പ്രവാസികൾക്ക് ഇന്ത്യയിൽ സ്ഥാവരജംഗമ വസ്തുക്കൾ സന്പാദിക്കാൻ കഴിയുമോ
പ്രവാസികൾക്ക് ഇന്ത്യയിൽ  സ്ഥാവരജംഗമ വസ്തുക്കൾ  സന്പാദിക്കാൻ കഴിയുമോ
Monday, December 9, 2019 2:58 PM IST
വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ ജന്മാവകാശം ഉള്ളതും മറുനാട്ടിൽ താമസിക്കുന്നവർക്കും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഫാംഹൗസും റിയൽ എസ്റ്റേറ്റും ഒഴികെയുള്ള സ്വത്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള അവകാശമുണ്ട്. ഇവയിൽ വീടും വസ്തുക്കളും ഉൾപ്പെടുന്നു.

ഇന്ത്യയിൽ കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഉള്ള വ്യക്തികൾ വിദേശത്ത് പൗരത്വം സ്വീകരിച്ചാൽ ഈ വിവരം റിസർവ് ബാങ്കിനെ അറിയിക്കണമെന്നാണ് ഫെമാ ചട്ടങ്ങളിൽ പറയുന്നത്. റിയൽ എസ്റ്റേറ്റ് എന്നതിൽ ടൗണ്‍ഷിപ്പുകളും കെട്ടിടസമുച്ചയങ്ങളും സ്കൂളുകളും ഒന്നും ഉൾപ്പെട്ടിട്ടില്ല. എന്നാൽ ഇന്ത്യയിൽ ജന്മാവകാശം ഉണ്ടെങ്കിലും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് സ്വത്തുക്കൾ സ്വന്തമാക്കുന്നത് അനുവദനീയമല്ല. ആവശ്യമെങ്കിൽ സ്വത്തുക്കൾ അഞ്ചു വർഷത്തിൽ കുറഞ്ഞ കാലഘട്ടത്തിലേക്ക് ലീസിന് എടുക്കുന്നതിന് നിയമ തടസമില്ല.
എന്നാൽ പ്രവാസികൾക്ക് റെസിഡൻഷ്യൽ പ്രോപ്പർട്ടികളും കൊമേഴ്സ്യൽ പ്രോപ്പർട്ടികളും വാങ്ങുന്നതിന് ഗവണ്‍മെന്‍റിന്‍റെ പ്രത്യേക അനുവാദം ആവശ്യമില്ല. മാത്രവുമല്ല അവ എത്ര വാങ്ങുന്നതിനും പരിധി നിശ്ചയിച്ചിട്ടുമില്ല. റിസർവ് ബാങ്കിനെ അറിയിക്കേണ്ട ആവശ്യവുമില്ല.
വിദേശത്തു താമസിക്കുന്ന ഇന്ത്യൻ പൗരന് ബാങ്കിംഗ് ചാനലിലൂടെ അയയ്ക്കുന്നതോ എൻആർഇ അല്ലെങ്കിൽ എഫ് സിഎൻആർ അക്കൗണ്ടിലുള്ളതോ ആയ ഫണ്ടുകൾ ഉപയോഗിച്ച് മാത്രമേ സ്വത്തുക്കൾ വാങ്ങാൻ സാധിക്കുകയുള്ളൂ. കൂടാതെ പ്രവാസിയുടെ ഇന്ത്യയിലെ ബാങ്കിൽനിന്ന് ഈ കാര്യത്തിന് ആവശ്യമെങ്കിൽ പണം കടം വാങ്ങാം. ഈ കടം വിദേശപണം ഉപയോഗിച്ചുതന്നെ വീട്ടേണ്ടതാണ്.

വസ്തു വാങ്ങുന്നതിന് ട്രാവലേഴ്സ് ചെക്കോ ഫോറിൻ കറൻസിയോ ഉപയോഗിക്കരുത്. മുകളിൽ പറഞ്ഞ സ്വത്തുക്കൾ ഇദ്ദേഹത്തിന് ഇന്ത്യയിൽ റെസിഡന്‍റ് ആയിട്ടുള്ള വ്യക്തിക്കോ വിദേശ ഇന്ത്യക്കാരനോ വിൽക്കുന്നതിനോ ഇഷ്ടദാനം നൽകുന്നതിനോ നിയമതടസം ഇല്ല.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന് പാരന്പര്യമായി ലഭിച്ച കൃഷിഭൂമി വിൽക്കണമെങ്കിൽ അത് ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന് മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ.

