നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്‍റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്‍ജസ്വലവുമായ കാലഘമാണ്. ആദ്യപ്രണയവും സുഹൃത്തുക്കളുമൊത്തുകുസൃതികളും നീണ്ട ചര്‍ച്ചകളും കൊച്ചു കൊച്ചു പിണക്കങ്ങളും നിറഞ്ഞ ഈ ഒരു കാലയളവ് നാം എന്നും ഓര്‍മകളില്‍ സൂക്ഷിക്കുന്നു.

ഒരു കുട്ടിയില്‍നിന്ന് ഒരു യുവതിയോ യുവാവോ ആയി പരിവര്‍ത്തനം സംഭവിക്കുന്ന സമയമാണ് ഋതുവാകല്‍. ഋതുവാകല്‍ കടന്നാണ് കൗമാരപ്രായത്തിലേക്കു കടന്നുവരുന്നത്. ഈ സമയത്ത് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതു കൗമാരപ്രായത്തിലെ പല വെല്ലുവിളികളേയും തരണംചെയ്യുന്നതിനു സഹായകമായേക്കാം.

നേരത്തെയുള്ള ആര്‍ത്തവം

ചില പെണ്‍കുട്ടികളില്‍ ഏഴോ എട്ടോ വയസില്‍തന്നെ ഋതുവാകലിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇതിനെ പ്രീകോഷ്യസ് പുബെര്‍ട്ടി അഥവാ നേരത്തെയുള്ള ആര്‍ത്തവം എന്നുപറയുന്നു. പെെട്ടന്നുള്ള ഉയരംവയ്ക്കല്‍, സ്തനവളര്‍ച്ച, കക്ഷത്തിലും ജനനേന്ദ്രിയങ്ങളിലുമുള്ള രോമവളര്‍ച്ച തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. മേല്‍പറഞ്ഞ മാറ്റങ്ങള്‍ക്ക് ഇടയിലോ ഒടുവിലോ ആയി ആദ്യആര്‍ത്തവം ഉണ്ടാകുന്നു. ജനിതകമോ പാരിസ്ഥിതികമോ അഥവാ തൈറോയ്ഡ്‌പോലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തനംമൂലമോ നേരത്തെയുളള ആര്‍ത്തവം സംഭവിക്കാം. കുട്ടികളുടെ ഭക്ഷണരീതികളും ഇതില്‍ പ്രധാന ഘടകമാണ്. കൊഴുപ്പു കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുന്ന കുട്ടികളിലും ആര്‍ത്തവം നേരത്തെ സംഭവിക്കുന്നു.

കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍

നേരത്തെയുള്ള ആര്‍ത്തവം കുട്ടികളില്‍ മാനസികപിരിമുറുക്കം ഉണ്ടാക്കുന്നത് സാധാരണമാണ്. ഇത്തരം കുട്ടികളില്‍ മാനസിക ബുദ്ധിമുട്ടുകളും സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണപ്പെടുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ പലതാണ്.

സ്വഭാവത്തിലുള്ള മാറ്റങ്ങള്‍

ഋതുവാകുന്ന സമയത്തു കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നതു സ്വാഭാവികമാണ്. അവരുടെ ശരീരത്തിലുള്ള ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലം ദേഷ്യം, വാശി, മൂഡ് മാറ്റങ്ങള്‍, മുതിര്‍ന്നവര്‍ പറയുന്നത് എതിര്‍ക്കുവാനുള്ള പ്രവണത മുതലായ സ്വഭാവവ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ഇവയെല്ലാം ഏഴോ എട്ടോ വയസുകാരിയായ കുഞ്ഞുമകളില്‍ കാണുമ്പോള്‍ മാതാപിതാക്കള്‍ക്കും മാനസികമായ പ്രയാസങ്ങള്‍ ഉണ്ടാകുന്നു. അതുവരെ ഉപയോഗിക്കാതിരുന്ന ശാസനയും ചൂരല്‍പ്രയോഗവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുവാനും അവരെ മാതാപിതാക്കളില്‍നിന്നു കൂടുതല്‍ അകറ്റുവാനും മാത്രമേ ഉപകരിക്കു. അവര്‍ക്ക് ഈസമയത്ത് ആവശ്യം സഹാനുഭൂതിയോടു കൂടിയുള്ള സമീപനമാണ്. അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ നമുക്ക് മനസിലാകുന്നുണ്ടെന്ന വിശ്വാസം അവരില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കുട്ടികള്‍ അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ അടുത്തു പങ്കുവയ്ക്കുകയുള്ളു. കുട്ടികള്‍ മനസുതുറന്നു സംസാരിക്കുന്നില്ലെങ്കില്‍ ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടുന്നതും നന്നായിരിക്കും.

അപകര്‍ഷതാബോധം

സമപ്രായക്കാരേക്കാള്‍ വേഗത്തില്‍ തന്‍റെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ കുട്ടികളില്‍ അപകര്‍ഷതാബോധം ജനിപ്പിക്കുന്നു. ശരീരവളര്‍ച്ചയുടെ ഭാഗമായി വരുന്ന മാറ്റങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ പുറത്തേക്കു പ്രത്യക്ഷമാകുന്നത് അവര്‍ക്കു നാണക്കേടും മനോവിഷമവും ഉണ്ടാക്കുന്നു. ഈ മാറ്റങ്ങള്‍ ചൂണ്ടികാട്ടി കളിയാക്കുവാനുള്ള സഹപാഠികളുടെ പ്രവണത കുട്ടിയുടെ മനോവിഷമം കൂട്ടുന്നു. സ്‌കൂളില്‍ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ അമ്മമാരുമായി കുട്ടികള്‍ ചര്‍ച്ചചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സഹായകമായേക്കും. ഋതുമതിയാകുന്നതിനെക്കുറിച്ചുള്ള അവബോധം സ്‌കൂള്‍തലത്തില്‍തന്നെ വളര്‍ത്തുന്നത് കുട്ടികളിലെ ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കുന്നതിന് ഒരുപരിധിവരെ സഹായിക്കും. ഇതിനായി അധ്യാപികമാരുടെയും സ്‌കൂള്‍ കൗണ്‍സലര്‍മാരുടെയും സഹായം തേടാവുന്നതാണ്. പെണ്‍മക്കളോടു പ്രത്യുത്പാദനത്തെകുറിച്ചു സംസാരിക്കാന്‍ മടികാണിക്കുന്ന വിദ്യാസമ്പന്നരായ അമ്മമാര്‍ ഇന്നും വിരളമല്ല. കുട്ടികളില്‍ പ്രത്യേകിച്ച് ആര്‍ത്തവം നേരത്തെ ഉണ്ടാകാനുള്ള ലക്ഷണങ്ങള്‍ കാണുന്നവരില്‍ അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശാരീരികമാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കണം.പഠനത്തിലും കായികരംഗത്തും പിന്നോക്കംപോകുക

ആര്‍ത്തവസമയത്തുണ്ടാകുന്ന മാറ്റങ്ങള്‍ കുട്ടികളുടെ പഠനമികവിനെ ബാധിച്ചേക്കാം. ഈ സമയത്ത് ഉണ്ടാകുന്ന ഉത്കണ്ഠയും ശാരീരികാസ്വസ്ഥതകളും കുട്ടികളില്‍ പഠിക്കാനുള്ള താല്പര്യം കുറക്കുന്നു. ക്ലാസ്ടീച്ചറോടൊ അല്ലെങ്കില്‍ സ്‌കൂള്‍ കൗണ്‍സലറോടോ കുട്ടിയില്‍ ആദ്യ ആര്‍ത്തവം നേരത്തെ സംഭവിച്ചുവെന്ന വിവരം അറിയിക്കുന്നതിലൂടെ കുട്ടിക്കു പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനും പഠനത്തില്‍ ഇളവു ലഭിക്കുന്നതിനും സഹായകമാകും. പഠനത്തിലുള്ള താല്‍പര്യക്കുറവ് പരിഹരിക്കുന്നതിനായി മാതാപിതാക്കള്‍ കൂടെയിരുത്തി പഠിപ്പിക്കുന്നതു ശീലമാക്കാം. ഓരോ അരമണിക്കൂര്‍ കഴിയുമ്പോഴും ചെറിയ ഇടവേള എടുക്കുന്നരീതി ശീലമാക്കുന്നതു പഠനത്തോടുള്ള മടുപ്പു കുറക്കുന്നതിനു സഹായിക്കും. കൊച്ചുകൊച്ചു തമാശകളും കഥകളും പറഞ്ഞ് ഈ പ്രക്രിയ ആസ്വാദകരമായ ഒരനുഭവമാക്കി മാറ്റാം. ശാരീരികമാറ്റങ്ങള്‍ തുടങ്ങുന്നതോടെ കുട്ടികള്‍ക്കു കായികമേളകളില്‍നിന്നു പിന്‍വാങ്ങാനുള്ള പ്രവണത കാണാറുണ്ട്. ഇതു പേടികൊണ്ടോ, തെറ്റുധാരണ കൊണ്ടോ ആവാം. കായികമേളകളില്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കണം. എല്ലുകള്‍ കൂടുതല്‍ ബലമുള്ളതാക്കുന്നതിനും ആര്‍ത്തവവിരാമത്തിനുശേഷം ഉണ്ടാകുന്ന എല്ലുസംബന്ധമായ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നത്തിനും വ്യായാമം ശീലമാക്കുന്നത് നല്ലതാണെന്ന് മനസിലാക്കികൊടുക്കാം.

