ആരാണ് ഉപഭോക്താവ്
ആരാണ് ഉപഭോക്താവ്
Saturday, September 5, 2020 4:58 PM IST
പണം കൊടുത്തുകൊണ്ട് സാധനമോ അല്ലെങ്കില്‍ സേവനമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ആളെ ഉപഭോക്താവ് എന്നു വിളിക്കാം. സൗജന്യമായി ലഭിക്കുന്നവ, കച്ചവട ആവശ്യത്തിനുള്ളവ ഇവയൊന്നും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നവയല്ല. സാധനങ്ങളും സേവനങ്ങളും പണം കൊടുത്തുതന്നെ വാങ്ങിയിരിക്കേണ്ടതാണ്. ചുരുക്കത്തില്‍ സാധനത്തിലോ സേവനത്തിലോ ഉപഭോക്താവിന് ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് എതിരെയാണ് ഈ നിയമത്തില്‍ നടപടികള്‍ പറഞ്ഞിരിക്കുന്നത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ സേവനദാതാക്കള്‍, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, വിദ്യാഭ്യാസം, അഭിഭാഷകരുടെ സേവനങ്ങള്‍, ഡോക്ടര്‍മാരുടെ സേവനങ്ങള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ പെടുന്നു.

എവിടെ പരാതിപ്പെടാം?

ഉപഭോക്താവിന് ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരെ പരാതിപ്പെടേണ്ടത് ഉപഭോക്തൃതര്‍ക്കപരിഹാരഫോറത്തില്‍ (Consumer Dispute Redressal Fourm) ആണ്. ഇത് എല്ലാ ജില്ലകളിലും ഉണ്ടായിരിക്കും. ഇതില്‍ നിന്നു കിട്ടുന്ന പരിഹാരം ഉപഭോക്താവിന് തൃപ്തികരം അല്ലെങ്കില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷനെയും അതിന്മേല്‍ ഉണ്ടാകുന്ന പരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ ദേശീയ കമ്മീഷനെയും സമീപിക്കാം. ദേശീയ കമ്മീഷന്റെ തീര്‍പ്പിന്മേലുള്ള അപ്പീല്‍ കേള്‍ക്കുന്നത് സുപ്രീംകോടതിയിലായിരിക്കും.

എപ്പോള്‍ പരാതിപ്പെടാം?

ഈ നിയമപ്രകാരം പരാതി കൊടുക്കുന്നത് ഉപഭോക്താവിന് നഷ്ടം സംഭവിക്കുമ്പോഴാണ്. ഉപഭോക്താവ് താമസിക്കുന്ന ജില്ലയിലെ കണ്‍സ്യൂമര്‍ ഫോറത്തിലാണ് സാധാരണയായി പരാതി ഫയല്‍ ചെയ്യുന്നത്. സാധനങ്ങള്‍ ആരുടെ കൈയില്‍ നിന്നാണോ വാങ്ങിയത് ആ ജില്ലയിലോ അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങിയത് ഏതു ജില്ലയിലാണോ ആ ജില്ലയിലോ പരാതിപ്പെടാം. പരാതി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ സമര്‍പ്പിക്കാം.

ആര്‍ക്കൊക്കെ പരാതി കൊടുക്കാം

1. ആരാണോ സാധനങ്ങള്‍ അഥവാ സേവനങ്ങള്‍ കൈപ്പറ്റിയത് അയാള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്.
2. സാധനമോ സേവനമോ ഭാവിയില്‍ നല്‍കാമെന്ന് നമ്മളുമായി കരാര്‍ ഉണ്ടാക്കിയിട്ട് നിശ്ചിത സമയത്ത് കിട്ടിയില്ലായെങ്കില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കെതിരെ കണ്‍സ്യൂമര്‍ ഫോറത്തെ സമീപിക്കാം.



പരാതി കൊടുക്കും മുമ്പ് ശ്രദ്ധിക്കാം

* ഉപഭോക്താവ് എന്ന നിര്‍വചനത്തില്‍ താന്‍ വരുന്നുണ്ടോയെന്ന് പരാതി കൊടുക്കുന്നതിനു മുമ്പ് പരിശോധിക്കണം.
* ഏതൊരു വസ്തു വാങ്ങുമ്പോഴും അതിന്റെ ബില്‍ സൂക്ഷിക്കണം
* ഗ്യാരന്റി, വാറന്റി കാര്‍ഡുകള്‍ കൃത്യമായി പൂരിപ്പിച്ച് വാങ്ങി അവ ഭദ്രമായി സൂക്ഷിക്കണം
* ചില ഉത്പന്നങ്ങള്‍ക്ക് വാറന്റി കിണമെങ്കില്‍ ആ ഉല്‍പന്നത്തിന്റെ പിന്നിലുള്ള നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. കൂടുതലും കംപ്യൂട്ടര്‍ പോലുള്ള ഉത്പന്നങ്ങള്‍ക്കാണ് ഇങ്ങനെ രജിസ്റ്റര്‍ ചെയ്യേണ്ടിവരുന്നത.് കമ്പനിയുടെ സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ഇവ ചെയ്യാവുന്നതാണ്.
* വ്യക്തിപരമായ ഉപയോഗത്തിന് ആയിരിക്കണം സാധനങ്ങള്‍ വാങ്ങിച്ചിരിക്കേണ്ടത്. എന്നാല്‍ സാധനങ്ങള്‍ വാങ്ങിയത് വാണിജ്യ ആവശ്യത്തിനാണെങ്കില്‍ അത് ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
* ഉപഭോക്താവിന് നഷ്ടം സംഭവിച്ചിരിക്കാം എന്നതാണ് വ്യവഹാര കാരണമായി ഈ നിയമത്തില്‍ പറയുന്നത്.

വിഷയം ഉപഭോക്തൃഫോറത്തില്‍ എത്തിയാല്‍ അവിടെ പരിശോധിക്കുന്നത് തെളിവുകളും രേഖകളുമാണ്. അവ നമ്മള്‍ കൃത്യമായി സൂക്ഷിക്കുകയും ഹാജരാക്കുകയും വേണം.

വ്യവഹാര കാരണം ആരംഭിച്ച തീയതി മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താവ് പരാതി നല്‍കേണ്ടതാണ്. പ്രസ്തുത കാലാവധി കഴിയുന്ന പക്ഷം കൃത്യമായ കാര്യങ്ങള്‍ ബോധിപ്പിച്ച് കാലതാമസം മാപ്പാക്കി കിുന്നതിന് ഉപഭോക്താവിന് അര്‍ഹതയുണ്ട്.

വിമല്‍ കുമാര്‍ എ.വി.
അഭിഭാഷകന്‍,കേരള ഹൈക്കോടതി, ലെക്‌സ് എക്‌സ്‌പെര്‍ട്‌സ് ഗ്ലോബല്‍, അഡ്വക്കേറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, എറണാകുളം