര്യയും അവരുടെ കാമുകനും കൂടിയാണെന്നു കണ്ടെത്തി. അവര്‍ ഇരുവരുടെയും ഫോണുകളില്‍കൂടി ഇതേ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ഭര്‍ത്താവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു. ഈ ആപ്പ് ഒന്നിലധികം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ടാര്‍ജെറ്റ് ആയിട്ടുള്ള ഫോണിന്റെ കാമറ ഉള്‍പ്പെടെ എല്ലാ ഫംഗ്ഷനുകളും റിമോട്ട് ആയി നിയന്ത്രിക്കാനും സാധിക്കുമായിരുന്നു. അവര്‍ക്കു കാമറ ദൃശ്യങ്ങള്‍ ലൈവ് ആയി സ്ട്രീം ചെയ്തു കാണാനും ഫ്രണ്ട് ബാക്ക് കാമറകള്‍ ആവശ്യമനുസരിച്ചു സിലക്ട് ചെയ്യാനും കഴിയുമായിരുന്നു. സ്‌ക്രീന്‍ ക്യാപ്ചര്‍ ടെക്‌നോളജിയിലൂടെ അയാള്‍ ഫോണില്‍ അടിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും വരെ അവര്‍ക്കു നിസാരമായി ഈ ആപ്പിലൂടെ മനസിലാക്കാന്‍ സാധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കാമുകനെ ഐടി ആക്ട് പ്രകാരം അറസ്റ്റു ചെയ്തു.

ഈ ആപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും

ഇത്തരം ആപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും സൗജന്യമായും കൂടുതല്‍ ഫോണുകളിലേക്ക് ബാക്ക് എന്‍ഡില്‍ സെര്‍വര്‍ സൗകര്യത്തോടു കൂടിയുള്ളത് പേയ്മെന്റ് ചെയ്തുമാണ് ഡൗണ്‍ ലോഡ് ചെയ്യുന്നത്. ഫോണിലെ നമ്പറുകള്‍, ഇമെയില്‍ ഐഡികള്‍, കോള്‍ ലോഗുകള്‍ എന്നിവ കൂടാതെ വെബ് ബ്രൗസിംഗ്ഹിസ്റ്ററിയടക്കം ചോര്‍ത്താനാകും. തെറ്റായ ലക്ഷ്യത്തിനുവേണ്ടി സ്‌പൈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കുന്നത് നിയമപരമായി തെറ്റാണ്. ഇതിനു പോലീസിന് ഐടി ആക്ട് പ്രകാരം ഹാക്കിംഗിനു കേസ് എടുക്കാം.


കണ്ടെത്താം

ഇതുപോലുള്ള സ്‌പൈ ആപ്പുകള്‍ നമ്മുടെ ഫോണുകളില്‍ കടന്നു കയറാതിരിക്കാന്‍ നമ്മള്‍ ജാഗരൂകരാകണം. ഫോണോ അതിന്റെ ബാറ്ററിയോ വളരെയധികം ചൂടാകുകയോ പെട്ടെന്നുതന്നെ ബാറ്ററി തീരുകയോ കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അപശബ്ദങ്ങളോ ബീപ് ശബ്ദമോ കേള്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഏതെങ്കിലും ആപ്പുകള്‍ നമ്മളറിയാതെ ബാക്ക്ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നതാകാം. അങ്ങനെയെങ്കില്‍ ഉടനടി നള്‍ ഫോണ്‍ വിശദമായി പരിശോധിക്കുന്നത് നന്നായിരിക്കും.

വേണം ശ്രദ്ധ

സ്വകാര്യമായി നാം കൊണ്ടുനടക്കുന്ന ഫോണ്‍ നമ്മുടെ കൈകളില്‍ നിന്ന് മാറ്റുന്ന സമയം വളരെയധികം ശ്രദ്ധിക്കണം. കാരണം ഒരു സ്‌പൈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് രണ്ടോ മൂന്നോ മിനിറ്റുകള്‍ മതി. അലക്ഷ്യമായി ഫോണ്‍ എവിടെയും വയ്ക്കരുത്. ഫോണ്‍ റിപ്പയറിംഗിനു കൊടുക്കുന്നത് നമുക്ക് വിശ്വാസമുള്ള ആളുടെ പക്കലായിരിക്കണം. കോള്‍ ചെയ്യുന്നതിനോ മറ്റോ, ഫോണ്‍ ആര്‍ക്കെങ്കിലും നല്‍കിയാല്‍ അയാള്‍ നിങ്ങളുടെ നിരീക്ഷണത്തില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. കഴിവതും ഫോണ്‍ ആര്‍ക്കും കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. പാസ്‌വേര്‍ഡോ പാറ്റേണ്‍ ലോക്കോ നമ്പര്‍ ലോക്കോ ഉപയോഗിച്ച് ലോക്ക് ചെയ്യുകയും ഇടയ്ക്കിടയ്ക്ക് അത് മാറ്റുകയും ചെയ്യുക. ബ്ലുടൂത് ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ആക്കിയാല്‍ മതി. പബ്ലിക് വൈഫൈ കഴിവതും ഉപയോഗിക്കാതിരിക്കുക. കാരണം ആര്‍ക്കെങ്കിലും നമ്മുടെ ഫോണില്‍ എന്തെങ്കിലും പ്രോഗ്രാമോ ആപ്പോ അതുവഴി ഇന്‍സ്റ്റാള്‍ ചെയ്യാനോ, ഹാക്ക് ചെയ്യാനോ അല്ലെങ്കില്‍ നമ്മുടെ ഡാറ്റകള്‍ മോഷ്ടിക്കാനോ ചിലപ്പോള്‍ സാധിച്ചേക്കാം. ആരെങ്കിലും ഇത്തരം ആപ്പുകള്‍ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മള്‍ എവിടെയാണെന്നുള്ള നമ്മുടെ പ്രസന്റ് ലൊക്കേഷന്‍ വരെ അവര്‍ക്ക് വളരെ നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കും.

പ്രമോദ് വൈ.ടി
അസി.സബ് ഇന്‍സ്‌പെക്ടര്‍, സൈബര്‍ സെല്‍, കൊച്ചി കമ്മീഷണറേറ്റ്