അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തികച്ചും അനിവാര്യമാണ്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ശാരീരിക അകലം പാലിക്കുന്നതിനും ശരിയായ രീതിയില്‍ മുഖാവരണം ഉപയോഗിക്കുന്നതിനും ഒപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ് സോപ്പിന്റെയും ഹാന്‍ഡ് സാനിറ്റൈസറിന്റെയും കൃത്യമായ ഉപയോഗം.

കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാം എന്നുള്ളത് കൊണ്ടുതന്നെ ഇവയുടെ വിനിയോഗം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിുണ്ട്. നിഷ്പ്രയാസമുള്ള ഉപയോഗരീതി, വര്‍ധിച്ച ലഭ്യത, തെളിയിക്കപ്പെട്ട ഫലപ്രാപ്തി എന്നിവയാണ് സാനിറ്റൈസറുകള്‍ ജനപ്രീതി നേടുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും മനസില്‍വയ്‌ക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

1. എന്താണു സാനിറ്റൈസര്‍? ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

കൈകളിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനോ അവയുടെ തോത് കുറയ്ക്കുന്നതിനോ ആയി ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ അടിസ്ഥാനഘടകമായി വരുന്ന ഒരു ഉത്പന്നമാണ് ഹാന്‍ഡ് സാനിറ്റൈസര്‍. ജെല്‍, ദ്രാവകം, സ്‌പ്രേ അല്ലെങ്കില്‍ ഫോം രൂപത്തിലൊക്കെ സാനിറ്റൈസറുകള്‍ സുലഭമാണ്. സാധാരണയായി ആല്‍ക്കഹോള്‍ ഘടകമായുള്ള സാനിറ്റൈസറുകളാണ് കാണാറുള്ളതെങ്കിലും, വിവിധതരം കെമിക്കലുകള്‍ അടങ്ങിയ സാനിറ്റൈസറുകളും വിപണിയില്‍ ലഭ്യമാണ്.

ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകളില്‍ സാധാരണയായി ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍, എത്തനോള്‍ എന്നിവ അടങ്ങിയിരിക്കുന്നു. 60 മുതല്‍ 95 ശതമാനംവരെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന സാനിറ്റൈസറുകളാണ് ഏറ്റവും ഫലപ്രദമായവ.

സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ രോഗാണുക്കളുടെ കോശ/ പ്രോട്ടീന്‍ ആവരണത്തെ നശിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പുറംകവചം ഇല്ലാത്ത സൂഷ്മാണുക്കള്‍ക്കെതിരേ സാനിറ്റൈസര്‍ ഉപയോഗം അത്രകണ്ട് ഫലപ്രദമല്ല എന്നത് ഒരു വസ്തുതയാണ്.

2. സാനിറ്റൈസര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ ?

സാനിറ്റൈസറുകള്‍ വാങ്ങുമ്പോള്‍ കുറഞ്ഞത് 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ (ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍, എത്തനോള്‍ മുതലായവ) ഘടകമായി വരുന്നവ വാങ്ങാന്‍ ശ്രദ്ധിക്കണം. ബെന്‍സാല്‍കോണിയം ക്ലോറൈഡ് പോലെയുള്ള കെമിക്കലുകള്‍ പ്രധാന ഘടകമായി വരുന്ന സാനിറ്റൈസറുകള്‍ക്ക് സൂഷ്മാണുക്കളെ നശിപ്പിക്കാന്‍ ആല്‍ക്കഹോള്‍ ഘടകമായവയെക്കാളും ശേഷി കുറവായതിനാല്‍ ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ചര്‍മത്തിന് അലര്‍ജിയോ മറ്റെന്തെങ്കിലും രോഗങ്ങളോ ഉള്ളവര്‍ സാനിറ്റൈസര്‍ വാങ്ങുമ്പോള്‍ ഡോക്ടറോട് അഭിപ്രായം ആരായാവുന്നതാണ്.

ഉപയോഗ കാലാവധി പൂര്‍ത്തിയാകാനായവ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവയുടെ അണുനശീകരണ ശേഷി കുറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.

3. സാനിറ്റൈസറിന്റെ ശരിയായ ഉപയോഗ രീതി എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങളേവ?

സാനിറ്റൈസറുകളുടെ ഫലപ്രാപ്തി അതിന്റെ ഉപയോഗരീതിയെ ആശ്രയിച്ചിരിക്കുന്നു. ഉള്ളംകൈയിലിലേക്ക് ഏതാനും തുള്ളി സാനിറ്റൈസര്‍ ഇറ്റിച്ചശേഷം രണ്ടു കൈകളും തില്‍ നന്നായി തിരുമ്മുക. സാനിറ്റൈസര്‍ പൂര്‍ണമായി ഉണങ്ങുന്നതുവരെ നന്നായി തടവണം. സാനിറ്റൈസര്‍ ലായനി കൈകളുടെയും വിരലുകളുടെയും പ്രതലത്തിലും വിരലുകളുടെ ഇടയിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. 20 സെക്കന്‍ഡോളമെ ങ്കിലും സാനിറ്റൈസര്‍ കൈകളുടെ പ്രതലത്തില്‍ നന്നായി ഉരസണം. കൈകളില്‍ ചെളിയോ മറ്റെന്തെങ്കിലും അഴുക്കുകളോ (കെമിക്കലുകള്‍, കീടനാശിനികള്‍ തുടങ്ങിയവ) ഉണ്ടെങ്കില്‍ സാനിറ്റൈസര്‍ പ്രയോഗത്തിനുമുന്‍പേ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കേണ്ടതാണ്.


