മൂലധനനേട്ടവും ആദായനികുതിയും
മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (കാപ്പിറ്റൽ അസറ്റ്) വിറ്റ് കിട്ടു ന്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്ന് പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായി വേർതിരിക്കാം.

1. ഹ്രസ്വകാല മൂലധനനേട്ടം
2. ദീർഘകാലമൂലധനനേട്ടം
മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നത് നികുതിദായകന്‍റെ സ്വത്തുക്കളാണ്. അവ ബിസിനസുമായോ പ്രൊഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല.
എന്നാൽ ചുവടെ പറയുന്ന സ്വത്തുക്കൾ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല.

* വ്യാപാരസ്ഥലത്തെ സ്റ്റോക്ക് ഇൻ ട്രേഡ്
* വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ വസ്ത്രങ്ങൾ, ഫർണിച്ചർ, പാത്രങ്ങൾ മുതലായവ
* നഗരപരിധിയിലല്ലാത്ത കൃഷിഭൂമി
* 6.5% ഗോൾഡ് ബോണ്ട്സ് 1977, 7% ഗോൾഡ് ബോണ്ട് 1980, നാഷണൽ ഡിഫൻസ് ഗോൾഡ് ബോണ്ട് 1980
* സ്പെഷൽ ബെയറർ ബോണ്ട് 1991
* 1999 ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട്
* 2015 ലെ ഗോൾഡ് മോണിറ്റെസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ.
വ്യക്തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്താവുന്നതല്ല.
* ജ്വല്ലറി
* പുരാവസ്തുക്കൾ
* ഡ്രോയിംഗ്സ്, പെയിന്‍റിംഗ്സ് മുതലായവ
* ആർട്ട് വർക്കുകൾ
* എന്നാൽ വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെ തന്നെ ഫർണിച്ചറും മറ്റും സ്വർണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കും.

കൃഷിഭൂമിയുടെ നഗരപരിധി

കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുത സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തേയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്.
പതിനായിരത്തിൽ താഴെ ജനവാസമുള്ള മുൻസിപ്പൽ ഏരിയാകളായ കൃഷിഭൂമികൾ, 10,000 നും 100,000 നും ഇടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയുടെയും രണ്ടു കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.

ഒരു ലക്ഷത്തിനു മുകളിലും 10 ലക്ഷത്തിൽ താഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്ന് ആറു കിലോമീറ്റർ ചുറ്റളവിലും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്നും എട്ടു കിലോമീറ്റർ ചുറ്റളവിലും ഉള്ള സ്ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല.

ഒരു മൂലധന ആസ്തി ബിസിനസിൽ ഉപയോഗിച്ചു എന്ന് കരുതി അവ മൂലധന ആസ്തിയായിതന്നെ കണക്കാക്കാം. എന്നാൽ തേയ്മാന ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ, അവ വിൽക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് വാങ്ങിച്ചിരിക്കുന്നതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല. മറിച്ച് സ്റ്റോക്ക് ഇൻ ട്രേഡ് ആയി മാത്രമാണ് കണക്കാക്കുന്നത്.

ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും

ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭൂമി, കെട്ടിടങ്ങൾ എന്നിവ 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരുന്നാൽ അത് ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കും.


അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികൾ, ഇക്വറ്റി ഷെയറുകൾ അടിസ്ഥാനപ്പെടുത്തി ഉള്ള മ്യൂച്വൽ ഫണ്ടുകൾ, ലിസ്റ്റഡ് സെക്യൂരിറ്റികൾ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകൾ തുടങ്ങിയവ ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചുകഴിഞ്ഞാൽ അവയെ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്.
എന്നാൽ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ നിലവിൽ രണ്ട് വർഷത്തിൽ കൂടുതൽ കൈവശം വച്ചുകഴിഞ്ഞാൽ മാത്രമേ അവ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുകയുള്ളു. ഈ പരിഷ്കാരം 2016-17 സാന്പത്തിക വർഷം മുതലാണ് പ്രാബല്യത്തിൽ വന്നത്. അതിനു മുന്പുള്ള വർഷങ്ങളിൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കണമായിരുന്നെങ്കിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രസ്തുത ഓഹരികൾ കൈവശം വയ്ക്കണമായിരുന്നു.

മൂലധനനേട്ടത്തിനുള്ള നികുതി

മൂലധനനേട്ടത്തിനുള്ള നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലധനനേട്ടമാണോ ദീർഘകാല മൂലധന നേട്ടമാണോ എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വ്യത്യസ്തരീതിയിലാണ് നികുതി.
ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കി, അവ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം ഒരു ലക്ഷം രൂപ വരെ നികുതിയിൽനിന്ന് ഒഴിവുള്ളതുമാണ്. ഒരു ലക്ഷത്തിൽ മുകളിൽ ലഭിക്കുന്ന മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നൽകണം.

എന്നാൽ പ്രസ്തുത കാലാവധി കൈവശം വയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15 ശതമാനമാണ് നികുതി. ഇതിനു പുറമേ ബാധകമാകുന്ന സെസും സർച്ചാർജും നൽകണം.
അതുപോലെ തന്നെയാണ് ഓഹരികളെ അടിസ്ഥാനപ്പെടുത്തി ഉള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടേയും നികുതി കണക്കാക്കുന്നത്. ഓഹരികളെ അടിസ്ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10 (23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം.

അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്‍റെ 65 ശതമാനം ഡൊമസ്റ്റിക്ക് കന്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യവും കൈവശം വയ്ക്കേണ്ട കാലാവധി ഒരു വർഷമായി കണക്കാക്കപ്പെടുകയും ചെയ്യുകയുള്ളു. ഇവ ആദായനികുതി നിയമം വകുപ്പ് 11 എയിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത ഓഹരികൾ ആദായനികുതിയിൽനിന്നും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പിരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളു.