ഡബിള്‍ ഡക്കറില്‍ ഒരു വിവാഹ യാത്ര
ഡബിള്‍ ഡക്കറില്‍ ഒരു വിവാഹ യാത്ര
ബൈക്കിലും കാറിലുമൊക്കെ യാത്ര ചെയ്യുന്നതിനേക്കാള്‍ രസകരമായ യാത്രയാണ് കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസുകള്‍ നമുക്കു സമ്മാനിക്കുന്നത്. അപ്പോള്‍ ഒരു വിവാഹ യാത്ര തന്നെ കെഎസ്ആര്‍ടിസി ബസില്‍ ആയാലോ? മുന്‍പൊക്കെ ഇത്തരത്തില്‍ ഒന്ന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 10,000 രൂപയ്ക്ക് ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാം. തിരുവനന്തപുരത്തും അങ്കമാലിയിലും നഗരഹൃദയങ്ങളിലൂടെ ഓടുന്ന ഡബിള്‍ ഡക്കര്‍ ബസുകളാണ് വാവാഹ ആവശ്യങ്ങള്‍ക്കും സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ തുടങ്ങിയ ന്യൂജന്‍ ആഘോഷങ്ങള്‍ക്കുമായി വിട്ടു നല്‍കുന്നത്.

കെഎസ്ആര്‍ടിസി അടുത്തിടെ ആവിഷ്‌കരിച്ച പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ ഗണേഷും ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ രാജപ്രൗഡിയില്‍ സര്‍വീസ് നടത്തിയ ഡബിള്‍ ഡക്കര്‍ ബസിലെ ആദ്യ ഫോാേഷൂട്ട് നടത്തിയത്. അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡബിള്‍ ഡക്കര്‍ ബസും ആഘോഷങ്ങള്‍ക്കായി ലഭിക്കും. ഇതിന്റെ ആദ്യ ഫോട്ടോ ഷൂട്ട് കൊച്ചി വിമാനത്താവള റോഡില്‍ നടന്നു. കോട്ടയം പാമ്പാടി സ്വദേശി എല്‍ദോ തോമസും പിറവം സ്വദേശിനി അനിലയുമായിരുന്നു ഇവിടെ ഡബിള്‍ ഡക്കറില്‍ ആദ്യമായി ഫോട്ടോഷൂട്ട് നടത്തിയത്.

എട്ടു മണിക്കൂറിന് 10,000 രൂപ വാടക നല്‍കിയാല്‍ 50 കിലോ മീറ്റര്‍ ദൂരത്തില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിന്റെ ഈ സര്‍വീസ് ലഭിക്കും. അധികമുള്ള കിലോമീറ്ററുകള്‍ക്ക് അധിക വാടക നല്‍കണം. ഏജന്റുമാര്‍ക്കും ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക കമ്മീഷന്‍ വ്യവസ്ഥയിലും പദ്ധതി നടപ്പാക്കുന്നുണ്ട്.വ്യത്യസ്തമായൊരു യാത്ര

കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന വര്‍ധനവിനു വേണ്ടിയാണ് ഇത്തരം പദ്ധതി കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. ബസിന്റെ ഒരു നില ആഘോഷങ്ങള്‍ക്കും ഒരു നില കുടുംബത്തോടൊപ്പമുള്ള യാത്രക്കുമായായിരിക്കും ക്രമീകരിക്കുക. ലണ്ടനിലെ ആഫ്റ്റര്‍ നൂണ്‍ ടീ ബസ് ടൂറിന്റെ മാതൃകയില്‍ ആണ് കെഎസ്ആര്‍ടിസി ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്തും അങ്കമാലിയിലും ഇതിനകം നിരവധി ഏജന്‍സികളും വ്യക്തികളും ഫോട്ടോ ഷൂട്ടിനും മറ്റു പരിപാടികള്‍ക്കുമായി ബസുകള്‍ ബുക്കു ചെയ്തു കഴിഞ്ഞു.

ആനപ്പുറത്തിരുന്നു യാത്ര ചെയ്യുന്നതുപോലെ തന്നെ വ്യത്യസ്തമാണ് ഈ ഡബിള്‍ ഡക്കര്‍ ബസിലെ യാത്ര. ആദ്യമായി ഇരുനില ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കു തികച്ചും വ്യത്യസ്തമായ അനുഭവമാകും ഈ യാത്ര സമ്മാനിക്കുക. ഡബിള്‍ ഡക്കര്‍ ബസിന്റെ മുകളിലത്തെ നിലയാണ് യാത്രയുടെ വ്യത്യസ്തത പകരുന്നത്. സാധാരണ ബസ് യാത്രകളില്‍ നിന്നു വ്യത്യസ്തമായി ഉയരത്തില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കാമെന്നതാണ് പ്രത്യേകത. തികച്ചും രാജകീയമായ യാത്രയാണ് ഡബിള്‍ ഡക്കര്‍ ബസ് നമുക്കു നല്‍കുക. വിവാഹ ആവശ്യങ്ങള്‍ക്കു മാത്രമല്ല ബര്‍ത്ത് ഡേ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ക്കും ബസ് വാടകയ്ക്കു ലഭിക്കും. ബുക്കിംഗിനായി ബന്ധപ്പെടാവുന്ന നമ്പര്‍ 9495099901

റിച്ചാര്‍ഡ് ജോസഫ്