ഭക്ഷണത്തിനു മുന്‍പേ കൈകള്‍ വൃത്തിയാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് അപകടരഹിതമാണെങ്കിലും സോപ്പും വെള്ളവും ഉപയോഗിക്കുന്നതാണു നല്ലത്.

4. സാനിറ്റൈസറിന്റെ പോരായ്മകള്‍

ഹാന്‍ഡ് സാനിറ്റൈസറുകളുടെ ദീര്‍ഘകാല ഉപയോഗം നമ്മുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ട്.

ഇവ അമിതമായി ഉപയോഗിക്കുമ്പോള്‍ ഭാഗികമായിയെങ്കിലും ആന്റിബയോഡ്ഡിക്കുകളോടു പ്രതിരോധം രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നു ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും. ഇതുമൂലം ചുളിവുകള്‍ വരുകയും പ്രായക്കൂടുതല്‍ തോന്നുകയും ചെയ്യാം.
സാനിറ്റൈസറുകളില്‍ മണത്തിനും നിറത്തിനുമായി ചേര്‍ക്കുന്ന വിവിധതരം രാസവസ്തുക്കള്‍ പ്രതികൂലമായി നമ്മെ ബാധിച്ചേക്കാം.

ആല്‍ക്കഹോള്‍ എളുപ്പത്തില്‍ തീപിടിക്കുമെന്നുള്ളതുകൊണ്ട് 40 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ ചൂടുള്ളിടത് സാനിറ്റൈസര്‍ സൂക്ഷിക്കാതിരിക്കുക. അപകടം ഒഴിവാക്കാനായി ഭക്ഷണം പാകം ചെയ്യുമ്പോഴോ അടുക്കളയിലോ, സാനിറ്റൈസര്‍ ഉപയോഗിക്കരുത്.

ഹാന്‍ഡ് സാനിറ്റൈസറില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ഉള്ളതുകൊണ്ട്, അറിയാതെ ഉള്ളില്‍ ചെന്നാല്‍ 'ആല്‍ക്കഹോള്‍ പോയ്‌സനിംഗ്' എന്ന അവസ്ഥ ഉണ്ടാകുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുക.

5. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും

കുട്ടികള്‍ (12 വയസില്‍ താഴെ) മുതിര്‍ന്നവരുടെ മേല്‍നോത്തില്‍ മാത്രമേ സാനിറ്റൈസറുകള്‍ ഉപയോഗിക്കാവൂ. കുട്ടികള്‍ക്ക് എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നിടത്ത് ഇവ സൂക്ഷിക്കാതിരിക്കുക. അബദ്ധവശാല്‍ ഇവ കുട്ടികളുടെ ഉള്ളില്‍ ചെന്നാല്‍ വളരെ അപകടകരമാണ്.

പ്രായമായവരില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ദൂഷ്യഫലങ്ങള്‍ ഒന്നുംതന്നെ ഇല്ല.

6. സാനിറ്റൈസറാണോ സോപ്പാണോ മികച്ചത്?

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ശിപാര്‍ശ ചെയ്യുന്നത് സാധ്യമാകുമ്പോഴെല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാനാണ്. കാരണം, കൈകളിലെ എല്ലാത്തരം അണുക്കളെയും നശിപ്പിക്കാനും രാസവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അഴുക്കുകള്‍ നീക്കം ചെയ്യാനും 20 സെക്കന്‍ഡില്‍ അധികമുള്ള സോപ്പ് ഉപയോഗം വഴി സാധിക്കും. സോപ്പ് ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നുമില്ല. കുട്ടികളിലും സുരക്ഷിതമായി സോപ്പിനെ പ്രയോജനപ്പെടുത്താനാവും. അതിനാല്‍ സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ മാത്രമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം ചുരുക്കേണ്ടതാണ്.

7. സാനിറ്റൈസര്‍ വീട്ടില്‍ ഉണ്ടാക്കാമോ?

സാനിറ്റൈസര്‍ വീട്ടില്‍ ഉണ്ടാക്കാമെന്ന രീതിയിലുള്ള വിവിധതരം വിവരണങ്ങളും വീഡിയോകളും നാം ഇതിനോടകം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടാക്കുന്നത് വിദഗ്ധ മേല്‍നോത്തില്‍ മാത്രമേ ചെയ്യാവു. നിര്‍മാണ രീതിയില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ സാനിറ്റൈസറിന്റെ പൂര്‍ണ ഗുണം ലഭിക്കില്ലെന്നു മാത്രമല്ല, പൊള്ളലേല്‍ക്കാനും സാധ്യത ഉണ്ട്.

ഈ മഹാമാരിയുടെ കാലഘത്തില്‍ നാം ഉപയോഗിക്കുന്ന ഇത്തരം ഉത്പന്നങ്ങളെ പറ്റിയുള്ള കൃത്യമായ അറിവ് ആധികാരികമായ ഉറവിടങ്ങളില്‍നിന്ന് നേടിയെടുക്കാന്‍ ശ്രദ്ധിക്കുക. ഹാന്‍ഡ് സാനിറ്റൈസര്‍, സോപ്പ് , മാസ്‌ക് എന്നിവ കൃത്യമായി ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്തുകൊണ്ട് നമുക്ക് ഈ പ്രതിസന്ധിയെ ചെറുത്തുതോല്‍പ്പിക്കാം.

ഡോ. എബല്‍ സി. മാത്യു