വീടിന്‍റെ ഭംഗി നിർണയിക്കുന്നതിൽ കർട്ടണുളുടെ പങ്ക്
വീടിന്‍റെ ഭംഗി നിർണയിക്കുന്നതിൽ കർട്ടണുളുടെ പങ്ക്
വീട്ടകങ്ങളെയും പുറങ്ങളെയും ആകർഷകമാക്കാൻ ഏറ്റവും എളുപ്പമാർഗം കർട്ടണുകളാണ്. കാലാകാലങ്ങളായി മലയാളിയുടെ വീട് സ്വപ്നങ്ങൾക്കൊപ്പം കർട്ടണുകളുമുണ്ട്. സ്വന്തമായി തയിച്ചിടുന്ന തുണി കർട്ടണുകൾ മുതൽ ആയിരങ്ങൾ മുടക്കി ഇറക്കുമതി ചെയ്യുന്ന കർട്ടണുകൾ വരെ മലയാളികളുടെ വീടകങ്ങളെ മനോഹരമാക്കുന്നു.

വീടിന്‍റെ അലങ്കാരപ്പണികളിൽ പ്രകടമാകുന്നത് ഓരോരുത്തരുടെയും അഭിരുചികളും ഇഷ്ടങ്ങളുമാണ്. ഒരു നല്ല താമസ സ്ഥലമായി വീട് മാറണമെങ്കിൽ വീടിന്‍റെ ഉൾഭാഗം അഴകോടെ ഡിസൈൻ ചെയ്യണം.

പലർക്കും അറിയില്ല വീടിന്‍റെ അകത്തളങ്ങൾ ഭംഗിയാക്കുന്നതിൽ കർട്ടനുകൾക്കുള്ള പങ്ക്. പലർക്കും കർട്ടൻ സ്വകാര്യത സൂക്ഷിക്കുന്ന ഒരു തുണി മാത്രമാണ്. ഒരു വീടിന്‍റെ ഭംഗി നിശ്ചയിക്കുന്നത് കർട്ടണിന്‍റെ നിറങ്ങളാണ്. ചുവരുകളിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രവേലകൾക്കൊന്നും നൽകാനാവാത്ത അഴകാണ് നല്ല നിറവും ക്വാളിറ്റിയുമുള്ള കർട്ടണ്‍ നൽകുക.

കർട്ടണുകൾ പലവിധം

രണ്ടു വർഷത്തിനപ്പുറം ഒരുവിധം കർട്ടണ്‍ സ്റ്റിച്ചിംഗ് യൂണിറ്റുകളെല്ലാം പൂട്ടിപ്പോയെങ്കിലും സ്റ്റിച്ച് ചെയ്തു വരുന്ന കർട്ടണുകൾക്കു ഡിമാൻഡ് ഒട്ടും കുറവ് വന്നിട്ടില്ല.

അറേബ്യൻ കർട്ടണുകൾ, ഓഫീസ് കർട്ടണുകൾ, ബാംബൂ, ക്ലോത്ത്, റോമൻ തുടങ്ങി വിവിധം തരം കർട്ടണുകളാണ് വിപണിയെ അടക്കി വാണുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ട്രെൻഡായ റോമൻ ബ്ലൈൻഡും സീബ്രാ ബ്ലൈൻഡും സാധാരണ റെഡിമെയ്ഡ് കർട്ടണുകൾക്കുമാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. വുഡൻ ബ്ലൈൻഡ്, വെനീഷ്യൻ ബ്ലൈൻഡ് തുടങ്ങിയ കർട്ടണുകളും ട്രെൻഡിംഗ് ലിസ്റ്റിലുണ്ട്.

സ്റ്റീലിന്‍റെയും ഫൈബറിന്‍റെയും റിംഗുകളും പൈപ്പുകളുമായി ബന്ധിപ്പിച്ച് ജനാലകൾ അലങ്കരി ക്കുന്ന സാധാരണ കർട്ടണുകൾ മുതൽ ഫൈബർ മെറ്റീരിയലിൽ തന്നെ ചുറ്റിവരിഞ്ഞെടുക്കുന്ന കർട്ടണുകൾ വരെ ആളുകൾ ചോദിച്ചു വാങ്ങുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