പ്രവാസിക്ക് ജോയിന്‍റ് ഓണർഷിപ്പിൽ സ്വത്തുക്കൾ വാങ്ങാമോ?

പ്രവാസിക്ക് സ്വത്തുക്കൾ സ്വന്തം പേരിലോ അല്ലെങ്കിൽ കൂട്ടായോ വാങ്ങാവുന്നതാണ്. കൂട്ടായി വാങ്ങുന്പോൾ ജോയിന്‍റ് ഓണർ പ്രവാസി തന്നെ ആയിരിക്കണം, കൂട്ടുടമയ്ക്ക് സ്വന്തമായ നിലയിൽ ഇന്ത്യയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് തടസമൊന്നും ഇല്ലെങ്കിൽ മാത്രമേ ജോയിന്‍റ് ഓണർ ആയി ചേർക്കാൻ പാടുള്ളൂ. നിയമപരമായി ഇന്ത്യയിൽ സ്വത്തുക്കൾ ആർജിക്കുന്നതിന് തടസം ഉണ്ടെങ്കിൽ ജോയിന്‍റ് ഓണർഷിപ്പ് നൽകി അത് മറികടക്കാൻ ശ്രമിക്കരുത്.

ഇന്ത്യയിൽ കൃഷിഭൂമിയും ഫാം ഹൗസും ഒക്കെ ഉള്ള ഒരു വ്യക്തി വിദേശത്ത് ജോലിക്കായി പോയാൽ അദ്ദേഹത്തിന്‍റെ ഭൂസ്വത്തുക്കൾക്ക് എന്തെങ്കിലും തടസമുണ്ടാവുമോ ഒരിക്കലുമില്ല. എന്നുമാത്രമല്ല വ്യക്തി വിദേശത്തായിരിക്കുന്പോൾതന്നെ അവ നടത്തുന്നതിനും വരുമാനം നികുതിക്കുശേഷം പ്രോപ്പർ ബാങ്കിംഗ് ചാനലിലൂടെ അദ്ദേഹത്തിന് കരസ്ഥമാക്കുന്നതിനും സാധിക്കും.

പ്രവാസി വാങ്ങിയ സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?

മുകളിൽ സൂചിപ്പിച്ച സ്വത്തുക്കൾ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും ടി ആവശ്യത്തിന് ബാങ്കിൽനിന്നും പണം കടം എടുത്തിട്ടുണ്ടെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉൾപ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമതടസം ഇല്ല. എന്നാൽ താമസത്തിനുവേണ്ടി നിർമച്ച വീടുകളാണ് വില്ക്കുന്നതെങ്കിൽ രണ്ടു വീടുകൾക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്ക് കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നുള്ളൂ.

വിദേശത്ത് താമസിക്കുന്നതും ഇന്ത്യയിൽ ജനിച്ചതല്ലാത്തതുമായ ഒരു വിദേശിക്ക് ഇന്ത്യയിൽ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കിൽ പാരന്പര്യമായി ലഭിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശ പൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർ ഒഴികെ) റിസർവ് ബാങ്കിന്‍റെ അനുവാദത്തോടെ (ഇന്ത്യയിൽ ദീർഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ ആണെങ്കിൽ) ഭൂമി സ്വന്തമാക്കാവുന്നതാണ്.

ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കൾ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്ക് നേരിട്ട് കൊണ്ടുപോകുവാൻ സാധിക്കില്ല.

അത് പ്രവാസിയുടെ എൻആർഒ അക്കൗണ്ടിൽ അടച്ച് നികുതിക്കുശേഷം നിയമപ്രകാരമുള്ള സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്.
വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്കും ഇന്ത്യയിൽ സ്വത്ത് സന്പാദിക്കുന്നതിനു തടസമില്ല. എന്നാൽ അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകൾ നടത്താവൂ.
എന്നാൽ കൃഷിഭൂമിയുടെയും പ്ലാന്‍റേഷന്‍റെയും കാര്യത്തിൽ ഇവർക്കും ഒഴിവ് ഒന്നുമില്ല.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്