ആര്‍ത്തവം നേരത്തെ ഉണ്ടാകുന്ന കുട്ടികള്‍ മോശം കൂട്ടുകെട്ടുകളില്‍ ചെന്നെത്താനും അതിലൂടെ മയക്കുമരുന്നിന് അടിമയാകാനും, ലൈംഗിക പരീക്ഷണങ്ങള്‍ക്കു മുതിരാനും സമൂഹവിരുദ്ധ കാഴ്ചപ്പാടുകള്‍ കൈക്കൊള്ളാനും സാധ്യതയുള്ളതായി നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അമ്മമാര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കേണ്ട കാര്യങ്ങള്‍

* ആര്‍ത്തവം ഒരു അസുഖം അല്ലെന്നും അത് എല്ലാ സ്ത്രീകളിലും ഉണ്ടാകുന്ന ഒരു പ്രക്രിയയാണെന്നും മനസിലാക്കിക്കൊടുക്കണം.

* തുടക്കത്തിലേ കുറച്ചു വര്‍ഷങ്ങള്‍ ആര്‍ത്തവചക്രം ക്രമവിരുദ്ധമായിരിക്കാം. ആര്‍ത്തവം ഉണ്ടാകുന്നതിനുമുന്‍പു ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിനുള്ള തയാറെടുപ്പുകളും കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിലൂടെ അപ്രതീക്ഷിതമായി ആര്‍ത്തവം വരുമ്പോഴുണ്ടാകുന്ന മനോവിഷമങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

* ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അമ്മമാരെ അറിയിക്കുന്നതു കുട്ടിയുടെ സംശയങ്ങളും തെറ്റിധാരണകളും മാറ്റുന്നതിനു സഹായിക്കും. ഇത്തരത്തിലുള്ള പങ്കുവയ്ക്കലിലൂടെ കുട്ടികളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചു മനസിലാക്കാന്‍ അമ്മമാര്‍ക്കു സാധിക്കും.

* ശരീര ശുചിത്വത്തിന്റെയും ആര്‍ത്തവശുചിത്വത്തിന്‍റേയും പ്രാധാന്യം കുട്ടിക്കു പറഞ്ഞു കൊടുക്കണം.

കേരളസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്പ്‌മെന്റിന്റെ സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാര്‍, അംഗണവാടികളില്‍ നടത്തിവരുന്ന പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ക്ലാസുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. ഈ ക്ലാസ്സുകളില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ നല്ലതും ചീത്തയുമായ സ്പര്‍ശനത്തെക്കുറിച്ചും മോശമായ സ്പര്‍ശനം ഉണ്ടായാല്‍ അത് എങ്ങനെ ഒഴിവാക്കാമെന്നും പഠിപ്പിക്കുന്നുണ്ട്.

കെ.ജി. കിരണ്‍
ഫോറന്‍സിക് ന്യൂറോ സൈക്കോളജിസ്റ്റ്, മൈന്‍ഡ് സ്‌കേപ്പ് കൗണ്‍സലിംഗ് സെന്‍റര്‍, തൃശൂര്‍