ആഡംബരത്തിന്‍റെ ചിഹ്നങ്ങളായിരുന്ന ലിനൻ സ്യൂട്ട് മുതൽ പോളിസ്റ്റർ, സിൽക്ക്, കോട്ടണ്‍ തുണികൾക്കു വരെ ഇന്നും ആവശ്യക്കാരുണ്ട്. ബജറ്റ് നോക്കി കർട്ടനിടുന്നതിൽ നിന്നു മാറി ഇഷ്ടപ്പെട്ട നിറങ്ങൾക്കും വീടിന്‍റെ ഇണക്കത്തിനും പറ്റിയ തരത്തിലുള്ള കർട്ടണുകളുടെ ഇനങ്ങൾ ആളുകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

റെഡിമെയ്ഡ് കർട്ടണ്‍

ഏറ്റവും ചെലവ് ചുരുങ്ങിയ കർട്ടണാണിത്. സാധാരണ തുണിയിൽ സ്റ്റീലോ ഫൈബറോ റിംഗുകളും പൈപ്പുകളും ഉപയോഗിച്ച് ഒരു ജനലിന് ഏകദേശം 900 രൂപ നിരക്കിൽ ഇത്തരം കർട്ടണുകൾ ചെയ്തെടുക്കാം. തുണിയുടെ തരവും ക്വാളിറ്റിയും പൈപ്പിന്‍റെയും റിംഗിന്‍റെയും മാറ്റവും അനുസരിച്ച് വിലയും ഉയരും.

അറബിക് കർട്ടണ്‍

നിലവിൽ ഔട്ട് ഓഫ് ഫാഷനായ മോഡലാണെങ്കിലും ഇതിന് ഇപ്പോഴും ആവശ്യക്കാരുണ്ട്. 4000 രൂപയോളം നേരത്തേ വിലയുണ്ടായിരുന്ന ഈ കർട്ടണുകൾ ഇപ്പോൾ 1000 മുതൽ 1500 വരെ രൂപ നിരക്കിൽ ലഭ്യമാണ്.

വെർട്ടിക്കൽ ബ്ലൈൻഡ്

ഓഫീസുകൾക്കിണങ്ങുന്ന കർട്ടണുകളാണ് ഇവ. ചെലവ് ചുരുക്കി സ്റ്റാൻഡേർഡ് ഓഫീസ് റൂമിന് ഉചിതമായ രീതിയിൽ ചെയ്തെടുക്കാമെന്നതാണ് ഈ കർട്ടണുകളുടെ പ്രത്യേകത. പല കളറുകളിൽ മിക്സ് ചെയ്തും ഒരു കളറിലായും ഇതു സെറ്റ് ചെയ്യുന്നുണ്ട്. വീടുകളിലെ റഫ് ഉപയോഗത്തിന് ഇത്തരം കർട്ടണുകൾ പറ്റില്ല. വേഗം ഡാമേജുകളുണ്ടാകുമെന്നതുതന്നെ കാരണം. സ്ക്വയർഫീറ്റിന് 80 രൂപ നിരക്കിൽ 1500 രൂപയ്ക്ക് ഒരു ജനലിന് എന്ന രീതിയിലാണ് ഇപ്പോൾ വിപണി വില.

റോമൻ ബ്ലൈൻഡ്

പ്ലെയിൻ ക്ലോത്തിനെ ലെയറുകളാക്കി മടക്കി സ്റ്റിച്ച് ചെയ്താണ് റോമൻ ബ്ലൈൻഡ്സ് കർട്ടണുകൾ ചെയ്തെടുക്കുന്നത്. ത്രെഡ്, ചെയിൻ, ക്ലിപ്പിംഗ് രീതിയിലെല്ലാം ഈ കർട്ടണുകൾ ചെയ്തിടാനാകും. കർട്ടണ്‍ ഉയർത്തുന്പോൾ ക്ലോത്ത് ലെയറുകളായി മടങ്ങി മുകളിലേക്കുചേർന്ന് കിടക്കും എന്നതാണ് ഈ കർട്ടണുകളുടെ പ്രത്യേകത. 2500 രൂപ മുതലാണ് ഈ കർട്ടണുകളുടെ വിപണി വില.

വെനീഷ്യൻ ബ്ലൈൻഡ്

അടുക്കളകളിലേക്കാണ് ഇത്തരം കർട്ടണുകൾ കൂടുതലായും ഉപയോഗിക്കുന്നത്. ക്ലോസിംഗ്, ഓപ്പണിംഗ് രീതിയിൽ കർട്ടണ്‍ ഇടാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. അഴികളുള്ള ജനലിന്‍റെ ഫീൽ കർട്ടണ്‍ ഇട്ടിരിക്കുന്പോൾ തന്നെ ലഭിക്കും. അലൂമിനിയത്തിലാണ് ഇതു ചെയ്തെടുക്കുന്നത്. 2000 രൂപ നിരക്കിലാണ് വിപണി വില.

റോളർ ബ്ലൈൻഡ്

ഒറ്റപ്പാളി ഷീറ്റായി ചെയ്തെടുക്കുന്ന ഇത്തരം കർട്ടണുകൾ മുറികൾക്ക് നൽകുന്ന ഭംഗി ചെറുതല്ല. ജനാലകളുടെ വശങ്ങ ളിൽ ഫ്രൈമിംഗ് കൂടിയാകുന്പോൾ മുറിയുടെ ഭംഗി ഇരട്ടിയാകും. പ്ലൈവുഡിൽ ചെയ്തെടുക്കുന്ന ഫ്രൈമുകളടക്കം 5000 രൂപ യോളമാണ് ഒരു ജനലിനു ചെലവാകുന്ന തുക.

സീബ്രാ ബ്ലൈൻഡ്

കർട്ടണുകൾ എന്ന പേരിനെ ഇപ്പോൾ അഡ്രസ് ചെയ്യുന്നത് സീബ്രാ ബ്ലൈൻഡാണ്. ബ്രാൻഡുകൾ അനുസരിച്ച് വില മാറുമെങ്കിലും ഏകദേശം ഒരു ജനലിന് 2000 മുതൽ 2500 വരെ രൂപ നിരക്കിൽ ചെയ്തെടുക്കാനാകും. ക്രോസ് കർട്ടനിൽ നെറ്റ് വരുന്ന കർട്ടണുകളാണ് സീബ്രാ ബ്ലൈൻഡ്.

കർട്ടണ്‍ ഇട്ടാലും മുറിയിലേക്ക് വെളിച്ചം കടക്കാൻ ഇത്തരം കർട്ടണുകൾ സഹായിക്കുമെന്നതാണ് ഈ കർട്ടണുകളെ ആളുകൾക്ക് പ്രിയങ്കരമാക്കുന്നത്. നോർമൽ കളറുകളും പ്രിൻഡ്, ത്രീഡി ചിത്രങ്ങൾ പ്രിൻഡ് ചെയ്തത് എന്നിങ്ങനെ വിവിധ ഇനം സീബ്രാ ബ്ലൈൻഡ്സ് കർട്ടണുകൾ വിപണിയിൽ ലഭ്യമാണ്. ഡാർക്ക് കോഫി, വുഡണ്‍, ഗ്രേ തുടങ്ങിയ നിറങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.


ബാംബൂ കർട്ടണ്‍

വീടിന്‍റെ അകത്തും പുറത്തും ഉപയോഗിക്കാനാവുമെങ്കിലും സിറ്റൗട്ടുകളിലാണ് ഇത്തരം കർട്ടണുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. സ്ക്വയർഫീറ്റിന് 90 മുതൽ 100 വരെ രൂപ നിരക്കിലാണ് ബാംബൂ കർട്ടണുകൾക്ക് വില.

ബജറ്റ്

മൂന്ന് ജാലകങ്ങളുള്ള ജനലിന് മൂന്ന് പീസ് തുണിയും ഒരു പൈപ്പും പണിക്കൂലിയുമടക്കം 900 രൂപയ്ക്ക് ചെയ്തെടുക്കുന്ന സാധാരണ കർട്ടണുകൾ മുതൽ പ്രഫഷണൽ ലുക്ക് നൽകുന്ന ഒരു പീസിന് 1500 മുതൽ 5000 വരെ രൂപ വരുന്ന കർട്ടണുകൾ വരെയാണ് ഇപ്പോൾ ആവശ്യക്കാർ ചോദിച്ചു വാങ്ങുന്നത്. ഓരോരുത്തരുടെയും താൽപര്യങ്ങൾക്കനുസരിച്ച് കർട്ടണുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

വാൾ പേപ്പറുകൾ

കർട്ടണുകൾക്കൊപ്പം മുറികൾ അലങ്കരിക്കാൻ ഇപ്പോൾ വാൾ പേപ്പറുകളും ഉപയോഗിക്കുന്നുണ്ട്. ഒരു ചുമരിൽ ഒട്ടിക്കാൻ ഏകദേശം രണ്ട് റോൾ മതിയാകും. ഒരു റോളിന് ഓണ്‍ലൈനുകളിൽ 250 രൂപ മുതലും ബ്രാൻഡ് മാറുന്നതിനനുസരിച്ച് 3000 രൂപ വരെ വിപണിയിലും ലഭ്യമാണ്.

തെരഞ്ഞെടുക്കാം നിറം നോക്കി

ഓരോരുത്തരുടെയും ഇഷ്ടാനുസരണം കർട്ടണുകളുടെ നിറം തെരഞ്ഞെടുക്കുന്നതാണ് നല്ലതെങ്കിലും വർണ വൈവിധ്യത്തിനപ്പുറം ഓരോ നിറങ്ങളുടെയും പ്രത്യേകത കർട്ടണുകൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മണ്ണിന്‍റെ നിറം

ചിലർക്ക് മണ്ണിന്‍റെ നിറം ഇഷ്ടമായിരിക്കും. കാണാനഴകുള്ളതാണ് മണ്‍ നിറം. ഇളം തവിട്ടുനിറമാണ് ചുവരുകൾക്കെങ്കിൽ കർട്ടണുകൾക്ക് മണ്ണിന്‍റെ നിറം നൽകിയാൽ കാണാൻ നല്ല ചന്തമുണ്ടായിരിക്കും. ലളിതമായ കർട്ടണുകൾക്ക് പകരം അലങ്കരിച്ച കർട്ടണുകളായിരിക്കും നല്ലത്.

ചുവപ്പ്

പ്രകാശമയമായും മനോഹരമായതുമായ കാഴ്ച നൽകുന്നവയായിരിക്കും ചുവന്ന കർട്ടണുകൾ. ശൈത്യകാലത്തിനു പറ്റിയ നിറം. തണുപ്പിനെ നേരിടാൻ പറ്റിയ ആവരണം.

മഞ്ഞ നിറം

ആർക്കും പെട്ടെന്ന് പിടിനൽകാത്തതും അഴകുള്ളതുമാണ്. ചുവരുകൾക്കു ഭംഗിയും നൽകും. ആവശ്യത്തിനു വെളിച്ചം മുറിക്കുള്ളിലേയ്ക്കു കടത്തിവിടുകയും ചെയ്യും. ചുവരിനും നിലത്തിനും യോജിക്കുമോ എന്നു കൂടി നോക്കണം.

ഓറഞ്ച്

ശൈത്യകാലത്തിനു തീർത്തും അനുയോജ്യമായ നിറം. വീടിന് ആധുനിക ലുക്കു കിട്ടുകയും ചെയ്യും. നല്ല ശോഭയാർന്ന നിറമായതിനാൽ വീടിന്‍റെ സൗന്ദര്യം കൂട്ടും.

ബോൾഡ് കളറുള്ള കർട്ടണുകൾ

അലങ്കരിക്കാത്ത ചുവരുകളാണ് നിങ്ങളുടെ വീടിനെങ്കിൽ, മങ്ങിയ കാഴ്ചയാണെങ്കിൽ ബോൾഡ് കളേർഡ് കർട്ടണുകളായിരിക്കും ഉചിതം. ചുവരുകളുടെ യഥാർഥ ഭംഗി പുറത്തുകൊണ്ടു വരാൻ ഇവ സഹായിക്കും.

കരിഞ്ചുവപ്പ്

വീട്ടിലെ മര ഉപകരണങ്ങളോടു സാദൃശ്യപ്പെട്ടു നിൽക്കുന്ന നിറമായിരിക്കും കരിഞ്ചുവപ്പ്. മുറിയിലെ വെളിച്ചവും കർട്ടണ്‍ നിറവും കൂടി മുറിയുടെ സൗന്ദര്യം വർധിപ്പിക്കും.

വിന്‍റർ ബ്ലൂ

ശൈത്യകാലത്തിന് അനുയോജ്യമായ നിറമാണ് നീല. വീടിന്‍റെ അലങ്കാരത്തിനു നല്ല ഭംഗി നൽകും ഈ നിറം. ലിവിംഗ്റൂമിനും ഡൈനിംഗ് റൂമിനും പറ്റിയ കർട്ടണ്‍ നിറം. ഡ്രോയിംഗ് മുറിയിലും കുട്ടികളുടെ മുറിയിലും വേറെ നിറങ്ങളായിരിക്കും നല്ലത്.

കർട്ടണ്‍ ഇടുന്നതിനു മുന്പ് ശ്രദ്ധിക്കാം

പലപ്പോഴും വീട്ടിലെ കർട്ടണ്‍ തിരഞ്ഞെടുക്കുന്പോൾ ചിലർക്കെങ്കിലും തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റാറുണ്ടെന്നതാണ് സത്യം. ശരിയായ കർട്ടണ്‍ തിരഞ്ഞെടുക്കാൻ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

1. ഉയരം

ഒരു കർട്ടണ്‍ സിലക്ട് ചെയ്യുന്പോൾ ആദ്യം പരിഗണിക്കേണ്ട കാര്യം അതിന്‍റെ ഉയരമാണ്. ജനാലയുടെയോ വാതിലിന്‍റെയോ മുകളിൽ നിന്നു തുടങ്ങി തറയിൽ നിന്ന് ഒരൽപ്പം പൊങ്ങി നിൽക്കുന്ന രീതിയിലായിരിക്കണം. ഒരു ട്രഡിഷണൽ ലുക്ക് കിട്ടാൻ വേണ്ടി തറയിലേക്കു ഞാന്ന് കിടക്കുന്ന കർട്ടണും തിരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ജനാലയുടെ ഉയരം കൂടുതൽ തോന്നിക്കണമെങ്കിൽ കർട്ടന്‍റെ മുകൾ വശത്തെ നീളത്തിൽ കുറച്ച് അധികം കരുതാം.

2. നിറം

മുറിയിലെ പെയിന്‍റിംഗിന്‍റെ നിറത്തിന് അനുസരിച്ചാ യിരിക്കണം കർട്ടണ്‍ തിരഞ്ഞെടുക്കേണ്ടത്. പെയിന്‍റിംഗിന്‍റെ നിറവുമായി ചേർന്നു പോകുന്നതല്ലെങ്കിൽ കൂടി എല്ലാ മുറിയിലും ഒരേ തീമിലുള്ള കർട്ടണ്‍ തിരഞ്ഞടുക്കുന്നതാണ് നല്ലത്. കടും നിറത്തിലുള്ള കർട്ടണ്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

3. തുണി

വളരെ വേഗത്തിൽ മാറ്റാൻ കഴിയുന്നവയാണ് കർട്ടന്‍റെ തുണി. അതുകൊണ്ടു വർഷത്തിലൊരിക്കൽ കർട്ടണ്‍ മാറ്റുന്നത് നല്ലതായിരിക്കും. അതു മുറിയ്ക്കു നല്ല ഫ്രഷ്നസും വൃത്തിയും നൽകും. എന്നാൽ ഇങ്ങനെ മാറ്റാൻ താൽപര്യമില്ലെങ്കിൽ നല്ല മെറ്റീരിയൽ തന്നെ ഉപയോഗിക്കണം. അധികം കട്ടിയില്ലാത്ത തുണിയാണ് വേണ്ടതെങ്കിൽ ലിനനോ കോട്ടണോ തിരഞ്ഞെ ടുക്കാം. ഇനി കട്ടിയുള്ളതിനോടാണു താൽപര്യമെങ്കിൽ തുകലോ വെൽവെറ്റോ എടുക്കാം.

4. ഏതു വേണം

ഇപ്പോൾ വിപണിയിൽ നിരവധി സ്റ്റൈലുകളിലുള്ള കർട്ട ണുകൾ ലഭ്യമാണ്. പ്ലീറ്റഡ് കർട്ടണ്‍, സ്കാലപ്, പെൽമറ്റ്, വാലൻസ് കർട്ടണുകൾ, നൂൽ കർട്ടണുകൾ, ലൂപ്പ് കർട്ടണുകൾ, ബ്ലൈൻഡുകൾ, ബാംബൂ കർട്ടണുകൾ എന്നിവയിൽ നിന്നും വീടിന് അനുയോജ്യമായതു തിരഞ്ഞെടുക്കുക.

5. സ്വകാര്യതയും വെളിച്ചവും

മുറിയിൽ കർട്ടണ്‍ ഇടുന്നതിന്‍റെ പ്രധാന ലക്ഷ്യം സ്വകാര്യ തയാണ്. രണ്ടിടങ്ങളെ തമ്മിൽ മറയ്ക്കാനാണ് കർട്ടണെങ്കിലും ഇവ തമ്മിൽ ഒരു ബന്ധവുമില്ലെന്ന തോന്നൽ ഉണ്ടാകരുത്. ആവശ്യത്തിന് വെളിച്ചം കിട്ടുന്ന കട്ടികുറഞ്ഞ കർട്ടണുകളാ യിരിക്കും നല്ലത്. ഇനി സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്നവരാണെങ്കിൽ കട്ടികൂടിയ കർട്ടണുകൾ തന്നെ വാങ്ങാം.

ആദിൽ മുഹമ്മദ്
വിവരങ്ങൾക്ക് കടപ്പാട്: ജനോല കർട്ടണ്‍സ്, നെല്ലാങ്കണ്ടി, വാവാട്, കൊടുവള്ളി, കോഴിക്കോട്.